കൊച്ചി: കോഴയാരോപണങ്ങളില്‍ കുടുങ്ങിയ ധനമന്ത്രി കെഎം മാണിക്കെതിരെ കേരള കോണ്‍ഗ്രസിലും പടനീക്കം. മാണി രാജിവച്ച് മാന്യത കാട്ടണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.
മാണി രാജിവയ്ക്കണം എന്ന് പ്രത്യക്ഷത്തില്‍ അവര്‍ പറയുന്നില്ലെങ്കിലും അതേ ധ്വനിയാണ് അവരുടെ വാക്കുകള്‍ക്ക്. ബാര്‍ കോഴക്കേസില്‍ മാണി രാജിവച്ചാല്‍ സിഎഫ് തോമസ് മന്ത്രിയാകുമെന്നും ജോസ് കെ മാണിയെ, എംപി സ്ഥാനം രാജിവയ്പ്പിച്ച് സംസ്ഥാന മന്ത്രിയാക്കേണ്ടതില്ലെന്നുമാണ് ഇന്നലെ കോട്ടയത്ത് ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് നേതാവുമായ പിസി ജോര്‍ജ്ജ് പറഞ്ഞത്. മാണി രാജിവയ്ക്കണമെന്ന് ജോര്‍ജ്ജ് നേരിട്ടു പറഞ്ഞില്ലെങ്കിലും പറയാതെ അതു തന്നെയാണ് പറഞ്ഞുവച്ചത്.
ബാര്‍ കോഴ വിവാദത്തിന്റെ പേരില്‍ ധനമന്ത്രി മാണി രാജി വച്ചാല്‍ മകന് ജോസ് കെ.മാണി എം.പി മന്ത്രിയാവില്ല, മുതിര്‍ന്ന നേതാവായ സി.എഫ്.തോമസാവും മന്ത്രിയാവുക, ജോസ് കെ മാണിക്ക് ജയ് വിളിക്കാനില്ല,എട്ട് എം.എല്‍.എമാര്‍ ഉള്ളപ്പോള്‍ ഒരു എം.പി വന്ന് മന്ത്രിയാവേണ്ട സാഹചര്യമില്ല, അത് മാന്യതയല്ല, അതിന്റെ പേരില്‍ തര്‍ക്കവും ഒന്നും വേണ്ട. ജോസ് കെ.മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കാനും അനുവദിക്കില്ല, അതിനുള്ള നീക്കമുണ്ടായാല്‍ എതിര്‍ക്കും. മാണിക്ക് പകരം ചെയര്‍മാനാവാന്‍ കേരളാ കോണ്‍ഗ്രസില്‍ സി.എഫ്.തോമസും പി.ജെ.ജോസഫും താനും അടക്കമുള്ള നേതൃനിരയുണ്ട്. ജോര്‍ജ് പറയുന്നു.
ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം മാണിക്കെതിരെ തിരിഞ്ഞുകഴിഞ്ഞുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ജോര്‍ജ്ജിന്റെ വാക്കുകള്‍. മകനെ കൊണ്ടുവരാന്‍ നീക്കമുണ്ടെങ്കില്‍ അതിനു കൂടി തടയിടുകയായിരുന്നു ജോര്‍ജ്ജിന്റെ ലക്ഷ്യം.
മാണിക്കനുകൂലമായി പുറത്തു പലതും പറഞ്ഞിട്ടുണ്ടെങ്കിലും അതൊന്നും കാര്യമാക്കേണ്ടെന്നാണ് ബാറുടമ ബിജു രമേശിനോട് ജോര്‍ജ്ജ് ഫോണില്‍ പറഞ്ഞിരുന്നത്. ഇതിന്റെ ശബ്ദരേഖ ബിജു നേരത്തെ പുറത്തുവിട്ടിരുന്നു. മാണി കോഴ വാങ്ങിയെന്ന കാര്യം സത്യമാണെന്ന് അറിയരുതോയെന്ന ബിജുവിന്റെ ചോദ്യത്തിന് പൊട്ടിച്ചിരിയായിരുന്നു ജോര്‍ജ്ജിന്റെ മറുപടി. ബിജുവുമായുള്ള രഹസ്യ സംഭാഷണ വിവരം പുറത്തായതോടെ തന്നെ ജോര്‍ജ്ജിന്റെ കൂറിനെപ്പറ്റി മാണിക്ക് മനസിലായിരുന്നു. താന്‍ മാണിയെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് പറഞ്ഞ് തലയൂരാന്‍ ജോര്‍ജ്ജ് ശ്രമിച്ചെങ്കിലും അത് വിഫലമായി. മുന്‍പ് മന്ത്രി സ്ഥാനത്തിന് വലിയ ചരടുവലി നടത്തിയെങ്കിലും ഒടുവില്‍ ചീഫ് വിപ്പ് പദവി കൊണ്ട് ജോര്‍ജ്ജിനു തൃപ്തിപ്പെടേണ്ടിവന്നു.
ഇപ്പോള്‍ കെസി ജോസഫിനും പിജെ ജോസഫിനും വേണ്ടി ജോര്‍ജ്ജ് ഇറങ്ങിയത് പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെടുന്ന മാണിവിരുദ്ധ വികാരം ശക്തമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്. ആരോപണം ഉയര്‍ന്ന സമയത്തു തന്നെ അദ്ദേഹം രാജിവയ്ക്കേണ്ടതായിരുന്നുവെന്നും മാണിയെ എതിര്‍ക്കുന്നവര്‍ പറയുന്നു. മാണി രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മാണി അനുകൂലികള്‍. മുന്‍പ് കേരളകോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ആയിരുന്ന നേതാക്കള്‍ മാണിയ്ക്കൊപ്പമാണ് എന്നതാണ് രസകരം.
കോഴ വിവാദത്തില്‍ പെട്ടതോടെ മാണിയും എല്ലാം കൈവിട്ടുപോയ അവസ്ഥയിലാണ്. തനിക്കെതിരെ പാര്‍ട്ടിയില്‍ നടക്കുന്ന നീക്കത്തിന് തടയിടാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് മാണി. ജോര്‍ജിനെതിരെ മാണി പ്രതികരിച്ചെങ്കിലും അത് തികച്ചും ദുര്‍ബലനായ ഒരാളുടെ ശബ്ദമായിരുന്നു. കോഴ വാങ്ങിയെന്ന ആരോപണം പൂര്‍ണ്ണമായും സമ്മതിച്ച മട്ടിലാണ് മാണിയുടെ ഇപ്പോഴത്തെ പെരുമാറ്റവും ശരീരഭാഷയുമെന്നാണ് ചില കേരള കോണ്‍ഗ്രസുകാരുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: