കൊല്ലം: കഞ്ചാവുമായി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി കൊല്ലം ഈസ്റ്റ് പോലിസിന്റെ പിടിയിലായി. കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജ് രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥിയായ മലപ്പുറം കൊണ്ടോട്ടി കീഴിച്ചേരി താനിയപ്പുറം സായിശ്രീ വീട്ടില്‍ സായി കിരണ്‍ (20) ആണ് അറസ്റ്റിലായത്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ വി. സുരേഷ്കുമാര്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ക്ലീന്‍ കാമ്പസ് പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍നിന്നും 13 പൊതി കഞ്ചാവ് കണ്ടെടുത്തു. കഴിഞ്ഞദിവസം രാത്രി ആശ്രാമം മൈതാനത്തിന് സമീപം സായി കിരണ്‍ കഞ്ചാവ് പൊതികളുമായി നില്‍ക്കുന്നുവെന്ന് മറ്റൊരു കോളേജ് വിദ്യാര്‍ത്ഥി നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തി ദേഹപരിശോധന നടത്തിയത്.
തനിക്ക് ഉപയോഗിക്കാനാണ് വാങ്ങിയതെന്ന് പറഞ്ഞെങ്കിലും ഇയാള്‍ താമസിക്കുന്ന ഹോസ്റ്റലിലെ മറ്റ് കുട്ടികള്‍ക്ക് വിതരണം ചെയ്യാനാണെന്ന് കൂടുതല്‍ ചോദ്യം ചെയ്തതില്‍ മനസ്സിലായി. സായികിരണിന് കഞ്ചാവ് നല്കിയ ആളിലേക്കും അന്വേഷണം നടന്നുവരുന്നു. സായി കിരണും മറ്റും താമസിച്ചുവരുന്ന കൊല്ലം കരിക്കോട് ടികെഎം എഞ്ചിനീയറിംഗ് കോളേജിന് സമീപത്തുള്ള കോളേജ് അംഗീകൃത സ്വകാര്യ ഹോസ്റ്റലില്‍ പോലീസ് റെയ്ഡ് നടത്തി. ഹോസ്റ്റലില്‍ സംശയാസ്പദമായി ഒളിപ്പിച്ചുവച്ചിരുന്ന ഒരു മോട്ടോല്‍ സൈക്കിള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ക്ലീന്‍ കാമ്പസ് പദ്ധതിയുടെ ഭാഗമായി കാമ്പസുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊല്ലം സിറ്റി പോലീസ്, കാമ്പസുകളില്‍ കഞ്ചാവിന്റെയും മയക്കുമരുന്നുകളുടേയും ഉപയോഗവും വിതരണവും തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജനുവരി 1 മുതല്‍ തുടക്കം കുറിച്ചിരുന്നു.
ലഹരിവസ്തുക്കളുടെ വിതരണത്തെപ്പറ്റിയും ഉപയോഗത്തെപ്പറ്റിയും അറിയുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തന്നെ ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും റെയ്ഡുകള്‍ ശക്തമാക്കുമെന്ന് കൊല്ലം എസിപി കെ. ലാല്‍ജി അറിയിച്ചു. കൊല്ലം ഈസ്റ്റ് സിഐ എസ്. ഷെരീഫിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് എസ്ഐ ആര്. രാജേഷ്, ഗ്രേഡ് എഎസ് ഐ സുകുമാരപിള്ള, ഗ്രേഡ് എസ്ഐമാരായ പ്രകാശ്, സുരേഷ്കുമാര്‍, ഗ്രേഡ് എഎസ്ഐ ആനന്ദന്, സീനിയര്‍ സിപിഒ ജോസ്പ്രകാശ്, അനന്‍ബാബു, സിപിഒമാരായ ഹരിലാല്‍, ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: