പാലക്കാട്: ചരക്ക് ലോറികളുടെ ബാറ്ററികള്‍ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടു പേരെ ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. സേലം സ്വദേശിയും പാലക്കാട് ശംഘുവവാരമേട് സുന്ദരം കോളനിയിലെ താമസക്കാരനുമായ യൂസഫ്(30), കോങ്ങാട് ചെറായ ലക്ഷം വീട് കോളനിയില്‍ അബ്ദുള്‍ നൗഷാദ്(30) എന്നിവരെയാണ് വെള്ളിയാഴ്ച രാത്രി ഒലവക്കോട് ജൈനിമേട്ടില്‍ വച്ച് വാഹന പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തത്.
പ്രതികള്‍ സഞ്ചരിച്ച ഓട്ടോയും പാലക്കാട് കാടാങ്കോട് ഹൈവേയ്ക്കു സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ രണ്ട് ബാറ്ററിയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ പാലക്കാട്, കോങ്ങാട്, മുണ്ടൂര്‍, കല്ലടിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ലോറികളിലെ ബാറ്ററിയും മറ്റും മോഷണം പോയ പത്തോളം കേസുകള്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു.
ടൗണ്‍ നോര്‍ത്ത് സി.ഐ ആര്. ഹരിപ്രസാദ്, എ.എസ്.ഐമാരായ പ്രഭാകരന്, എച്ച്. ഷംസുദീന്‍, എസ്. ജലീല്‍, എസ്.സി.പി.ഒ അശോക് കുമാര്‍, സി.പി.ഒമാരായ യു. അജീഷ്, ശിവാനന്ദന്, ബാബു രാമകൃഷ്ണന്, കെ. അഅഹമ്മദ്കബീര്, ഹോംഗാര്‍ഡ് പ്രദീപ്, എ.ആര് ക്യാമ്പിലെ സി.പി.ഒമാരായ രാജീവ്, ഹംസത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തിയത്.
പകല്‍ സമയത്ത് ഓട്ടോ ഓടിക്കുകയും രാത്രികാലങ്ങളില്‍ റോഡരികില്‍ നിര്‍ത്തിയിടുന്ന ലോറികളില്‍ നിന്ന് ബാറ്ററി ഊരിമാറ്റി ഓട്ടോയില്‍ കയറ്റി വില്പന നടത്തുകയുമാണ് പ്രതികള്‍ ചെയ്തുവന്നിരുന്നത്. സേലം സ്വദേശിയായ യൂസഫ് പത്ത് വര്‍ഷത്തോളമായി സുന്ദരം കോളനിയിലുള്ള ഭാര്യവീട്ടിലാണ് താമസം. കോഴിക്കോട് സ്വദേശിയായ നൗഷാദ് കോങ്ങാട്ടിലെ ഭാര്യവീട്ടിലാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: