പാലക്കാട്: മംഗലം ഡാം വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സ്വകാര്യ ക്വാറികള്‍ കാരണം പരിസരങ്ങളിലെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു എന്ന പരാതിയെ കുറിച്ച് സാങ്കേതിക വിദഗ്ദ്ധരെ കൊണ്ട് അനേ്വഷിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് (ജുഡീഷ്യല്‍) അംഗം ആര്. നടരാജന് പാലക്കാട് ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി.
ക്വാറികള്‍ കാരണം മംഗലം ഡാമിന് ബലഷയം ഉണ്ടോ എന്ന് പരിശോധിക്കാമെന്നും കളക്ടര്‍ കമ്മീഷന് ഉറപ്പ് നല്കി.
മംഗലം വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന കെ.എന്‍. ആര്. കണ്‍സ്ട്രക്ഷന്‍സ്, ടി.എം.റ്റി ക്വാറി എന്നിവയ്ക്കെതിരെ മംഗലംഡാം സ്വദേശികളായ ബാലചന്ദ്രന്, രാധാകൃഷ്ണന്, കെ.ഐ. പൗലോസ് എന്നിവര്‍ സമര്‍പ്പിച്ച പരാതികളിലാണ് നടപടി. പരിസ്ഥിതി പഠനം നടത്താതെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ കാരണം തങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്നു എന്നാണ് പരാതി.
വണ്ടാഴി ഗ്രാമപഞ്ചായത്ത് കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതായി പറയുന്നു. പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ ക്വാറി ഉടമകള്‍ ട്രൈബ്യൂണലിനെ സമീപിച്ചതായും ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കിയതെന്നും പറയുന്നുണ്ട. മലിനീകരണ നിയന്ത്രണ ബോര്‍ഡും ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചു.
എന്നാല്‍ ജില്ലാകളക്ടര്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ വീടുകള്‍ക്കുണ്ടായ വിള്ളല്‍ ക്വാറികളുടെ പ്രവര്‍ത്തനം കാരണമാണോ എന്ന് കണ്ടെത്താന്‍ സാങ്കേതിക സഹായം വേണമെന്ന് അറിയിച്ചു. ക്വാറികളില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള മംഗലം ഡാമിന് ക്വാറികള്‍ കാരണം ഭീഷണിയുണ്ടോ എന്ന് പരിശോധിക്കാമെന്നും വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ ഡാമിനു സമീപമുള്ള മയില്‍ സങ്കേതത്തിന് അപകടമുണ്ടായതായി അറിയില്ലെന്നും കളക്ടര്‍ അറിയിച്ചു.
റ്റി.എം.റ്റി. ഗ്രാനൈറ്റ് ക്വാര്‍ട്ടേഴ്സിലുള്ള സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള മാലിന്യം കാരണം കുടിവെള്ളം മലിനമായെന്ന ബാലചന്ദ്രന്റെ ആരോപണത്തെക്കുറിച്ച് വണ്ടാഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനേ്വഷിച്ച് നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിച്ചതായും കമ്മീഷന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: