കുന്നത്തൂര്‍: ആഹാരത്തിന് വകയില്ലാതെ കഷ്ടപ്പെട്ട കുടുംബത്തിന് സഹായവുമായി മനക്കര കണ്ണമ്പള്ളിക്കാവ് ആര്‍എസ്എസ് ശാഖയിലെ സ്വയംസേവകര്‍ രംഗത്തെത്തി. ശാസ്താംകോട്ട പുന്നക്കാട് പട്ടികജാതി കോളനിയിലെ ശശിഭവനത്തില്‍ ശശിയുടെ കുടുംബത്തിന് സഹായവുമായാണ് സ്വയംസേവകര്‍ രംഗത്തെത്തിയത്. കല്‍പ്പണിക്കാരനായ ശശി രണ്ടുവര്‍ഷം മുമ്പുണ്ടായ അപകടത്തെ തുടര്‍ന്ന് കാല് തളര്‍ന്ന് കിടപ്പിലാണ്.
കുടുംബത്തിന്റെ ഏകവരുമാനമാര്‍ഗം അതോടെ നിലച്ചു. അദ്ദേഹത്തിന്റെ ഭാര്യ രാധ തൊഴിലുറപ്പിന് പോയാണ് കുടുംബം പോറ്റി വന്നിരുന്നത്. എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അതും നിലയ്ക്കുകയായിരുന്നു. തുടര്‍ന്ന് 16 വയസുള്ള ഇവരുടെ മകന് പഠിത്തം പാതിയില്‍ ഉപേക്ഷിച്ചു കൂലിപ്പണിക്കിറങ്ങുകയായിരുന്നു. അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ബുദ്ധിമുട്ടികഴിയുകയായിരുന്നു ഈ കുടുംബം.
കാലില്‍ ഇട്ടിരിക്കുന്ന കമ്പി എടുത്തുമാറ്റേണ്ട സമയം കഴിഞ്ഞതിനാല്‍ മാംസം കമ്പിയിലേക്ക് വളര്‍ന്ന് നീരായി കാല് അനക്കാന്‍ പോലും പറ്റാതെ വേദന തിന്നാണ് ശശിയിപ്പോള്‍ കഴിയുന്നത്. ഈ കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞ കണ്ണമ്പള്ളിക്കാവ് ആര്‍എസ്എസ് ശാഖയിലെ ബാലസ്വയംസേവകര്‍ മുതിര്‍ന്ന കാര്യകര്‍ത്താക്കളെ വിവരം ധരിപ്പിക്കുകയും അവരുടെ കൂടി സഹായത്തോടെ സുമനസുകളായ നാട്ടുകാരുടെ കയ്യില്‍ നിന്നും ഫണ്ട് സ്വരൂപിച്ച് ആ കുടുംബത്തിന് ഒരു മാസത്തേക്കാവശ്യമായ പലചരക്ക്, പച്ചക്കറി, പലവ്യജ്ഞനസാധനങ്ങള്‍ എത്തിക്കുകയായിരുന്നു.
തങ്ങള്‍ ആവശ്യപ്പെടാതെ തന്നെ തങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ടറിഞ്ഞ് സഹായവുമായെത്തിയ സ്വയംസേവകര്‍ നല്കിയ ഭക്ഷണസാധനങ്ങള്‍ ആ കുടുംബം നിറകണ്ണുകളോടെയാണ് ഏറ്റുവാങ്ങിച്ചത്. ആര്‍എസ്എസ് ശാസ്താംകോട്ട മണ്ഡല് കാര്യവാഹക് ഭരണിക്കാവ് ലാല്‍, സഹകാര്യവാഹക് വേങ്ങ സുനില്‍, കണ്ണമ്പള്ളിക്കാവ് ശാഖ മുഖ്യശിക്ഷക് ശരത്, കാര്യവാഹക് വിനോദ്, ശിക്ഷക് അച്ചു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: