മാനന്തവാടി:വയനാട്ടിലെ തിരുനെല്ലിയില്‍ വീണ്ടും മാവോവാദികളുടെ ആക്രമണം. വെള്ളമുണ്ടയിലെ വനംവകുപ്പ് ഓഫീസ് ആക്രമിച്ച് ഒരുമാസം പൂര്ത്തിയാകുേേമ്പാഴേക്കുമാണ് വയനാട്ടില്‍ വീണ്ടും ശക്തമായ മാവോയിസ്റ്റ് ആക്രമണം ഉണ്ടാകുന്നത്. തിരുനെല്ലിയിലെ കേരള ടൂറിസം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ടാമിറിന്റ് റസ്റ്റോറന്റിലാണ് ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ആക്രമണമുണ്ടായത്. രണ്ട് വനിതകളടങ്ങിയ ആറംഗസംഘമാണ് ഹോട്ടലില്‍ ആക്രമണം നടത്തിയത്.
റിസ്പഷന് കൗണ്ടറിലെത്തിയ സ്ത്രീ സെക്യൂരിറ്റി ജീവനക്കാരന് ജോസിനോട് തങ്ങള്‍ മാവോയിസ്റ്റുകളാണെന്ന് പരിചയപ്പെടുത്തി. ആരെയും ആക്രമിക്കില്ലെന്നും സര്‍ക്കാരിന്റെ നയങ്ങളോട് മാത്രമാണ് എതിര്‍പ്പുള്ളതെന്നും മലയാളത്തില്‍ പറഞ്ഞു. ഈസമയം സംഘത്തിലെ പുരുഷന്മാര് വടി ഉപയോഗിച്ച് ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. റിസപ്ഷന് കൗണ്ടറിലെ ഗ്ലാസുകള്‍, ഫോണ്‍, പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്, ടിവി, കമ്പ്യൂട്ടര്‍ തുടങ്ങി മറ്റ് ഫര്‍ണ്ണിച്ചറുകളും അടിച്ചു തകര്‍ത്തു. സെക്യൂരിറ്റി ജീവനക്കാരനോട് ഭക്ഷണവും ആവശ്യപ്പെട്ടു.
അമേരിക്കന്‍ ഭീകരസത്വമായ ഒബാമ ഇന്ത്യ വിട്ടുപോകുക എന്നെഴുതിയ പോസ്റ്ററുകള്‍ ഹോട്ടലിന് സമീപത്തായി പതിച്ചിട്ടുണ്ട്. ചുമരിലും തൂണിലുമായി മാര്‍ക്കര്‍ പേന ഉപയോഗിച്ച് ഒബാമയ്ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളും എഴുതിയിട്ടുണ്ട്. ക്ഷേത്രവഴിയിലും ഹോട്ടല്‍ പരിസരങ്ങളിലുമായി നിരവധി പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്. തിരുനെല്ലിക്ക് പറയാനുള്ളത് എന്ന തലക്കെട്ടില്‍ ലഘുലേഖയും വിതറിയിട്ടുണ്ട്. റിസോര്‍ട്ട് മാഫിയയ്ക്കെതിരെ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പുമുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ഇതേ ഹോട്ടലിന് പത്ത് മീറ്റര്‍ അകലെമാത്രമുള്ള റിസോര്ട്ടിനെതിരെയായിരുന്നു ആക്രമണം നടന്നത്.
മാനന്തവാടി ഡിവൈഎസ്പി എ.ആര്.പ്രേംകുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കുഞ്ഞന്‍, വിരലടയാള വിദഗ്ദ്ധര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. തിരുനെല്ലി മൂലേപ്പടി കോളനിയിലെത്തി വഴി ചോദിച്ച് മനസിലാക്കിയാണ് സംഘം മടങ്ങിയതെന്നും പറയപ്പെടുന്നു. സിഐ പി.എന്‍.ഷൈജുവിന്റെ നേതൃത്വത്തില്‍ തിരുനെല്ലി കാട്ടില്‍ തിരച്ചില്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: