പാലക്കാട്: പാര്‍ട്ടിയില്‍ വിശ്വാസം നഷ്ടപ്പെട്ട സ്വന്തം അണികള്‍ ബിജെപയില്‍ ചേരുന്നതില്‍ വിറളി പൂണ്ട സിപിഎം കൊലക്കത്തിയുമായി സംഘപരിവാറിനെതിരെ തെരുവിലിറങ്ങുന്നു. ജില്ലയിലുടനീളം സംഘപരിവാര്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സംഘടിതമായ അക്രമമാണ് സിപിഎം സംഘം നടത്തുന്നത്. ഏറ്റവുമൊടുവില്‍ ബുധനാഴ്ച രാവിലെ ആര്‍എസ്എസ് കല്ലേപ്പുള്ളി മണ്ഡലം കാര്യവാഷ് പ്രസാദിന്റെ വീടിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. അക്രമത്തില്‍ വീടിന്റെ വാതിലിന് കേടുപറ്റി.
സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് കല്ലേപ്പുള്ളിയില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. യോഗം ബിജെപി ദേശീയസമിതിയംഗം എന്‍.ശിവരാജന് ഉദ്ഘാടനം ചെയ്തു. കൊലക്കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാല്‍ ഇല്ലാതാകുന്നതല്ല ദേശീയതയുടെ രാഷ്ട്രീയമെന്നും കൊലപാതക രാഷ്ട്രീയത്തെ ശക്തമായി നേരിടുമെന്നും ശിവരാജന് പ്രസംഗത്തില്‍ പറഞ്ഞു.
ചൊവ്വാഴ്ച ബിജെപി നടത്തിയ ഹര്‍ത്താലിനിടെ പാലക്കാട് ചന്ദ്രനഗറിലും ശ്രീകൃഷ്ണപുരത്തിനടുത്ത് വലംപിലി മംഗലത്തും സംഘനേതാക്കളെ കൊലപ്പെടുത്താന്‍ സിപിഎം സംഘം ശ്രമിച്ചിരുന്നു.ആര്‍എസ്എസ് ഭാരവാഹിയായ ചന്ദ്രനഗര്‍ മുണ്ടക്കോട് കുറുപ്പത്ത് വീട്ടില്‍ മനുവിനെ ആണു കയ്യിലും മുതുകിലും വെട്ടേറ്റ നിലയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബൈക്കില്‍ വരുന്നതിനിടെ നാലംഗ അക്രമിസംഘം ആക്രമിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് വലമ്പിലിമംഗലത്തുണ്ടായ സംഘര്‍ഷത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരായ സുമേഷ്, പെരിഞ്ചിറ സുധീഷ്, വലമ്പിലിമംഗലം കോളനിയിലെ പ്രസാദ് എന്നിവര്‍ക്ക് വെട്ടേറ്റു. മുണ്ടൂരില്നിന്നെത്തിയ 25 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.
വെകീട്ട് അഞ്ചുമണിയോടെ മുണ്ടൂരില്‍നിന്ന് ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം സംഘപരിവാര്‍ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഡി.വൈ.എഫ്.ഐ. പ്രാദേശികപ്രവര്‍ത്തകരും ഇവരോടൊപ്പം ചേര്‍ന്നു. സംഭവസ്ഥലത്ത് വടിവാളുകള്‍ കണ്ടെത്തി. ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ വലമ്പിലിമംഗലത്ത് പ്രകടനം നടത്തി റോഡ് ഉപരോധിച്ചു.
ബി.ജെ.പി. പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തില്‍ പാര്‍ട്ടി ജില്ലാനേതൃത്വം പ്രതിഷേധിച്ചു. സി.പി.എം. അക്രമരാഷ്ട്രീയം അവസാനിപ്പിച്ചിട്ടില്ലെന്നതിന് തെളിവാണ് ഈ അക്രമമെന്ന് ജില്ലാപ്രസിഡന്റ് സി. കൃഷ്ണകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: