ശ്രീനഗര്‍: പത്തുനാള്‍ക്കകം ജമ്മു കശ്മീരില്‍ ബിജെപി-പിഡിപി സഖ്യ സര്‍ക്കാര്‍ നിലവില്‍ വരും. തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം കിട്ടാഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്‌ട്രപതിഭരണമാണ് നിലവില്‍. ഫെബ്രുവരി 9-ന് രാഷ്‌ട്രപതിഭരണം ഒരുമാസമാകും.
ഏറ്റവും കൂടുതല്‍ സീറ്റു നേടിയ ബിജെപിയും പിഡിപിയും തമ്മില്‍ രാഷ്‌ട്രീയ ധാരണയ്‌ക്കുള്ള ശ്രമങ്ങള്‍ നടക്കുകയായിരുന്നു. ഇരു കക്ഷികളും ചേര്‍ന്ന് ഭരണത്തിനുള്ള പൊതുനയം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ രൂപീകരണം അടുത്തുതന്നെ സംഭവിക്കുമെന്നു വ്യക്തമായത്.
ഇരുപാര്‍ട്ടികളും ചേര്‍ന്നു തയ്യാറാക്കിയ ധാരണയുടെ കരട് ദല്‍ഹിയില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ക്കും പ്രധാനമന്ത്രിക്കും സമര്‍പ്പിച്ചിട്ടുണ്ട്. അതിനിടെ ഫെബ്രുവരി ഏഴിന് വോട്ടെടുപ്പു നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും പരസ്പരം സഹകരിക്കാന്‍ തീരുമാനിച്ചു.
















