കൊല്ലം: നിയമകാര്യങ്ങളില്‍ ദിനംപ്രതി അവഗാഹം വര്‍ദ്ധിപ്പിക്കേണ്ടത് അഭിഭാഷകരാണെന്ന് ഡോ.ഡി.ബാബുപോള്‍. കൊല്ലം പ്രസ് ക്ലബ് ഹാളില്‍ നടന്ന ബിജെപി ലീഗല്‍ സെല്ലിന്റെ സമ്പൂര്‍ണ നിയമസാക്ഷരതാ യജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ നിയമലേഖനങ്ങള്‍ സസൂക്ഷ്മം വായിക്കുകയും നിയമപുസ്തകങ്ങള്‍ വിശകലനം ചെയ്യുകയും വേണം.
പൊതുജനങ്ങളിലേക്ക് നിയമസാക്ഷരത പകര്‍ന്നുനല്‍കേണ്ടവര്‍ അതിനുള്ള ജ്ഞാനം സമ്പാദിച്ചിരിക്കണം. മിക്കപ്പോഴും കേസിന്റെ ആവശ്യത്തിന് മാത്രം നിയമങ്ങളെ പഠിക്കുന്ന സമീപനമാണ് കാണുന്നത്. ചിലരാകട്ടെ പഠനം പൂര്‍ത്തിയാക്കിയശേഷം സ്ഥിരമായി നിയമപുസ്തകം വായിക്കുകപോലുമില്ല. ഇത് രണ്ടും അപകടമാണ്. എല്ലാ നിയമവും എല്ലാവര്ക്കും അറിയാനാവില്ല. എന്നാല്‍ എല്ലാവരും പൊതുവായ നിയമങ്ങള്‍ അറിഞ്ഞിരിക്കണം. നിയമകാര്യങ്ങളിലെ അവഗാഹത്തിനായി ജസ്റ്റിസ് പരിപൂര്ണന് തന്റെ വരുമാനത്തിന്റെ 90 ശതമാനവും ഉപയോഗിച്ചിരുന്നു.
നിയമം സസൂക്ഷ്മനിരീക്ഷണത്തിന് വിധേയനാക്കുന്ന വ്യക്തി എന്ന നിലയില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനാവില്ലെന്നാണ് തന്റെ അഭിപ്രായം. കാരണം അതിന് അടിസ്ഥാനമായി പറയുന്ന നിയമങ്ങള്‍ റദ്ദാക്കപ്പെട്ടു എന്നതാണ്. കോടതികള്‍ക്ക് അവധി നല്‍കുന്നത് ജഡ്ജിമാര്‍ക്കും വക്കീലന്മാര്ക്കും കൂടുതല്‍ നിയമവിവരങ്ങള്‍ പഠിക്കാനാണെന്നും ബാബുപോള്‍ ചൂണ്ടിക്കാട്ടി. പരിപാടിയുടെ ഉദ്ഘാടനം ബിജെപി ജില്ലാപ്രസിഡന്റ് എം.സുനില്‍ നിര്‍വഹിച്ചു. ജില്ലാലീഗല്സെല് കണ്‍വീനര്‍ അഡ്വ.കല്ലൂര്‍ കൈലാസ്നാഥ് അദ്ധ്യക്ഷത വഹിച്ചു. സാധാരണക്കാര്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്നവിധം നിയമവിജ്ഞാനക്ലാസുകള് സംഘടിപ്പിക്കുക, ആവശ്യമെങ്കില്‍ വീടുകളില്‍ പോയി ബോധവല്‍ക്കരണം നടത്തുക, നിയമപരമായ സംശയനിവാരണത്തിനും നിയമോപദേശത്തിനുമായി നിയമക്ലിനിക്കുകള് സംഘടിപ്പിക്കുക, സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിയമാവബോധം വര്‍ദ്ധിപ്പിക്കുവാന്‍ പരിപാടികള്‍ നടത്തുക തുടങ്ങിയവ ലീഗല്‍ സെല്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കൈലാസ് നാഥ് അറിയിച്ചു. ഇതിനു പുറമെ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുവാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലീഗല്‍ ഹെല്‍പ്പ് ലൈന്‍ സജ്ജമാക്കും. ഇതില്‍ ലഭിക്കുന്ന പരാതികള്‍ ഏറ്റെടുത്ത് അവയുടെ പരിഹാരത്തിനായി ജില്ലാ ലീഗല്‍സെല്‍ പ്രവര്‍ത്തിക്കും. തികച്ചും സൗജന്യമാണ് സേവനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: