പാലക്കാട്: തൊഴില്‍ സ്ഥാപനങ്ങളില്‍ വൈകീട്ട് ഏഴുമണിക്കു ശേഷം സ്ത്രീകളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് വനിതാ കമ്മീഷനംഗം പ്രൊഫ കെ.എ തുളസി അറിയിച്ചു. തൊഴിലിടങ്ങളില്‍ സ്ത്രീകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതിനെതിരെ ലേബര്‍ ഓഫീസില്‍ അസി.ലേബര്‍ ഓഫീസര്‍മാര്‍ക്കായി നടത്തിയ ബോധവത്ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
മിക്ക സ്ഥാപനങ്ങളിലും ഇത്തരത്തില്‍ സ്ത്രീകളെകൊണ്ട് ജോലി ചെയ്യിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴിലിടങ്ങളില്‍ ഇന്സ്പെക്ഷന് നടത്തി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വനിതാകമ്മീഷനംഗം അറിയിച്ചു.
പല ജില്ലകളില്‍ നിന്നും ഫോണിലൂടെ ഇതു സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് ദിവസവും ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്ഥാപനമുടമകള്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന ഭയത്താല്‍ വനിതാ തൊഴിലാളികള്‍ നേരില്‍ പരാതി നല്കാന് തയ്യാറാവുന്നില്ല. ജില്ലയിലെ പ്രശസ്തമായ ഷോപ്പിങ്ങ് മാളില്‍ സ്ത്രീകളെ ഏഴ് മണിക്കു ശേഷവും ജോലി ചെയ്യിക്കുന്നുണ്ടെന്ന് കമ്മീഷന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും നഗരത്തിലെ പ്രശസ്തമായ ആശുപത്രിയില്‍ ജീവനക്കാരികളോട് സഭ്യമല്ലാത്ത രീതിയില്‍ അഭിസംബോധന ചെയ്യുന്നതായും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷനംഗം അറിയിച്ചു. സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വനിതാ തൊഴിലാളികള്‍ക്കു നേരെ നടന്ന പീഡനത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ജില്ലകളിലും ബോധവത്ക്കരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: