തൃശൂര്‍: മലയാളത്തെയും മലയാളികളെയും തന്റെ തമാശകളിലൂടെ കുടുകുടെ ചിരിപ്പിച്ച പ്രശസ്ത ചലച്ചിത്രതാരം മാള അരവിന്ദന് അരങ്ങൊഴിഞ്ഞു. അദ്ദേഹത്തിന് 76 വയസായിരുന്നു.ഇന്നലെ രാവിലെ ആറരയോടെ കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്ററില്‍ ആയിരുന്നു അന്ത്യം.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാലു പതിറ്റാണ്ട് മലയാള ചലച്ചിത്ര ലോകത്ത് സജീവ സാന്നിധ്യമായിരുന്നു മാള നല്ലൊരു തബല ആര്‍ട്ടിസ്റ്റായിരുന്നു. നാടക രംഗത്ത് നിറ സാന്നിധ്യമായിരുന്ന അദ്ദേഹം അരങ്ങത്തു നിന്നാണ് ചലച്ചിത്രരംഗത്തേക്ക് എത്തിയത്. സംസ്കാരം മാളയ്ക്കടുത്ത് വടമയിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ ഇന്നു രാവിലെ ഏട്ടിന് നടക്കും.ഗീതയാണ് ഭാര്യ. കല, മുത്തു എന്നിവരാണ് മക്കള്‍.മരുമക്കള്‍: ദീപ്തി, സുരേന്ദ്രന്.
അന്ത്യസമയത്ത് ഭാര്യയും മക്കളും സമീപത്തുണ്ടായിരുന്നു. ഉച്ചയോടെ റോഡുമാര്‍ഗം മൃതദേഹം ആദ്യം കേരള സംഗീത നാടക അക്കാദമിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് മാള പഞ്ചായത്ത് ഹാളിലും സെന്റ് ആന്റണീസ് സ്കൂളിലും. അതിന് ശേഷം വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടുപോയി.
ഹൃദയാഘാതത്തെ തുടര്‍ന്ന് സ്ഥിതി ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി തൃശൂരില്‍ നിന്ന് കോവൈ മെഡിക്കല്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുറച്ചുദിവസമായി ശ്വാസോഛ്വാസം നടന്നിരുന്നത്. കഴിഞ്ഞ ദിവസം സ്ഥിതി മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ സ്ഥിതി ഗുരുതരമാകുകയും ഇന്നലെ രാവിലെ ആറരയോടെ മരണം സംഭവിക്കുകയുമായിരുന്നു.
മാള അരവിന്ദന് എന്ന ടി.കെ.അരവിന്ദന് കേരളത്തിലെ പ്രധാന നാടക കമ്പനികളായ കോട്ടയം നാഷണല്‍ തിയറ്റേഴ്സ്, നാടകശാല, സൂര്യസോമ എന്നിവരുടെ നാടകങ്ങളിലെ സ്ഥിരം അഭിനേതാവായിരുന്നു. സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് ഏറ്റവും മികച്ച നാടകനടനുള്ള അവാര്‍ഡ് കരസ്ഥമാക്കി. 1968 ല്‍ ഡോ. ബാലകൃഷ്ണന്റെ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് മാള സിനിമാരംഗത്തെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹം സ്വതസിദ്ധമായ ഹാസ്യശൈലിയിലൂടെ അഭിനയരംഗത്ത് വേറിട്ട വഴി തുറന്നു. നാലു പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ അറുനൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
മിമിക്സ് പരേഡ്, കന്മദം, അഗ്നിദേവന്, ആളൊരുങ്ങി അരങ്ങൊരുങ്ങി, പൂച്ചക്കൊരു മൂക്കുത്തി, വെങ്കലം, ഉപ്പുകണ്ടം ബ്രദേഴ്സ്, ഭൂതക്കണ്ണാടി, ജോക്കര്‍, കണ്ടു കണ്ടറിഞ്ഞു, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, മധുര നൊമ്പരക്കാറ്റ്, വധു ഡോക്ടറാണ്. മീശമാധവന്, പട്ടാളം, സേതുരാമയ്യര്‍ സിബിഐ, ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍, സന്ദേശം, പുണ്യാളന് അഗര്‍ബത്തീസ് തുടങ്ങി അനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
നൂല്‍പ്പാലം എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.നിരവധി സിനിമകളില്‍ സിരിയസ് കഥാ പാത്രങ്ങളെയും അവതരിപ്പിച്ച് മാള തന്റെ അഭിനയ പ്രതിഭ തെളിയിച്ചു.നൂല്‍പ്പാലത്തിന്റെ ചിത്രീകരണവേളയില്‍ പാലക്കാട്ടു വച്ചാണ് നെഞ്ചു വേദന അനുഭവപ്പെട്ടത്. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെന്റില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെയാണ് രോഗം പെട്ടെന്ന് വഷളായതും അന്ത്യം സംഭവിച്ചതും എക്സൈസ് ഉദ്യോഗസ്ഥനായിരുന്ന താനാട്ട് അയ്യപ്പന്റെയും പൊന്നമ്മയുടേയും മകനായി 1939 ല്‍ എറണാകുളത്തെ വടവുകോട്ട് ജനനം. സൗദാമിനി, രാമനാഥന്, പ്രകാശന് എന്നിവരാണ് സഹോദരങ്ങള്‍. അരവിന്ദന് ഏഴാം ക്ളാസില്‍ പഠിക്കുമ്പോള്‍ അച്ഛന് മരിച്ചു. അതോടെയാണ് കുടുംബം മാളയിലേക്ക് താമസം മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: