കോട്ടയം: ശക്തമായ പ്രതിഷേധങ്ങളുണ്ടാകാന്‍ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ധനകാര്യമന്ത്രി കെ.എം. മാണി കോട്ടയത്തേയ്ക്കുള്ള യാത്ര റദ്ദാക്കി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാലാണ് യാത്ര റദ്ദാക്കിയെന്നാണ് ധനമന്ത്രിയുടെ ഓഫീസ് നല്കുന്ന വിശദീകരണം.
പാലായില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികളില്‍ പങ്കെടുക്കാനാണ് മാണി കോട്ടയത്തേയ്ക്ക് പോകാനിരുന്നത്. ഒരു ബാങ്കിന്റെ ഉദ്ഘാടനത്തിലും ഒപ്പം ഒരു സ്വകാര്യ പരിപാടിയുമായിലുമായിരുന്നു ഞായറാഴ്ച കെ.എം. മാണി പങ്കെടുക്കുമെന്നറിയിച്ചിരുന്നത്. പരിപാടികളില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധമുണ്ടാകാനിടയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പരിപാടികള്‍ ഉപേക്ഷിക്കാന്‍ കെ.എം. മാണി തയാറായത്.
കോട്ടയത്തെത്തുന്ന കെ.എം മാണിയെ ബഹിഷ്കരിക്കുമെന്ന് ഇടത് പാര്‍ട്ടികള്‍ വ്യക്തമാക്കിയിരുന്നു. ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും കെഎം മാണിക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. നിലവിലെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യവും കോട്ടയം യാത്രയില്‍ നിന്ന് പിന്മാറാന് മാണിയെ പ്രേരിപ്പിച്ചതായാണ് സൂചന. സെക്രട്ടറിയേറ്റിന് അകത്ത് കയറി മാണിക്കെതിരെ കരിങ്കൊടി കാണിക്കുന്ന സാഹചര്യം വരെയുണ്ടായി. സുരക്ഷാ പാളിച്ചയായാണ് ഇത് വിലയിരുത്തപ്പെട്ടത്. ഇതോടെ ആഭ്യന്തര വകുപ്പ് ധനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
സാധാരണയായി ശനി, ഞായര്‍ ദിവസങ്ങളില്‍ സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനായി മാണി കോട്ടയത്തെത്താറാണ് പതിവ്. എന്നാല്‍ അപ്രധാന പരിപാടികളായതിനാലാണ് യാത്ര റദ്ദാക്കിയതെന്നാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നല്കുന്ന വിശദീകരണം. കഴിഞ്ഞ ഏതാനം ദിവസങ്ങളായി ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാലായില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഹര്‍ത്താലുകള്‍ നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: