കൊച്ചി: ദേശീയ ഗെയിംസിന്റെ രണ്ടാംപാദം മല്‍സരങ്ങള്‍ക്ക് കൊച്ചിയില്‍ നാളെ വേദികള്‍ ഉണരും. തിങ്കളാഴ്ച മുതലാണ് ഫെന്‍സിങ്, ബാഡ്മിന്റണ്‍ മല്‍സരങ്ങള്‍ക്ക് കൊച്ചിയിലെ സിയാല്‍ കണ്വെന്ഷന് സെന്റര്‍, കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ വേദിയാകുന്നത്.
ഫെന്സിങിനുള്ള താരങ്ങള്‍ ഇന്നലെ തന്നെ കൊച്ചിയിലെത്തിയിട്ടുണ്ട്. ബാഡ്മിന്റണ്‍ താരങ്ങളും സാങ്കേതിക വിദഗ്ധരും കോച്ചുകളും ഇന്നു വൈകീട്ടോടെ എത്തിച്ചേരും. ഇവരെ സ്വീകരിച്ച് അതത് കേന്ദ്രങ്ങളില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങളുമായി വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുകയാണ് ജില്ലയിലെ സ്വീകരണസജ്ജീകരണ സമതി.
കേരളം കൂടാതെ 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകളാണ് ഫെന്‍സിങ് മല്‍സരത്തിനായി ഇതിനകം കൊച്ചിയിലെത്തിയത്. 124 താരങ്ങളും 16 ടീം ഒഫീഷ്യലുകളുമടക്കം 140 പേര് ഇതിനകം കൊച്ചിയിലെത്തിയിട്ടുണ്ട്. മേയര്‍ ടോണി ചമ്മണി അധ്യക്ഷനും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ അര്ജുനന് കണ്‍വീനറുമായുള്ള സ്വീകരണ സമതി ഇവരെ അതത് ഹോട്ടലുകളിലെത്തിച്ചിട്ടുണ്ട്. ഇന്നു വൈകുന്നേരത്തോടെ എത്തുന്ന ബാഡ്മിന്റണ്‍ താരങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളുടെ അവസാനവട്ട ഒരുക്കത്തിലാണ് സമതിയിപ്പോള്.
എറണാകുളം നോര്‍ത്ത് , സൗത്ത് റയില്‍വെസ്റ്റേഷനുകളിലും നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്വീകരണ സമതിയാണുള്ളത്. ഇതിനു പുറമെ താരങ്ങള്‍ താമസിക്കുന്ന ഓരോ ഹോട്ടലിലും സഹായത്തിനായി പ്രത്യേകം വളണ്ടിയര്‍മാരെയും സമതി സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കായികസംഘടനകളുടെ പ്രതിനിധികളെയും സ്വീകരിച്ച് സൗകര്യമൊരുക്കുന്നതും ഈ സമതിയാണ്.
ഫെന്‍സിങില്‍ നിലവില്‍ ഏറ്റവും വലിയ സംഘത്തെ മല്‍സരത്തിനിറക്കുന്നത് ആതിഥേയരായ കേരളമാണ്.
പുരുഷ-വനിത വിഭാഗങ്ങളിലായി 12 വീതം മല്‍സരാര്‍ത്ഥികളാണ് കേരള സംഘത്തിലുള്ളത്. ദേശീയ ഗെയിംസ് മെഡല്‍പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഹരിയാനയില്‍ നിന്നാണ് ഏറ്റവും കുറവ് താരങ്ങള്‍ ഫെന്‍സിങ് മല്‍സരത്തിനെത്തുന്നത്. രണ്ടുപേര്‍ മാത്രമാണ് അവിടെ നിന്നെത്തിയത്. ഇവര്‍ക്കൊപ്പം ഒഫീഷ്യലുകള്‍ ആരുമില്ല. ഝാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍, ദല്‍ഹി സംസ്ഥാനങ്ങളില്‍ നിന്നായി ഓരോ ഒഫീഷ്യലുകള്‍ വീതം ടീമുകള്ക്കൊപ്പമെത്തിയിട്ടുണ്ട്. ഝാര്‍ഖണ്ഡില്‍ നിന്ന് നാലും ജമ്മുവില്‍ നിന്ന് ഒമ്പതും ദല്‍ഹിയില്‍ നിന്ന് അഞ്ചും താരങ്ങളടക്കം 18 താരങ്ങളാണ് ഈ സംസ്ഥാനങ്ങളില്‍ നിന്നെത്തിയിട്ടുള്ളത്.
അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ടീമുകളില്‍ ഏറ്റവും വലിയ സംഘം തമിഴ്നാട്ടില്‍ നിന്നുള്ളതാണ്. 18 താരങ്ങളെത്തുന്ന അവിടെ നിന്ന് ഒഫീഷ്യലുകളാരുമില്ല. 16 താരങ്ങളെടത്തുന്ന യുപി, ഒമ്പതുപേരെത്തുന്ന ആന്ധ്രപ്രദേശ്, 15 പേരെത്തുന്ന മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഒഫീഷ്യലുകളാരുമില്ല. ഏഴുപേരെത്തുന്ന കര്‍ണാടകയില്‍ നിന്ന് മൂന്നും 10 അംഗ മണിപ്പൂര്‍ സംഘത്തോടൊപ്പം രണ്ടും 16 പേരുള്ള ഛത്തീസ്ഗഡ് ടീമിനൊപ്പം നാലും 13 അംഗ അസം സംഘത്തിനൊപ്പം നാലും ഓഫീഷ്യലുകള്‍ കൊച്ചിയലെത്തിയിട്ടുണ്ട്.
ഇന്നു രാവിലെ മുതല്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ വിമാനത്തിലും ട്രെയിനിലുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാഡ്മിന്റണ്‍ മല്‍സരങ്ങള്‍ക്കുള്ള വേദി സജ്ജമാക്കുന്നതും അവസാനഘട്ടത്തിലാണ്. നാലു മല്‍സര കോര്‍ട്ടുകളും രണ്ട് പരിശീലന കോര്‍ട്ടുകളും ഉള്‍പ്പടെ ആറ് കോര്‍ട്ടുകളാണ് ഇവിടെ സജ്ജമാക്കുന്നത്. ഇന്നു രാവിലെയോടെ ഇവ സജ്ജമാകും. മുന്നൂറിലേറെ താരങ്ങള്‍ മല്‍സരത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന പല താരങ്ങളും നെടുമ്പാശ്ശേരിയില്‍ വിമാനത്തിലെത്തുമെന്നാണ് അവസാന അറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: