ഇരുപത് വര്‍ഷം മുമ്പ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ് ന്യൂദല്‍ഹിയില്‍ നിന്നും ഒരു ഔദ്യോഗിക ക്ഷണം പോയി. 1995 ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി എത്തുമോ എന്നതായിരുന്നു സന്ദേശം. മുന്‍വിദേശകാര്യസെക്രട്ടറി കെ.ശ്രീനിവാസന് വഴി പോയ ക്ഷണത്തിന് വൈകാതെ തന്നെ മറുപടിയും ലഭിച്ചു. ക്ലിന്റണ് വരില്ല!
പരമ്പരാഗത നയതന്ത്രവഴികളിലൂടെ അമേരിക്കന്‍ ഡപ്യൂട്ടി സെക്രട്ടറിക്ക് കൈമാറിയ ഭാരത പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ ക്ഷണക്കത്ത് നിരസിക്കപ്പെട്ടതിന് കാരണം വ്യക്തമല്ല. എങ്കിലും നയതന്ത്രരംഗത്തെ പരമ്പരാഗത സമ്പ്രദായങ്ങള്‍ രാജ്യത്തിനൊരിക്കലും കാര്യമായ നേട്ടം സമ്മാനിച്ചിട്ടില്ലെന്ന് ഉറപ്പാണ്. നെഹ്രുവിന്റെയും ഇന്ദിരാഗാന്ധിയുടേയും കാലത്ത് വ്യക്തിബന്ധങ്ങള്‍ നിര്‍ണ്ണായക ഘടകമായിരുന്ന അന്താരാഷ്ട്ര നയതന്ത്രരംഗത്ത് പിന്നീട് ഭാരതം പരാജയപ്പെട്ടത്രേ. ആഗോളതലത്തില്‍ സ്വീകാര്യതനേടിയ നേതാക്കളുടെ അഭാവം തന്നെയായിരുന്നു പ്രധാന പ്രശ്നം.
അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്തു മാത്രമാണ് ഈ പ്രതിസന്ധിക്ക് അല്‍പ്പമെങ്കിലും കുറവനുഭവപ്പെട്ടത്. ഉറച്ച തീരുമാനങ്ങളും ശക്തമായ നിലപാടുകളും സ്വീകരിക്കാത്ത രാഷ്ട്ര നേതൃത്വം അവഗണിക്കപ്പെടുകയെന്നത് സ്വാഭാവികമാണ്.
ഒരുപതിറ്റാണ്ടോളമായി രാജ്യം നേരിട്ട നേതൃത്വ പ്രതിസന്ധിയുടെ പരിഹാരമാണ് നരേന്ദ്രമോദിയെന്ന് വീണ്ടും തെളിയിക്കുകയായിരുന്നു ഒബാമയെ റിപ്പബ്ലിക്ദിനത്തിലെ മുഖ്യാത്ഥിയായി ക്ഷണിച്ചുകൊണ്ടുള്ള ആ സന്ദേശം. കഴിഞ്ഞ സപ്തംബറില്‍ അമേരിക്ക സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ബരാക് ഒബാമയും തമ്മില്‍ ഉടലെടുത്ത വ്യക്തിബന്ധത്തിന്റെ ഊഷ്മളത അന്താരാഷ്ട്ര നയതന്ത്രവിദഗ്ധരെ അത്ഭുതപ്പെടുത്തി.
വര്‍ഷങ്ങളായി വിസ നിഷേധിച്ച ഒരു നേതാവിനെ സ്വീകരിക്കാനായി അമേരിക്കന്‍ പ്രസിഡന്റ് സ്വീകരിച്ച നടപടികളാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. വൈറ്റ്ഹൗസിലെ ഔദ്യോഗിക സ്വീകരണത്തിനുശേഷം അമേരിക്കന്‍ പ്രസിഡന്റിന്റെ ആസ്ഥാനം മുഴുവനും മോദിക്ക് ഒബാമ കാണിച്ചു കൊടുത്തത്രേ.
സ്വന്തം പഠനമുറിയുള്പ്പെടെയുള്ള സ്വകാര്യമുറികളിലേക്കു വരെ ഒബാമ മോദിയെ കൂട്ടിക്കൊണ്ടുപോയി. തന്റെ മക്കള്‍ക്ക് ഭാരതം കാണണമെന്ന ആഗ്രഹവും മോദിയോട് ഒബാമ ഈയവസരത്തില്‍ പ്രകടിപ്പിച്ചു. തുടര്‍ന്ന് മാര്‍ട്ടന്‍ ലൂഥര്‍കിങ്ങിന്റെ സ്മാരകം കാണാന്‍ പോയ മോദിക്കൊപ്പം എല്ലാ പ്രോട്ടോക്കോളുകളും ലംഘിച്ചുകൊണ്ട് ബരാക് ഒബാമ പോയത് വലിയ ആശ്ചര്യം സൃഷ്ടിച്ചു. മ്യാന്മറില് നടന്ന ലോകരാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ മോദിയെ ഒബാമ വിശേഷിപ്പിച്ചത് ‘മാന്‍ ഓഫ് ആക്ഷന്‍’ എന്നാണ്. ഇരുനേതാക്കളും തമ്മില്‍ ഉടലെടുത്ത വ്യക്തിബന്ധം ദൃഢമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇതെല്ലാം.
നവംബര്‍ 21ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ സന്ദേശം ഇങ്ങനെ! ‘ഈ റിപ്പബ്ലിക്ദിനത്തില്‍ നമുക്കൊരു സുഹൃത്തെത്തുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കും’. ഇതായിരുന്നു മോദിയുടെ ട്വീറ്റ്. തൊട്ടുപിന്നാലെ മിനുറ്റുകള്‍ക്കകം അമേരിക്കയുടെ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഒബാമയുടെ സന്ദര്‍ശനം സ്ഥിരീകരിച്ചു പ്രസ്താവനയിറക്കി. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ സമയം മാറ്റിവെച്ചു.
കഴിഞ്ഞ പത്തുദിവസമായി എന്നും വൈകിട്ട് നോര്‍ത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പ്രധാന ഉദ്യോഗസ്ഥര്‍ക്കൊപ്പം ഒബാമ സന്ദര്‍ശന ക്രമീകരണങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മോദിയുമിരുന്നു. നരേന്ദ്രമോദിയുടെ അറിവില്ലാത്ത യാതൊന്നും ഒബാമ സന്ദര്‍ശനത്തിന്റെ ഭാഗമായി ന്യൂദല്‍ഹി ഒരുക്കിയിട്ടില്ല.
ഒടുവില്‍ ഇന്നലെ രാവിലെ 9.40ന് പാലം സൈനിക വിമാനത്താവളത്തിലിറങ്ങിയ ബരാക് ഒബാമയെ സ്വീകരിക്കാന്‍ എല്ലാ പ്രോട്ടോക്കോളുകളും തെറ്റിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതും ഇരുവരുടേയും സൗഹൃദത്തിന്റെ നേര്‍ക്കാഴ്ചയായി. ഇരുവരും നടത്തിയ ഗാഢാലിംഗനവും ഇതുതന്നെയാണ് കാണിക്കുന്നത്.
റിപ്പബ്ലിക് ദിനപരേഡ് കാണുന്നതിനായുള്ള ക്ഷണം അമേരിക്കന്‍ പ്രസിഡന്റ് സ്വീകരിച്ചെങ്കിലും അതിനുപിന്നിലെ അമേരിക്കയിലെ ഭാരത അംബാസഡര്‍ ഡോ.ജയശങ്കറിന്റെ പരിശ്രമങ്ങള്‍ വളരെ വലുതാണ്. നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലുമായി നടത്തിയ തുടര്‍ച്ചയായ യോഗങ്ങള്‍ക്കൊപ്പം മറ്റു വ്യാപാര-വ്യാവസായിക കരാറുകള്‍ സംബന്ധിച്ച ധാരണകളും ഭാരത വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജയശങ്കര്‍ നിര്‍വഹിച്ചു. ഇത്തരത്തില്‍ നിരവധി ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുടെ മനമറിഞ്ഞ് പ്രവര്‍ത്തിച്ചപ്പോള്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി താളംതെറ്റിക്കിടന്ന ഭാരത-യുഎസ് ബന്ധത്തിന് പുതുജീവന്‍ വയ്ക്കുകയായിരുന്നു.
ആറ് അമേരിക്കന്‍ പ്രസിഡന്റുമാരാണ് ഭാരതം സ്വാതന്ത്ര്യം നേടി 68 വര്‍ഷത്തിനുള്ളില്‍ ഇതുവരെ രാജ്യത്ത് സന്ദര്‍ശനം നടത്തിയത്. ഒബാമ മാത്രമാണ് രണ്ടാമതു തവണ സന്ദര്‍ശനത്തിനെത്തിയത്. ഐസന്‍ഹോവര്‍ 1959ല്‍ നെഹ്രുവിന്റെ ക്ഷണപ്രകാരം രാജ്യത്തെത്തി. റിച്ചാര്‍ഡ് നിക്സണ് 69ല്‍ ദല്‍ഹിയിലെത്തുമ്പോള്‍ ഇന്ദിരാഗാന്ധിയായിരുന്നു പ്രധാനമന്ത്രി. എന്നാല്‍ 1971ലെ ബംഗ്ലാദേശ് യുദ്ധത്തില്‍ ഇന്ദിരയ്ക്കെതിരായ കടുത്ത നിലപാടാണ് റിച്ചാര്‍ഡ് നിക്സണ് സ്വീകരിച്ചത്.
ജനതാ സര്‍ക്കാരിന്റെ കാലത്ത് 78ല്‍ ജിമ്മി കാര്‍ട്ടര്‍ എത്തിയെങ്കിലും ആണവശക്തിയാകാനുള്ള ഭാരതത്തിന്റെ ശ്രമങ്ങള്‍ക്ക് എതിരായ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടേയിരുന്നു. 2000ല്‍ വാജ്പേയി ഭരണകാലത്ത് ദല്‍ഹി സന്ദര്‍ശിച്ച ബില്‍ ക്ലിന്റണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ വിജയിച്ചു. ഭാരതത്തെ ആണവ ശക്തിയായി അംഗീകരിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് ക്ലിന്റണ് തയ്യാറായത് വാജ്പേയിയുടെ നയതന്ത്രവിജയമായിരുന്നു.
2006ല്‍ ജോര്‍ജ് ബുഷ് ദല്‍ഹിയിലെത്തുമ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്തോ-യുഎസ് ആണവ കരാറിലൊപ്പിടുകയും ചെയ്തു. 2010ല്‍ ഒബാമയുടെ ആദ്യസന്ദര്‍ശനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന രണ്ടുവര്‍ഷങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വല്ലാതെ ആടിയുലഞ്ഞു.
ദേവയാനി ഖോബ്രഗഡെ വിഷയത്തില്‍ നയതന്ത്രബന്ധത്തില്‍ വല്ലാത്ത ഉടവുതട്ടി എന്നത് ഇരുരാജ്യങ്ങളിലെയും നയതന്ത്രവിദഗ്ധര്‍ അംഗീകരിക്കുന്നു. എങ്കിലും ആ പിണക്കങ്ങള്‍ മറന്നുകൊണ്ട് പുതിയ നേതൃത്വത്തിനു കീഴില്‍ മുമ്പത്തെക്കാളും ദൃഢമായ ബന്ധം ഉണ്ടാക്കാനാണ് ഇരു രാഷ്ട്രങ്ങളുടെയും തീരുമാനം.
2010ലെ ഭാരത സന്ദര്‍ശന വേളയില്‍ ഒബാമ പറഞ്ഞു ‘ഭാരതവും അമേരിക്കയും തമ്മിലുള്ള ബന്ധം 21-ാം നൂറ്റാണ്ടിലെ ഏറ്റവും അര്‍ത്ഥവത്തായ ബന്ധമാണ്’. ഈ വാക്കുകള്‍ നാലര വര്‍ഷങ്ങള്‍ക്കിപ്പുറം യാഥാര്‍ത്ഥ്യമാകാന്‍ പോകുമ്പോള്‍ ഭാരതത്തിന്റെ രാഷ്ട്രീയ നേതൃത്വത്തില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു.
ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്ന, ആഗോളതലത്തില്‍ ശ്രദ്ധേയനായ നരേന്ദ്രമോദിയെന്ന പ്രധാനമന്ത്രിയുടെ കീഴില്‍ ഭാരതം പുതിയ ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങുകയാണ്. ഇന്നലെ ഇരുരാജ്യങ്ങളും തമ്മില്‍ ഹൈദരാബാദ് ഹൗസില്‍ ഒപ്പിട്ട സുപ്രധാന കരാറുകള്‍ നല്കുന്ന സൂചനയിതാണ്. ഇതിനെല്ലാം ഉപരി ഇന്നുരാവിലെ രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ ഇതാദ്യമായി അമേരിക്കന്‍ പ്രസിഡന്റ് മുഖ്യാതിഥിയായി എത്തുമ്പോള്‍ മോദി-ഒബാമ സൗഹൃദത്തിനപ്പുറം വളരുകയാണ് ഭാരതവും അമേരിക്കയും. ലോകത്തിലെ രണ്ടു ജനാധിപത്യശക്തികള്‍ ചേര്‍ന്നുള്ള പുതുയുഗത്തിന്റെ തുടക്കമാണ് സംഭവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: