കോട്ടയം: ജില്ലയില്‍ ക്രിമിനല്‍ സ്വഭാവമുള്ള അക്രമ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവരുന്നു. എന്നാല്‍ ലഹരി വസ്തുക്കളുടേയും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടേയും വില്‍പ്പനയുമായി ബന്ധപ്പെട്ട കേസുകളില്‍ ഭയാനകമായ വര്‍ദ്ധനവ്. ജില്ലാ പോലീസ് മേധാവിയുടെ 2013-14 വര്‍ഷത്തെ അവലോകന റിപ്പോര്‍ട്ടിലാണ് ഈ സൂചനയുള്ളത്. 2014 ല്‍ 153 ഭവന ഭേദന കേസുകള്‍ ഉണ്ടായതില്‍ 87 കേസുകള്‍ തെളിയിക്കപ്പെട്ടു. 2013 ല്‍ 172 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 95 കേസുകളാണ് തെളിയിക്കുവാന്‍ സാധിച്ചത്.
കൊലപാതക കേസുകളും കുറഞ്ഞു വരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. 17 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എല്ലാ കേസുകളും തെളിയിക്കപ്പെട്ടു. 30 വധശ്രമകേസുകളിലും തെളിവ് കണ്ടെത്തുന്നതില്‍ ജില്ലാ പോലീസ് സംവിധാനം വിജയിച്ചു. 2013,2014 വര്‍ഷങ്ങളില്‍ ജില്ലയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ത്രീകള്‍ക്കെതിരായ ബലാത്സംഗം, മാനഭംഗം തുടങ്ങിയ കുറ്റകൃത്യങ്ങളിലും കുറവുണ്ടായിട്ടുണ്ട്. 2013 ല്‍ ഇത്തരത്തിലുള്ള 328 കേസുകളാണ് ഉണ്ടായിരുന്നത്. അത് 2014 ല്‍ 290 ആയി കുറഞ്ഞു.
സ്ത്രീകളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ട 8 കേസുകളും തെളിയിക്കപ്പെട്ടതായും ജില്ലാ പോലീസ് മേധാവി എന്‍.പി. ദിനേശിന്റെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
ലഹരി വസ്തുക്കളുടെ വില്‍പ്പനയുമായി
ബന്ധപ്പെട്ട കേസുകളില്‍ ഭയാനകമായ വര്‍ദ്ധന
കോട്ടയം: ലഹരി വസ്തുക്കളും മയക്കുമരുന്നും വില്‍പ്പന നടത്തുന്നവര്‍ക്കെതിരായി എന്‍ഡിപിഎസ് ആക്ട് അനുസരിച്ചുള്ള കേസുകളില്‍ ഭയാനകമായ വര്‍ദ്ധന. ഈ വിഭാഗത്തില്‍ 2013 ല്‍ 29 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2014 ല്‍ 63 കേസുകളാണ് റിപ്പോര്‍ട്ട് ആയത്. 34 കേസുകളുടെ വര്‍ദ്ധനവാണ് ഉണ്ടായത്. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റത് സംബന്ധിച്ച് 227 കേസുകളുടെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
പിഴയിനത്തില്‍ ഈടാക്കിയത് രണ്ടേകാല്‍ കോടി
കോട്ടയം: മോട്ടോര്‍വാഹന നിയമലംഘനം നടത്തിയവരില്‍ നിന്ന് ജില്ലാ പോലീസ് പിഴയിനത്തില്‍ 2,30,50,000 രൂപ ഈടാക്കിയതായി അവലോകന റിപ്പോര്‍ട്ട്. ഈ വിഭാഗത്തില്‍ 1,66,273 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 242 പേരുടെ ജീവന് അപഹരിക്കുകയും 2,885 പേര്‍ക്ക് പരിക്കേല്‍ക്കുകയും 2,453 റോഡപകടങ്ങള്‍ 2014ല്‍ ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്തു. ഇത് 2013മായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്.
എന്നാല്‍ മദ്യപിച്ച് വാഹനം ഓടിക്കുകയും മോട്ടോര്‍ വാഹന നിയമം ലംഘിക്കുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു.
മീനച്ചിലാറ്റില്‍ അനധികൃത ഖനനം വ്യാപകം
കോട്ടയം: മീനച്ചിലാറ്റില്‍ അനധികൃത ഖനനം തകൃതിയായി നടക്കുമ്പോഴും അധികാരികള്‍ മൗനം പാലിക്കുന്നു. സ്റ്റോക്ക് പെര്‍മിറ്റിന്റെ മറവിലാണ് മണ്ണും കളിമണ്ണും ഇഷ്ടികച്ചെളിയും സ്വകാര്യവ്യക്തികള്‍ വന്‍തോതില്‍ ഖനനം ചെയ്യുന്നത്. ഇവിടെ നിന്നും ഇത്തരത്തില്‍ വാരുന്ന മണ്ണ് വാങ്ങാന്‍ ആള്ക്കാര് ഏറെയാണ്.
കൂടുതലായും കെട്ടിട നിര്‍മ്മാണത്തിനായിട്ടാണ് മണ്ണ് കടത്തപ്പെടുന്നത്. മീനച്ചിലാറിന്റേയും തോടുകളുടേയും തീരങ്ങളിലും നെല്പ്പാടങ്ങളിലുമെല്ലാം കോട്ടയം ജിയോളജിസ്റ്റ് സ്റ്റോക്ക് പെര്‍മിറ്റ് നല്‍കുന്നതോടെയാണ് മണല്‍വാരല്‍ രൂക്ഷമായത്. സ്റ്റോക്ക് പെര്‍മിറ്റ് ലഭിച്ചവര്‍ കൂറ്റന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് അളവില്‍ കൂടുതല്‍ മണല്‍ കടത്തുന്നത്. ഇങ്ങനെ പെര്‍മിറ്റില്ലാതെ ഖനനം നടത്തുന്നതിനെതിരെ മീനച്ചില്‍ നദീ സംരക്ഷണ സമിതി അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. രാവിലെ 7 മണിക്ക് തുടങ്ങുന്ന ഖനനം ഉച്ചക്ക് 12 മണി ആയാലും നിര്‍ബാദം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇവിടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല എന്ന് റിപ്പോര്‍ട്ട് കൊടുത്തുകൊണ്ടിരുന്ന വില്ലേജ് ഓഫീസര്‍ ഇപ്പോള്‍ കൈക്കുലിക്കേസില്‍ ജയിലിലാണ്. പഴയ റിപ്പോര്‍ട്ടുകള്‍ വെച്ചുകൊണ്ടാണ് ഇപ്പോഴും അധികാരികള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: