ആലപ്പുഴ: സിപിഎമ്മിന്റെ 21-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായ സാഹചര്യത്തില്‍ വിഎസ് പക്ഷം നാമാവശേഷമായി. 12 ജില്ലാ സമ്മേളനങ്ങളാണ് കഴിഞ്ഞത്. കൊല്ലം ജില്ലാസമ്മേളനം ഇന്ന് സമാപിക്കും. കണ്ണൂരില്‍ 29ന് തുടങ്ങും. സമ്മേളനം പൂര്‍ത്തിയായ എല്ലാ ജില്ലകളിലും ഔദ്യോഗിക പക്ഷത്തിന് വന്‍ മേധാവിത്വമാണുള്ളത്. കൊല്ലത്തും കണ്ണൂരിലും യാതൊരു മാറ്റവും സംഭവിക്കാന്‍ ഇടയില്ല.
പാര്‍ട്ടിയിലെ വിഎസ് പക്ഷത്തിന്റെ പോരാട്ടം ഏരിയ സമ്മേളനത്തോടെ അവസാനിക്കുകയായിരുന്നു. മത്സരം ഒഴിവാക്കണമെന്ന കേന്ദ്ര കമ്മറ്റിയുടെ നിര്‍ദേശം ലോക്കല്‍-ഏരിയ സമ്മേളനങ്ങളില്‍ ലംഘിക്കപ്പെട്ടു. പലയിടത്തും വിഎസ് പക്ഷം ആധിപത്യം നിലനിര്‍ത്തുകയും ചിലയിടങ്ങളില്‍ മത്സരിച്ച് വിജയിക്കുകയും ചെയ്തു. എന്നാല്‍ ജില്ലാ സമ്മേളനങ്ങളില്‍ കഥ മാറി. പ്രതിഷേധത്തിന്റെ ശബ്ദമുയര്‍ത്താന്‍ പോലും വിഎസ് പക്ഷത്തിന് കഴിഞ്ഞില്ല.
ഔദ്യോഗിക പക്ഷം ദാനമായി നല്കിയ ജില്ലാ കമ്മറ്റി അംഗത്വങ്ങളില്‍ വിഎസ് വിഭാഗക്കാര്‍ ഒതുങ്ങി. വിഎസിന് ശേഷം ഈ വിഭാഗത്തെ നയിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കഴിയുന്ന നേതൃത്വം ഇല്ലാതെ പോയതാണ് വിഎസ് പക്ഷത്തിന് കനത്ത തിരിച്ചടിയായത്. അടുത്തമാസം 20 മുതല്‍ 23 വരെ ജന്മനാടായ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ഔദ്യോഗിക പക്ഷത്തിന്റെ ഔദാര്യമായിരിക്കും വി.എസ്. അച്യുതാനന്ദന്റെ സ്ഥാനം നിശ്ചയിക്കുക.
ഔദ്യോഗിക പക്ഷത്തെ പ്രമുഖ നേതാക്കളുടെ അസാന്മാര്ഗിക നടപടികള്‍ ഉള്‍പ്പെടെയുള്ളവയ്ക്കെതിരെ പ്രതികരിച്ചവരെ മൂലയ്ക്കിരുത്തിയ നേതൃത്വം നയങ്ങളോട് വിധേയത്വം കാണിച്ച പി. മോഹനന്, ഗോപി കോട്ടമുറിക്കല്‍ എന്നിവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്കി വിഎസ് പക്ഷ നേതാക്കള്‍ക്ക് വ്യക്തമായ സന്ദേശം നല്കി. പക്ഷേ, ഔദ്യോഗിക പക്ഷത്ത് തന്നെ പ്രാദേശിക തലങ്ങളിലുണ്ടായ ഭിന്നതകളാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. പല ജില്ലകളിലും ഔദ്യോഗിക പക്ഷം പല തട്ടുകളായാണ് പ്രവര്‍ത്തിക്കുന്നത്.
കണ്ണൂര്‍ ലോബിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് വിഎസ് പക്ഷത്തിന്റെ കൂടി പിന്തുണയോടെ ഔദ്യോഗിക വിഭാഗത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന പ്രതീക്ഷയോടെ രംഗത്തെത്തിയ എം.എ. ബേബി, തോമസ് ഐസക് പക്ഷം തീര്‍ത്തും ദുര്‍ബലരായി. പിണറായി വിജയന് അടക്കമുള്ള ഔദ്യോഗികപക്ഷ നേതാക്കളുടെ ഗുഡ് ബുക്കില്‍ എങ്ങനെയും കയറിപ്പറ്റാന്‍ മത്സരിക്കുകയാണ് ഐസക്കും ബേബിയും.
കൊല്ലത്തെ കനത്തപരാജയവും പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം പാര്ട്ടിക്കാര് തന്നെ കത്തിച്ചതും ബേബിയുടെയും ഐസക്കിന്റെയും മൂന്നാംചേരിക്കുള്ള നീക്കത്തിന് കനത്ത തിരിച്ചടിയായി. ഒരുകാലത്ത് സിഐടിയു ലോബിയെ വെട്ടിനിരത്തി താന്‍ വളര്‍ത്തിക്കൊണ്ടുവന്ന നേതാക്കളുടെ വെട്ടിനിരത്തലിനിരയായി വെറും കാഴ്ചക്കാരന്റെ റോളിലാണ് ഇന്ന് വി.എസ്. അച്യുതാനന്ദന്. കഴിഞ്ഞ തിരുവനന്തപുരം സമ്മേളനത്തില്‍ യുവനേതാവ് ആവശ്യപ്പെട്ട പോലെ ക്യാപിറ്റല്‍ പണീഷ്മെന്റ് പുന്നപ്ര-വയലാറിന്റെ നാട്ടില്‍ പുന്നപ്ര സമരനായകന് അനുഭവിക്കേണ്ടി വരുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: