കൊച്ചി: സംസ്ഥാന ഗവര്‍ണ്ണര്‍ക്ക് വേണ്ടി റെവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. നിവേദിതാ പി. ഹരന് ഒപ്പ് വെച്ച് 2008 മാര്‍ച്ച് 19-ന് വിജ്ഞാപനം ചെയ്ത മൂലമ്പിള്ളി പുന:രധിവാസപ്പാക്കേജ്ഉത്തരവ് നടപ്പിലാക്കുന്ന കാര്യത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയ സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം അടിയന്തരമായി ഇടപെടണമെന്ന് ദേശീയപാതാ സംരക്ഷണസമിതി ചെയര്മാന് ഹാഷിം ചേന്ദമ്പിള്ളി പ്രസ്താവിച്ചു,
ചേരാനല്ലൂര്‍ എന്‍ബിഎഫ് ഹാളില്‍ ചേര്‍ന്ന കോര്‍ഡിനേഷന്‍ കമ്മറ്റി സംഘടിപ്പിച്ച മൂലമ്പിള്ളി ദിനത്തിന്റെ ഏഴാം വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്തുത ഉത്തരവ് പ്രകാരം ഒഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭിക്കേണ്ട തൊഴില്‍ ഇതുവരെ നല്‍കാത്തത്.ഗവര്ണ്ണറിലുളള ജനങ്ങളുടെ വിശ്വാസത്തെ തകര്‍ത്തു. സര്‍ക്കാര്‍ രേഖാമൂലമുളള ഉറപ്പുപോലും പാലിക്കുന്നില്ലെങ്കില്‍ പിന്നെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലമേറ്റെടുക്കല്‍ ദുഷ്ക്കരമാകും.
ഈ വസ്തുത തന്നെ പ്രതിപക്ഷനേതാവെന്നനിലയില്‍ ഉമ്മന്‍ചാണ്ടി നാല് വര്‍ഷം മുമ്പ് മൂലമ്പിളളി സന്ദര്‍ശിച്ചപ്പോള്‍ പ്രഖ്യാപിച്ചിട്ടുളളതാണ്. മുന്നൂറോളം കുടുംബങ്ങള്‍ക്ക് പോലും പുന:രധിവാസം ഉറപ്പാക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ എങ്ങനെയാണ് ദേശീയപാത 45 മീറ്റര്‍ വികസിപ്പിക്കുമ്പോള്‍ ഒഴിവാക്കപ്പെടേണ്ടി വരുന്ന പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് പുന:രധിവാസം ഉറപ്പാക്കുന്നത് എന്നദ്ദേഹം ചോദിച്ചു.
പുന:രധിവാസ പ്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ ജില്ലാകളക്ടര്‍ അദ്ധ്യക്ഷനായിട്ടുളള നിരീക്ഷണസമിതി അതിന്റെ കര്‍ത്തവ്യങ്ങള്‍ ശരിയായവണ്ണം നിര്‍വ്വഹിക്കാത്തതില്‍ യോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വി.പി. വില്‍സണ്‍ എന്‍. കെ. സുരേഷ്, സാബു ഇടപ്പളളി, മൈക്കിള്‍ കോതാട്, വി.കെ. അബ്ദുള്‍ ഖാദര്‍, ഉണ്ണികൃഷ്ണന് കളമശ്ശേരി, മൂലമ്പിളളി ജോണ്സണ്, മഞ്ഞുമ്മല്‍ യേശുദാസ്, ഇളമക്കര മേരി തുടങ്ങിയവര്‍ സംസാരിച്ചു. പുന:രധിവാസപ്പാക്കേജ് പൂര്‍ണ്ണമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണ്ണര്‍ക്ക് നിവേദനം സമര്‍പ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: