ആലത്തൂര്‍: ജില്ലയില്‍ രണ്ടാം വിള കൊയ്ത്ത് ആരംഭിച്ചിട്ടും സപ്ലൈകോ മുഖേനയുള്ള നെല്ലു സംഭരണം വൈകുന്നതിനാല്‍ നെല്ല് പാടത്ത് കെട്ടിക്കിടന്ന് നാശത്തിലേക്ക്. ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളില്‍ മാത്രമാണ് പേരിനു സംഭരണം ആരംഭിച്ചിട്ടുള്ളത്. നെല്‍കൃഷി ഏറെയുള്ള ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട് താലൂക്കുകളില്‍ സംഭരണം ഇപ്പോഴും ആരംഭിച്ചിട്ടില്ല. മില്ലുകള്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതാണ് സംഭരണം വൈകാന്‍ കാരണം.
ഇത്തവണ മുപ്പത്തിയേഴായിരത്തോളം കര്‍ഷകരാണ് കോര്‍പറേഷനു നെല്ലളക്കാന്‍ തയ്യാറായിട്ടുള്ളത്. രണ്ടാം വിളയില്‍ 1.25 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് ജില്ലയില്‍ സംഭരിക്കാന്‍ ലക്ഷ്യമിട്ടുള്ളത്. സംഭരണത്തിനായി കൃഷി വകുപ്പില്‍ നിന്ന് ഒന്‍പത് കൃഷി അസിസ്റ്റന്റുമാരെ അനുവദിച്ചിട്ടുണ്ട്. ഇവര്‍ കഴിഞ്ഞ ദിവസം ചുമതലയേറ്റു. എന്നിട്ടും സംഭരണം ആരംഭിച്ചിട്ടില്ല.
ഒരാഴ്ച മുമ്പുവരെ കൊയ്തിട്ട നെല്ല് പാടത്തുതന്നെ കിടക്കുകയാണ്. പല ഭാഗത്തും കൊയ്ത്ത് കഴിഞ്ഞ് നെല്ല് നശിച്ചുപോകുന്ന സ്ഥിതിയിലാണ്.
മികച്ച വിളവ് ലഭിച്ചിട്ടും കൊയ്യാനാളില്ലാത്തതായിരുന്നു കര്‍ഷകരുടെ ആദ്യത്തെ പ്രതിസന്ധി. പക്ഷേ, കൊയ്ത്ത് കഴിഞ്ഞതോടെ തങ്ങളുടെ വിളവിന് കാവലിരിക്കേണ്ട അവസ്ഥയിലാണ് നെല്‍ക്കര്‍ഷകര്‍ക്ക്. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
ആന്ധ്ര തുടങ്ങി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നെല്ലുവരവിനു പുറമേ ജില്ലയില്‍ കൊയ്ത്ത് ആരംഭിച്ചതോടെ പൊതുവിപണിയില്‍ നെല്ലിന്റെ വില വീണ്ടും ഇടിഞ്ഞു.
മൊത്ത വില കിലോയ്ക്ക് 15 രൂപയാണ്. സപ്ലൈകോ സംഭരണം വൈകുന്നതിനാല്‍ ഇതിലും താഴ്ന്ന വിലയ്ക്ക് നെല്ലു വിറ്റഴിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. സപ്ലൈകോ നെല്ലെടുക്കുന്നതുവരെ കാത്തുനില്ക്കാന് പലവിധ കാരണങ്ങളാല്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. കിലോയ്ക്ക് 19 രൂപ നിരക്കിലാണ് സപ്ലൈകോ നെല്ലെടുക്കുന്നത്. സംഭരണം വൈകുന്നതില്‍ ഒരു കിലോയ്ക്ക് അഞ്ചു രൂപ വരെ നഷ്ടം സഹിച്ചാണ് കര്‍ഷകര്‍ വിറ്റഴിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: