തൃശൂര്‍: കേരളത്തില്‍ ഇസ്ലാമിക ഭീകരവാദത്തിന് വിത്തുപാകിയ കൊലപാതക പരമ്പരയിലെ വാടാനപ്പള്ളി രാജീവ് വധക്കേസില്‍ നാല് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും ഒരാള്‍ക്ക് ജീവപര്യന്തവും വിധിച്ചു. മുഴുവന്‍ പ്രതികളും പതിനായിരം രൂപ വീതം പിഴയടക്കണം. ഇല്ലെങ്കില്‍ ഒരുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കേണ്ടിവരും. 19 വര്‍ഷത്തിന് ശേഷം തൃശൂര്‍ ഫോര്‍ത്ത് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ജഡ്ജ് കെ.പി.സുധീര്‍ ആണ് വിധി പ്രസ്താവിച്ചത്.
ഒന്നാം പ്രതി വാടാനപ്പള്ളി മമ്മസ്രായി അബൂബക്കര്‍ മകന് സഗീര്‍ (44), മൂന്നാം പ്രതി വാടാനപ്പള്ളി അബ്ദുള്ളയുടെ മകന് ഫിറോസ് (38), അഞ്ചാം പ്രതിയും ഒന്നാം പ്രതിയുടെ സഹോദരനുമായ ഷാജഹാന് (40), ആറാം പ്രതി വാടാനപ്പള്ളി പള്ളിത്തോട്ടിങ്ങല് ഷാഹുല്‍ ഹമീദിന്റെ മകന് ഷിഹാബ് (38) എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. പത്താം പ്രതി മലപ്പുറം പുലാമന്തോള്‍ പൊതുവാക്കുത്ത് ഇബ്രാഹിം മൊല്ലയുടെ മകന് ഉസ്മാനെ(47) ജീവപര്യന്തം തടവിനും ശിക്ഷിച്ചു. മുഴുവന്‍ പ്രതികളും ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ്. പത്താം പ്രതി ഒഴികെയുള്ളവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തു.
വിചാരണ വേളയില്‍ ഹാജരായിരുന്ന നാലാം പ്രതി ബഷീര്‍ (40) ഒരു മാസം മുന്‍പ് ഗള്‍ഫിലേക്ക് കടന്നിരുന്നു. ഇയാളും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ ശിക്ഷ വിധിച്ചിട്ടില്ല.
1995 ഡിസംബര്‍ 29ന് രാത്രി 1.15നാണ് യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന വാടാനപ്പള്ളി ചെമ്പകത്ത് കരുണാകരന്റെ മകന് രാജീവ് (28) ദാരുണമായി കൊല്ലപ്പെട്ടത്. മുസ്ലീം സ്ത്രീയുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു മതഭീകരവാദ സംഘം രാജീവിനെ മൃഗീയമായി കൊലപ്പെടുത്തിയത്. 55 വെട്ടേറ്റ ശരീരത്തില്‍ നിന്നും ജനനേന്ദ്രിയം മുറിച്ചു മാറ്റപ്പെട്ട നിലയിലായിരുന്നു.
ലോക്കല്‍ പോലീസ് അന്വേഷിച്ച കേസില്‍ തീവ്രവാദ ബന്ധം വ്യക്തമായതിനാല്‍ ക്രൈംബ്രാഞ്ചിന് കൈമാറി. സമാനമായ രീതിയില്‍ സംസ്ഥാനത്ത് നടന്ന നാല് കൊലപാതകങ്ങളും അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജം ഇയ്യത്തുല്‍ ഇസാനിയ എന്ന മുസ്ലീം ഭീകരവാദ സംഘടനയാണ് നാല് കൊലപാതകങ്ങള്‍ക്കും പിന്നിലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയും ചെയ്തു. കേസിലെ സാക്ഷിയായിരുന്ന ഉദയകുമാറിനെയും ഇവര്‍ കൊലപ്പെടുത്തിയിരുന്നു.
ഒരു തവണ വിധി പ്രഖ്യാപിച്ച കേസില്‍ തുടര്‍ വിചാരണക്ക് ശേഷമാണ് വീണ്ടും വിധി പ്രഖ്യാപനമുണ്ടായത്. 11 പ്രതികളുണ്ടായിരുന്ന കേസില്‍ രണ്ടാം പ്രതി വാടാനപ്പള്ളി കുഞ്ഞുമൊയ്തീന്റെ മകന് നൗഷാദ് (40), ഏഴാം പ്രതി വാടാനപ്പള്ളി പുതിയ വീട്ടില്‍ അബ്ദുള്‍ ഹമീദ് (63) എന്നിവരെ മാത്രമാണ് അന്വേഷണ സംഘത്തിന് പിടികൂടാനായിരുന്നത്. ഇതില്‍ രണ്ടാം പ്രതിയെ 2003ല്‍ കോടതി വെറുതെ വിടുകയും ഏഴാം പ്രതി വിചാരണക്കിടെ മരിക്കുകയും ചെയ്തു. ഇതിന് ശേഷം 2008ല്‍ ഇപ്പോഴത്തെ വിധിയിലുള്ള ആറ് പ്രതികള്‍ കീഴടങ്ങുകയായിരുന്നു. എട്ടാം പ്രതി യൂസഫ് (47), ഒമ്പതാം പ്രതി സെയ്തലവി (49), പതിനൊന്നാം പ്രതി അബ്ദുള്‍ അസീസ് (43) എന്നിവരെ പിടികൂടാനായില്ല. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ വിനു വര്‍ഗ്ഗീസ് കാച്ചപ്പള്ളി ഹാജരായി. ബിജെപി ജില്ലാ പ്രസിഡണ്ട് എ.നാഗേഷ്, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട്, രാജീവിന്റെ സഹോദരന് സി.കെ.ബെറ്റി എന്നിവരും നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരും വിധി കേള്‍ക്കാന്‍ എത്തിയിരുന്നു.
ജിഹാദി കൊലയാളി വലയ്ക്ക് പുറത്ത്
തൃശൂര്‍: പുരോഗമന കേരളത്തില്‍ മത ഭീകരവാദത്തിന് സ്ഥാനമില്ലെന്ന് അഹങ്കരിച്ചവരുടെ മുന്നിലാണ് തൊണ്ണൂറുകളില്‍ ജിഹാദി പ്രസ്ഥാനങ്ങള്‍ അഴിഞ്ഞാടിയത്. സിനിമ ഇസ്ലാം വിരുദ്ധമാണെന്ന് പറഞ്ഞ് അവര്‍ തീയറ്ററുകള്‍ ചുട്ടെരിച്ചു. സ്ത്രീ സംരക്ഷണത്തിന്റെയും സദാചാരത്തിന്റെയും സംരക്ഷകര്‍ ചമഞ്ഞ് അവര്‍ യുവാക്കളെ കൊലപ്പെടുത്തി. അറിയപ്പെടുന്ന മുസ്ലീം നേതാവിന്റെ സമ്പത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിലാണ് ജം ഇയ്യത്തുല്‍ ഇസാനിയ എന്ന മുസ്ലീം ഭീകരവാദ സംഘടന രൂപമെടുക്കുന്നത്. സംഘടനയെ നിയന്ത്രിച്ചിരുന്നത് ഇന്ന് എന്‍ഐഎ അന്വേഷിക്കുന്ന ജിഹാദി സെയ്തലവിയാണ്.
നാല് പേരുകളില്‍ അറിയപ്പെടുന്ന സെയ്തലവി നാല് കൊലപാതകങ്ങളിലെ പ്രതിയാണ്. യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന വാടാനപ്പള്ളി ചെമ്പകത്ത് കരുണാകരന്റെ മകന് രാജീവിനെ കൊലപ്പെടുത്തിയ കേസിലെ ഒമ്പതാം പ്രതിയാണ് മലപ്പുറം പുലാമന്തോള്‍ സ്വദേശിയായ സെയ്തലവി. അന്‍വറലി, അബ്ദുള്ള, ഷെയ്ക്ക് അബ്ദുള്ള എന്നീ പേരുകളിലും ഇയാള്‍ അറിയപ്പെടുന്നു.
രാജീവ് വധത്തിന്റെ അന്വേഷണത്തിനിടെയാണ് മറ്റ് കൊലപാതകങ്ങളിലെയും തീവ്രവാദ ബന്ധം പുറത്തറിയുന്നത്. ചളിയങ്ങാട് സന്തോഷ്, കൊല്ലങ്ങോട് മണി, ചങ്ങരംകുളം താമി എന്നിവരുടെ കൊലപാതകങ്ങളിലും സംഘടനയ്ക്ക് പങ്കുള്ളതായി സൂചന ലഭിച്ചു. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യക സംഘത്തെ നിയോഗിക്കുകയുണ്ടായി. നാല് കൊലപാതകങ്ങളും ആസൂത്രണം ചെയ്തത് സെയ്തലവിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഇയാളെ ഇത് വരെ പിടികൂടാനായില്ല.
ഏറ്റവും ക്രൂരമായ രീതിയില്‍ തെളിവുകളില്ലാതെ കൊലപാതകം നടത്തുന്നതായിരുന്നു സംഘടനയുടെ സ്വഭാവം. രാജീവിനെ കൊലപ്പെടുത്തിയ സംഘത്തില്‍ അയല്‍വാസികള്‍ പോലും ഉള്‍പ്പെട്ടിരുന്നു. സാക്ഷികളിലൊരാളെയും സംഘം കൊലപ്പെടുത്തി. പ്രലോഭനങ്ങളിലൂടെയും ഭീഷണിയിലൂടെയും അന്വേഷണ സംഘത്തെ പിന്തിരിപ്പിക്കാന് ശ്രമം നടന്നു. 19 വര്‍ഷത്തിന് ശേഷം വന്ന വിധി ഭീകരതക്കെതിരായ ശക്തമായ താക്കീതും പ്രോസിക്യൂഷനുള്ള അംഗീകാരവുമാകുന്നു. പ്രതികള്‍ തീവ്രവാദ സംഘടനയിലെ പ്രവര്‍ത്തകരാണെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് കോടതിയുടെ വിധി.
സംഘടനയുടെ ഭീകര മുഖം പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് കാട്ടപ്പെട്ടതോടെ നേതാക്കള്‍ പുതിയ സംഘടനയിലേക്ക് ചേക്കേറി. കാശ്മീര്‍ റിക്രൂട്ട്മെന്റ് ഉള്‍പ്പെടെ നിരവധി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ളതായി കണ്ടെത്തിയ സംഘടനയിലാണ് ഇവരിപ്പോള്‍ ഉള്ളത്. പ്രതികള്‍ക്ക് പിന്തുണയുമായി സംഘടനയിലെ നിരവധി പ്രവര്‍ത്തകര്‍ കോടതിയിലെത്തിയിരുന്നു. ഭാവവ്യത്യാസമില്ലാതെയാണ് പ്രതികള്‍ ശിക്ഷ കേട്ടത്. കോടതിക്ക് പുറത്തേക്കിറങ്ങുമ്പോള്‍ കൂടി നിന്നവരെ വിജയ ചിഹ്നം ഉയര്‍ത്തിക്കാണിച്ച് സന്തോഷം പ്രകടിപ്പിക്കുകയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: