കൊട്ടാരക്കര: വിധിയുടെ വിളയാട്ടത്തില്‍ നിവര്‍ന്ന് നില്ക്കാന് ത്രാണിയില്ലാതെ ഒരു കുടുബം. കലയപുരം അന്തമണ്‍ അനയ്ക്കാവ് തേര്വള്ളി താഴതില്‍ വീട്ടില്‍ ചാമി(77)യുടെ കുടുംബമാണ് വിധിയുടെ ക്രൂരമായ വിളയാട്ടത്തില്പെട്ട് പകച്ചുനില്‍ക്കുന്നത്.
കൂലിപ്പണിചെയ്ത് കുടുബം പൂലര്‍ത്തിയിരുന്ന ചാമിയ്ക്ക് ഇടത് കാലിന് ചെറിയ തോതില്‍ വന്ന വേദന വലുതായി മാറിയപ്പോള്‍ ഇരുപത്തൊമ്പതാം വയസ്സില്‍ ഇടത് കാലും നാല്പതാം വയസ്സില്‍ വലത് കാലും മുറിച്ചു മാറ്റേണ്ടി വന്നു. കുട്ടിക്കാലത്തുതന്നെ പോളിയോ ബാധിച്ച് ഇരു കാലുകളും തളര്‍ന്നുപോയി ചാമിയുടെ കരുണയില്‍ കഴിഞ്ഞിരുന്ന അനുജന് തങ്കപ്പനും (67) ഭാര്യ ഓമന(57)യും ഇവരുടെ മൂന്ന് മക്കളും ദുരിതം എന്തെന്ന് നേരിട്ടറിഞ്ഞു. ഇതോടെ രണ്ട് സഹോദരിമാരടങ്ങുന്ന കുടുംബത്തിന്റ മുഴുവന്‍ ഉത്തരവാദിത്തവും ഇവരുടെ ഏക മകനായ രാജേഷിന്റ ചുമലിലായി.
കൂലിപ്പണിയെടുത്ത് ചെറു പ്രായത്തില്‍ തന്നെ കുടുംബത്തിന്റെ മുഴുവന്‍ ചുമതലയും രാജേഷ് ഏറ്റെടുത്തു. രണ്ട് അനുജത്തിമാരെയും വിവാഹം കഴിപ്പിച്ചതോടെ വലിയ കടബാദ്ധ്യതയും രാജേഷിന്റെ ചുമലിലായി. ഇതിനിടയില്‍ വിധിയുടെ ക്രൂരമായ വിനോദം രാജേഷിനെയും പിടികൂടി. പ്ലാവില്‍ കയറി ചക്ക ഇടാന്‍ ശ്രമിക്കവെ താഴെ വീണ് രാജേഷിന്റ നട്ടെല്ലിന് കാര്യമായ പൊട്ടലേറ്റു. ഒരുമാസം കഴിഞ്ഞെങ്കിലും ഇപ്പോഴും പൂര്‍ണ്ണമായി എഴുനേറ്റ് നടക്കാറായിട്ടില്ല. ഏക ആശ്രയവും നിലച്ചതോടെ മരുന്ന് വാങ്ങാന്‍ പോലും മാര്‍ഗമില്ലാതെ വിഷമിക്കുകയാണ് കുടുംബം.
ഇവര്‍ക്ക് താങ്ങായി നില്‍ക്കേണ്ടി വന്നതിനാല്‍ ഓമനയ്ക്കും മറ്റ് ജോലികള്‍ക്കൊന്നും പോകാന്‍ കഴിയില്ല. മൈലം ഗ്രാമപഞ്ചായത്തിലെ അന്തമണ്‍ ഒന്നാം വാര്‍ഡിലെ മണ്‍കട്ട കെട്ടിയ ഇവരുടെ കൊച്ചുവീട് ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. അന്നന്നത്തെ അന്നത്തിന് വേണ്ടി കൂലി പണിചെയ്ത് ജീവിച്ചിരുന്ന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ തിരിച്ചടികള്‍.
കനിവുള്ളവര്‍ കണ്ണ് തുറന്നാല്‍ തീരാദുഖത്തില്‍ നിന്ന് ഒരുകുടുംബത്തെ ഒന്നടങ്കം കരകയറ്റാന്‍ കഴിയും. സന്മനസുള്ളവര് ഫെഡറല്‍ ബാങ്കിന്റെ കലയപുരം ശാഖയില്‍ രാജേഷിന്റെ പേരിലുള്ള 13080100221784 അക്കൗണ്ടിലെക്കോ ഫോണില്‍ ബന്ധപെട്ട് 9567671932 നേരിട്ടോ സഹായങ്ങള്‍ എത്തിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: