തിരുവനന്തപുരം: ഒരു വര്‍ഷം നീളുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെ ജന്മഭൂമി 40-ാം വാര്‍ഷികമാഘോഷിക്കുന്നു. 2015 ഏപ്രില്‍ 28 മുതല്‍ 2016 ഏപ്രില്‍ 28 വരെയാണ് ആഘോഷപരിപാടികള്‍. ഇന്നലെ നടന്ന സ്വാഗതസംഘം രൂപീകരണ സമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണനാണ് ആഘോഷപരിപാടികള്‍ വിശദീകരിച്ചത്.
സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവയ്ക്ക് പുറമെ ഭാരതത്തിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന മെഗാ എക്സ്പോയായിരിക്കും മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്ന്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയായിരിക്കും ഇത്. നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് 40 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കും. ജന്മഭൂമിയില് വന്ന പംക്തികള്‍, ലേഖനങ്ങള്‍ എന്നിവ ക്രോഡീകരിച്ചാണ് പ്രധാനമായും പുസ്തക പ്രസാധനം. 40 ജന്മഭൂമി ഗ്രാമങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം പുതിയപ്രസിദ്ധീകരണങ്ങളും ആരംഭിക്കും.
സംസ്ഥാനത്തുടനീളവും വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. മെഗാ എക്സ്പോ തൃശൂരിലാണ് നടത്തുക. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലെയും മഹാക്ഷേത്രങ്ങളുടെ പ്രതീകാത്മക സംഗമം ‘തീര്‍ത്ഥാടനം’ എന്ന പേരിലാണ് നടക്കുക. മഹാക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച പ്രതീതി സൃഷ്ടിക്കുന്നതാവും തീര്‍ത്ഥാടനം.
കേരളത്തിലെ പ്രധാനപ്പെട്ട 19 പത്രങ്ങളില്‍ 18 എണ്ണവും ജന്മഭൂമി പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെ എതിര്‍ക്കുന്നവയാണ്. പലപ്പോഴും അവര്‍ ഒറ്റക്കെട്ടായി ആക്രമിക്കുന്ന സ്വഭാവമുണ്ട്. എന്നിട്ടും തളരാതെ, തകരാതെ ജന്മഭൂമിക്ക് നിലനില്ക്കാനും മുന്നേറാനും കഴിഞ്ഞത് ജന്മഭൂമിയുടെ നിലപാടിന് ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കൊണ്ടാണ്. 40 വര്‍ഷം പിന്നിട്ട ജന്മഭൂമി പുതിയ കെട്ടിലും മട്ടിലും മറ്റുള്ളവര്‍ക്കു പോലും ആസൂയാവഹമായി മാറുമെന്നും രാധാകൃഷ്ണന് വിശദീകരിച്ചു.
സംസ്കൃതിഭവനില് ചേര്‍ന്ന സ്വാഗതസംഘം രൂപീകരണ സമ്മേളനം മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദുത്വം എന്നത് ദേശീയതയുടെയും സാംസ്കാരികതയുടെയും സങ്കല്പ്പമാണെന്ന് രാജഗോപാല്‍ പറഞ്ഞു. കേരളത്തിലാണ് ദേശവിരുദ്ധശക്തികളുടെ കേന്ദ്രം. രാഷ്ട്രം എന്നതിനെ ഉള്‍ക്കൊള്ളാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ആകുന്നില്ല. ഭാരതത്തിലെ ജനങ്ങളുടെ ചിന്താഗതിയിലെ മാറ്റങ്ങള്‍ കേരളത്തിലെ ജനങ്ങളിലെത്തിക്കണം. ഇത് ദുര്‍ഘടമായ കാലഘട്ടമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഭാരതത്തെ പ്രശംസിച്ചതിനെ ചാനലുകളും മറ്റ് പത്രങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് ചെയ്തത്. രാഷ്ട്രം ചരിത്രത്തിന്റെ ദശാസന്ധിയില്‍ എത്തിനില്ക്കുമ്പോള് ജന്മഭൂമിയുടെ പ്രസക്തി ഏറുകയാണ്. ഭാരതത്തെ മുന്നോട്ടു നയിക്കേണ്ട ആശയം സനാതനധര്‍മ്മമാണെന്ന് ഭാരതീയര്‍ മനസിലാക്കിത്തുടങ്ങി, അദ്ദേഹം പറഞ്ഞു.
ഡയറക്ടര്‍ ടി. ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യ നായകന് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സ്വാഗതവും റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന് നന്ദിയും പറഞ്ഞു. സ്വാമിമാര്‍, വിവിധ സ്ഥാപനമേധാവികള്‍, സാഹിത്യനായകന്മാര്, സാംസ്കാരിക പ്രവര്‍ത്തകര്‍, ആര്‍എസ്എസ്,ബിജെപി,ബിഎംഎസ് സംസ്ഥാന-ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: