പാലക്കാട്: ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജനുവരി അഞ്ച് വരെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരായ തൊഴിലാളികള്‍ക്ക് നല്‍കാനുളള വേതന കുടിശിക മുഴുവന്‍ നല്‍കിയതായി എന്‍. ആര്.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ജില്ലാ കലക്ടര്‍ കെ.രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയെ അറിയിച്ചു. ഇതിനായി സര്‍ക്കാര്‍ നല്കിയ നാല് കോടി 87 ലക്ഷം രൂപ തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്തു. ജനുവരി 12 ന് 41,509 പട്ടികജാതി കുടുംബങ്ങള്‍ക്കും 6,508 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും തൊഴില്‍ നല്കി.
ജില്ലയിലെ പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് നല്‍കാനുളള നഷ്ടപരിഹാരത്തുക ഫണ്ട് അനുവദിക്കാന്‍ സി.പി മുഹമ്മദ് എം.എല്‍.എ അവതരിപ്പിച്ച പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രമേയം ഷംസുദ്ദീന് എം.എല്‍.എ പിന്താങ്ങി.
മണ്ണാര്‍ക്കാട് സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി എത്രയും വേഗം മാറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ. ആവശ്യപ്പെട്ടു.
ചിറ്റൂര്‍ പ്രദേശത്തെ വീട് നിര്‍മ്മിക്കാന്‍ പഞ്ചായത്തില്‍ നിന്ന് ഫണ്ട് അനുവദിക്കപ്പെട്ടതുള്പ്പെടെയുളള കേസുകളില്‍ സ്ഥലത്തിന് കെ.എല്‍. യു. ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ച് ഉടന്‍ നടപടി കൈക്കൊളളുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.കെ. അച്ചുതന് എം.എല്‍. എ. ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ച പ്രശ്നത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദുര്‍ബല വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ നല്കുന്ന പദ്ധതികള്‍ ജില്ലയിലെ എല്ലാ പ്രദേശങ്ങള്‍ക്കും ലഭ്യമാവുന്നുവെന്ന് ഉറപ്പു വരുത്തണമെന്ന് സി.പി. മുഹമ്മദ് എം.എല്‍.എ. പറഞ്ഞു.
നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുളള മുഴുവന്‍ കുടിശികയും കൊടുത്തു തീര്‍ത്തതായി ഇതുമായി ബന്ധപ്പെട്ട് കെ.എസ്. സലീഖ എം.എല്‍.എ.യുടെ ചോദ്യത്തിന് മറുപടിയായി പൊതുവിതരണ വിഭാഗം അറിയിച്ചു.
ജില്ലയിലെ കുടിവെളള പ്രശ്നത്തിന് പരിഹാരം കാണാനുളള സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് എം. ഹംസ എം.എല്‍.എ. ആവശ്യപ്പെട്ടു.
കരിമ്പുഴ പഞ്ചായത്തില്‍ വര്‍ഷങ്ങളായി ഭൂമി കൈവശം വയ്ക്കുന്നവര്‍ക്ക് പട്ടയം നല്‍കാനുളള നടപടികള്‍ പുരോഗിച്ചുവരുന്നതായി ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി. നൂഹ് സമിതിയെ അറിയിച്ചു. ശ്രീകൃഷ്ണപുരത്തെ പട്ടയവുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിനൊപ്പം സ്വര്‍ണ്ണക്കപ്പ് നേടുന്നതിലും റാഞ്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ ഗെയിംസില്‍ കേരളത്തെ കിരീടം ചൂടിക്കുന്നതിലും നിര്‍ണ്ണായക പങ്ക് വഹിച്ച ജില്ലയിലെ താരങ്ങളെ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: