ഷൊര്‍ണൂര്‍: പാലക്കാട് റയില്‍വേ ഡിവിഷനു കീഴിലെ ഷൊര്‍ണൂര്‍-കോഴിക്കോട്റയില്പ്പാത വൈദ്യുതീകരണം പൂര്‍ത്തിയായതോടെ ഷൊര്‍ണൂര്‍ റയില്‍വേ സബ്സ്റ്റേഷന് ട്രാക്കിങ് പവര്‍ സ്റ്റേഷനായി ഉയര്‍ത്തി പ്രസരണ ശേഷി വര്‍ധിപ്പിച്ചു.
വൈദ്യുതപാത അടുത്ത മാസം കമ്മിഷന് ചെയ്യാനിരിക്കെയാണു പ്രസരണ ശേഷി കൂട്ടിയത്. അതിനിടെ കോഴിക്കോട്-കണ്ണൂര്‍ സെക്ഷനിലെ വൈദ്യുതീകരണ ജോലികള്‍ ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നു ഡിവിഷനല്‍ റയില്‍വേ മാനേജര്‍ ആനന്ദ് പ്രകാശ് അറിയിച്ചിട്ടുണ്ട്.
നേരത്തെ എലത്തൂരിലും തിരൂരിലുമായിരുന്നു വൈദ്യുത പാതയ്ക്ക് സബ്സ്റ്റേഷന് നിശ്ചയിച്ചിരുന്നത്. എലത്തൂരില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും തിരൂരില്‍ വൈകുകയാണ്. ഷൊര്‍ണൂരില്‍ ശേഷി വര്‍ധിപ്പിച്ചതോടെ കോഴിക്കോട് വരെയുള്ള യാത്രയ്ക്ക് ആവശ്യമായ വൈദ്യുതി ഇവിടെ നിന്ന് ലഭ്യമാക്കും.
വൈദ്യുതപാത മംഗലാപുരത്തേക്ക് നീളുന്ന മുറയ്ക്ക് മാത്രമേ പാത പൂര്‍ണതോതില്‍ യാത്രാ ട്രെയിനുകളുടെ ഗതാഗതത്തിനു സജ്ജമാകൂ. ഷൊര്‍ണൂര്‍-മംഗലാപുരം പാത വൈദ്യുതീകരണം 2016 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണു റയില്‍വേ ലക്ഷ്യമിടുന്നത്.
ഷൊര്‍ണൂര്‍-കോഴിക്കോട് ഫെബ്രുവരിയിലും കോഴിക്കോട്-കണ്ണൂര്‍ ജൂണിലും കണ്ണൂര്‍-കാസര്‍കോട് ഡിസംബറിലും പൂര്‍ത്തിയാക്കും.
പാത പൂര്‍ണമായും കമ്മിഷന് ചെയ്യാന്‍ ആറ് 110 കെവി സബ്സ്റ്റേഷനുകള്‍ വേണം. എലത്തൂര്‍, തലശ്ശേരി, കണ്ണൂര്‍ സൗത്ത്, ചെറുവത്തൂര്‍, ഉപ്പള, തുംകൂര്‍ എന്നിവിടങ്ങളിലാണ് ഇത് സ്ഥാപിക്കുക. കേരള, കര്‍ണാടക സര്‍ക്കാരുകള്‍ സംയുക്തമായാണു വൈദ്യുതി നല്‍കുന്നത്.
കാര്യക്ഷമത കൂട്ടാനും ഊര്‍ജ ഉപയോഗം കുറയ്ക്കാനുമായി ഡിവിഷനിലെ സിഗ്നല്‍ വിളക്കുകള്‍ മുഴുവന്‍ എല്‍ഇഡി സംവിധാനത്തിലേക്കു മാറ്റുമെന്നും ഡിആര്‍എം അറിയിച്ചിട്ടുണ്ട്. ഷൊര്‍ണൂര്‍, കഞ്ചിക്കോട് ട്രാക്ഷന്‍ സബ് സ്റ്റേഷനുകളില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ഊര്‍ജസംരക്ഷണ നടപടികള്‍ സ്വീകരിച്ചതിന്റെ ഭാഗമായി കെഎസ്ഇബിയില്‍ നിന്ന് 32.33 ലക്ഷം രൂപ പ്രോത്സാഹനത്തുക ലഭിച്ചു.
കൃത്യസമയത്ത് ഹൈ ടെന്‍ഷന്‍ ബില്‍ അടച്ച വകയില്‍ പ്രോത്സാഹനത്തുകയായി മറ്റൊരു 3.5 ലക്ഷവും കിട്ടിയ തായും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും പ്ലാറ്റ്ഫോമിലൂടെ സഞ്ചരിക്കാന്‍ കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ ഒരു ബാറ്ററി കാര്‍ കൂടി. കോഴിക്കോട്, തലശ്ശേരി, വടകര സ്റ്റേഷനുകളിലെ രണ്ടാമത്തെ കവാടങ്ങളില്‍ ഹൈ മാസ്റ്റ് ലാംപുകള്‍ എന്നിവയും സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: