തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ നിലവിലുണ്ടെങ്കില്‍ 13ന് താന്‍ തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന് ധനകാര്യമന്ത്രി കെ എം മാണി. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് തന്നെ തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നെന്നും ഇപ്പോള്‍ നടക്കുന്നത് ബ്ലാക്ക് മെയില്‍ കച്ചവടമാണെന്നും മാണി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
അഴിമതിക്കാരനെന്ന് ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ താന്‍ അഴിമതിക്കാരനാകില്ലെന്നും ആരോപണമുന്നയിച്ചവര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും മാണി പറഞ്ഞു. തുടര്‍ച്ചയായി 12 തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച ഒരു നിയമസഭാംഗമാണ് ഞാന്‍. തന്റെ ജീവിതം തുറന്ന പുസ്തകമാണെന്നും മാണി പ്രതികരിച്ചു.
ജോസ് കെ മാണിയെ തന്റെ പിന്ഗാമിയാക്കാനാവില്ലെന്ന പി.സി.ജോര്‍ജ്ജിന്റെ പ്രസ്താവന ആവശ്യമില്ലാത്തതാണെന്നും മാണി ചൂണ്ടിക്കാട്ടി.
ബാര്‍ കോഴ എന്ന പേരില്‍ തന്നെ വേട്ടയാടുന്നതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ തനിക്കറിയാമെന്നും എന്നാല്‍ മാധ്യമങ്ങളോട് അത് വെളിപ്പെടുത്താനാവില്ലെന്നും മാണി പറഞ്ഞു.
സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമാണ് മദ്യനയം. അതിന് എന്റെ വകുപ്പുമായി ബന്ധമില്ല. എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത് ഞാനല്ല. നിയമപ്രശ്നങ്ങള്‍ മാത്രമാണ് നിയമവകുപ്പുമായി ആലോചിക്കാറുള്ളത്. യാതൊരു വിധത്തിലുള്ള തെളിവുകളുടേയും പിന്‍ബലമില്ലാതെയാണ് തനിക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നതെന്നും മാണി പറഞ്ഞു. കല്ലെറിയുന്നവര്‍ കല്ലെറിയട്ടെയെന്നും തന്നോടൊപ്പം ജനപിന്തുണയുണ്ടെന്നും മാണി കൂട്ടിച്ചേര്‍ത്തു.
ആദ്യം പത്ത് ലക്ഷത്തില്‍ തുടങ്ങിയ ആരോപണം പിന്നീട് 30 കോടി വരെയെത്തി. വീട്ടില്‍ പണമെണ്ണുന്ന യന്ത്രമുണ്ടെന്നുപോലും ആരോപണമുയര്‍ന്നു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കൊപ്പം മാധ്യമങ്ങള്‍ കൂട്ടു നില്‍ക്കരുത്.
തനിക്കെതിരെ ഉയര്‍ന്ന മറ്റൊരു ആരോപണമാണ് നികുതിയിളവുകൊടുത്ത് അഴിമതി നടത്തിയെന്നത്. എന്നാല്‍ മുമ്പും ധനകാര്യമന്ത്രിമാര്‍ ഇത്തരത്തില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ അല്ല വിഭാഗത്തിനാണ് നികുതിയിളവ് നല്‍കിയതെന്നും മാണി പറഞ്ഞു.
ഫേസ്ബുക്ക് കൂട്ടായ്മകള്‍ തനിക്ക് അയക്കുന്ന മണി ഓര്‍ഡര്‍ കാരുണ്യ പദ്ധതിയിലേക്ക് നല്‍കുമെന്നും മണി ഓര്‍ഡറുകളൊന്നും നിരസിക്കില്ലെന്നും മാണി പറഞ്ഞു. അതുകൊണ്ട് മണി ഓര്‍ഡറുകള്‍ അയക്കുന്നവര്‍ ഇനിയും അയക്കട്ടെയെന്നും മാണി പറഞ്ഞു.
അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകുമെന്നത് വ്യാജ പ്രചാരണമാണ്. കാലിനൊരു മുട്ടുവേദനയുണ്ട്. അതിന് ധന്വന്തരം കുഴമ്പു പുരട്ടിയാല്‍ മതി. അതിന് അമേരിക്കയിലേക്ക് പോയി സര്‍ക്കാരിന്റെ കാശു കളയേണ്ട കാര്യമില്ലെന്നും മാണി പറഞ്ഞു. തനിക്കെതിരെ നടന്ന ഗൂഢാലോചന മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: