കൊച്ചി: ബാര്‍ കോഴക്കേസ് വീണ്ടും കലങ്ങി മറിയുന്നു. ധനമന്ത്രി കെ.എം. മാണി മാത്രമല്ല മറ്റു പലമന്ത്രിമാരും ബാര്‍ വിഷയത്തില്‍ കോഴ വാങ്ങിയിട്ടുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍.
ബാര്‍ ഹോട്ടല്‍ അസോസിയേഷന് യോഗത്തില്‍ പ്രസിഡന്റ് ഡി. രാജ്കുമാര് നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖയാണ് ഇന്നലെ പുറത്തുവന്നത്. നാലു കോണ്‍ഗ്രസ് മന്ത്രിമാരും കോഴ വാങ്ങിയിട്ടുണ്ടെന്നാണ് ശബ്ദരേഖ.
മാണിക്ക് കോഴ നല്‍കിയിട്ടും ബാറുകള്‍ തുറക്കാനായില്ലെങ്കില്‍ കോഴ വാങ്ങിയ മറ്റു മന്ത്രിമാരുടെ പേരുകളും വെളിപ്പെടുത്തണമെന്ന് രാജകുമാര്‍ യോഗത്തില്‍ പറയുന്നതാണ് ശബ്ദരേഖയില്‍.
കോടതിയില്‍ നിന്ന് കേസില്‍ അനുകൂല വിധി സമ്പാദിക്കാന്‍ കഴിയും. എന്നാല്‍ സര്‍ക്കാര്‍ അതിനെതിരെ അപ്പീല്‍ നല്കിയാല് മറ്റു മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്തണം. പത്രസമ്മേളനം നടത്തി അവരുടെ പേരുകള്‍ വണ്‍, ടു, ത്രീയെന്ന് പറയണം, രാജ്കുമാര് പറയുന്നു. ആര് പേരുകള്‍ പറയുമെന്ന് ബിജു രമേശ് ചോദിക്കുമ്പോള്‍ ബിജു പറയണമെന്ന് രാജ്കുമാര് പറയുന്നതും മാണിയുടെ പേര് താന്‍ പറഞ്ഞു, ഇനി താന്‍ പറയില്ലെന്ന് ബിജു മറുപടി നല്‍കുന്നതും ഇതില്‍ കേള്‍ക്കാം. മാണിസാറിന്റെ പേരു പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ കാലു പിടിച്ചതു കൊണ്ടാണ് അവരുടെ പേരു പറയാത്തതെന്നും യോഗത്തില്‍ രാജ്കുമാര് പറയുന്നതു കേള്‍ക്കാം.
സംഭാഷണം ഇങ്ങനെ: ബാര്‍ കേസില്‍ അപ്പീലോ കിപ്പീലോ പോയാല്‍ ബാക്കിയുള്ളവരുടെ പേര് പറയും. ഇപ്പോള്‍ നമ്മള്, ബിയര്‍-വൈന്‍ പാര്‍ലറിനായി ശ്രമിക്കുന്നു. അതിനു ശേഷം ബാറിനായി ശ്രമിക്കാം. അന്നേരം അവര്‍ തെണ്ടിത്തരം കാണിച്ചാല്‍, അപ്പീല്‍ നല്‍കുമെന്ന് പറഞ്ഞ് എതിര്‍ത്താല്‍ ആ നിമിഷം പത്രസമ്മേളനം നടത്തി ഞാന്‍ പറയും, ആദ്യം മാണിസാറിനെയാണ് പറഞ്ഞതെന്ന്, മാണി സാറിനെപ്പറഞ്ഞപ്പോള് മറ്റെല്ലാവരും കൂടി വന്ന് കാലുപിടിച്ചെന്ന്… കോടതി ഉത്തരവ് കിട്ടിക്കഴിഞ്ഞ്, വി.എം. സുധീരനോ അവരുടെ അപ്പൂപ്പനോ പറഞ്ഞെന്നു പറഞ്ഞ് സുപ്രീം കോടതിയില്‍ പോകുമെന്നു പറഞ്ഞാല്‍ പത്രസമ്മേളനം നടത്തി മാണി സാറിനെ ഇപ്പോള്‍ സഹായിച്ച കഥയും ബാക്കി ആരൊക്കെ നമ്മുടെ കൈയില്‍ നിന്ന് പറ്റിയിട്ടുണ്ടെന്നും പത്രസമ്മേളനം നടത്തി ഒന്ന്, രണ്ട് മൂന്ന്, എന്നിങ്ങനെ പറയും, രാജ്കുമാര് പറയുന്നു.
അതിനിടെ നാലു കോണ്‍ഗ്രസ് മന്ത്രിമാര്‍ ബാര്‍ വിഷയത്തില്‍ കോഴവാങ്ങിയിട്ടുണ്ടെന്നും അവരുടെ പേര് രാജ്കുമാര് വെളിപ്പെടുത്തണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു. രാജകുമാറിന്റെ, ബാര്‍ ഹോട്ടല്‍ അസോസിയേഷന് യോഗത്തിലെ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തുവന്നതിനെത്തുടര്‍ന്നാണ് ബിജു രമേശ് പത്രസമ്മേളനം നടത്തി ഈ ആവശ്യം ഉന്നയിച്ചത്. രാജ്കുമാറിനെ നുണപരിശോധനക്ക് വിധേയനാക്കണമെന്നും പരിശോധിക്കപ്പെടാന്‍ താന്‍ തയ്യാറാണെന്നും ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: