കരുനാഗപ്പള്ളി: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച വീട്ടമ്മയെ കാര്‍ ഇടിച്ച് കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയ്ക്കാണ് അന്വേഷണചുമതല നല്‍കിയിരിക്കുന്നത്.
കുലശേഖരപുരം നീലിക്കുളം വവ്വാക്കാവിന് സമീപം വയ്യാവീട്ടില്‍ പരേതനായ സുരേന്ദ്രന്റെ ഭാര്യ ഗ്ലോറി എന്ന ഷീല (55) കഴിഞ്ഞ ഡിസംബര്‍ 11ന് രാവിലെ 11നാണ് കാര്‍ ഇടിച്ച് ദേശീയപാതയില്‍ കൊല്ലപ്പെട്ടത്. കാര്‍ വീണ്ടും കയറ്റിയിറക്കി കൊലപ്പെടുത്തി എന്നായിരുന്നു കേസ്. ദേശീയപാതയില്‍ പുതിയകാവിന് തെക്ക് ഷേക്ക് പള്ളിക്ക് മുന്‍വശമാണ് അപകടം നടന്നത്.
കരുനാഗപ്പള്ളി സിഐയുടെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് മരിച്ച വീട്ടമ്മയുടെ മക്കളും ബന്ധുക്കളും ചേര്‍ന്ന് ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ദക്ഷിണ മേഖലാ ഐജി മനോജ് എബ്രഹാം കേസ് ക്രൈം ബ്രാഞ്ചിന് നല്കി ഉത്തരവായത്.
ഷീലയുടെ അയല്‍വാസിയും പ്രധാനപ്രതിയുമായ അനില്‍കുമാര്‍ സഹോദരങ്ങളായ അനിരുദ്ധന്, ഹരിസുതന്, അനില്‍കുമാറിന്റെ ഭാര്യാപിതാവ് ഹരിപ്പാട് ചേപ്പാട്, മുട്ടം ഇഞ്ചക്കോട്ടേജില് ശിവന്‍കുട്ടി എന്നി പ്രതികള്‍ റിമാന്റിലാണ്. മുന്‍വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പോലീസ് പറയുന്നു. ഗള്‍ഫിലേക്ക് മടങ്ങിപ്പോകാന്‍ ഒരു ദിവസം ശേഷിക്കെ ഷീലയെ കൊലപ്പെടുത്തി നാടുവിടാനായിരുന്നു അനില്‍കുമാറിന്റെ പദ്ധതിയെന്ന് മരണപ്പെട്ട ഷീലയുടെ ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
ബന്ധുവിന്റെ വിവാഹത്തിന് നാട്ടിലെത്തിയ അനില്‍കുമാറും സഹോദരങ്ങളും ഷീലയെ കൊല്ലാനുള്ള പദ്ധതി ഇട്ടിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതായി പറയുന്നു. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ അനില്‍കുമാര്‍ ടവേറ കാര്‍ വാങ്ങിയിരുന്നു. ഇതില്‍ സഞ്ചരിച്ചാണ് വീട്ടമ്മയെ ഇടിച്ച് കൊലപ്പെടുത്തിയതെന്നാണ് കേസ്.
ഷീലയുടെ ഇളയമകന് അനീഷാണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്കിന് പിന്നാലെ ഒരു കാര്‍ ബൈക്കിനെ പിന്തുടര്ന്ന് വരുന്നതായി അമ്മ ഷീല അനീഷിനോട് പറഞ്ഞതനുസരിച്ച് ശ്രദ്ധിച്ചപ്പോള്‍ കാറിലുണ്ടായിരുന്നവരെയും കാര്‍ ഓടിച്ചിരുന്ന അനില്‍കുമാറിനെയും അനീഷ് തിരിച്ചറിഞ്ഞിരുന്നതായും പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
അനില്‍കുമാറിന്റെ ഭാര്യ സിജി ഗള്‍ഫില്‍ വച്ച് ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്നുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സിജിയുടെ മരണവുമായി ബന്ധപ്പെട്ട് മരണപ്പെട്ട ഷീലയുടെ മൂത്തമകന് അരുണ്‍കുമാറിന്റെ പേരില്‍ ഒരു കേസ് കരുനാഗപ്പള്ളി പോലീസില്‍ നിലവിലുണ്ട്. ഈ കേസും അന്വേഷിച്ചത് കരുനാഗപ്പള്ളി സിഐ കെ.എ.വിദ്യാധരനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: