ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ സ്റ്റാലിനിസത്തെ പാടേ തള്ളിക്കളഞ്ഞുവെന്നത് അവിശ്വസനീയമെങ്കിലും സത്യമാണ്. മാനവരാശിയുടെ മുന്നില്‍ ഒരുഭാഗം കമ്യൂണിസത്തിലേക്ക് എത്തിപ്പെട്ടപ്പോള്‍ ഭാരതത്തിലുള്‍പ്പെടെ കമ്യൂണിസ്റ്റുകാര്‍ ആഹ്ലാദിച്ചിരുന്നു. സ്റ്റാലിന്റെ തേര്‍വാഴ്ചയാണ് യഥാര്‍ത്ഥത്തില്‍ സോവിയറ്റ് യൂണിയനിലടക്കം കമ്യൂണിസത്തെ വീഴ്ത്തിയത്. ലോകം കണ്ട ഏറ്റവും ക്രൂരനായ ഭരണാധിപനായി ചരിത്രം സ്റ്റാലിനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മനഃസാക്ഷിയില്ലാതെ മനുഷ്യരെ ക്രൂരമായി കൊന്നൊടുക്കുമ്പോഴും അതിനൊക്കെ താത്വികമായ ന്യായീകരണം നല്‍കാനോ മറച്ചുവെക്കാനോ സ്റ്റാലിനു കഴിഞ്ഞിരുന്നു. സ്വന്തം സഹപ്രവര്‍ത്തകരില്‍ ഭൂരിപക്ഷത്തേയും കശാപ്പുചെയ്യാന്‍ സ്റ്റാലിനെന്ന രക്തരക്ഷസ്സിന് മടിയുണ്ടായിരുന്നില്ല. നരഹത്യയില്‍ ഹിറ്റ്ലറെപ്പോലും കടത്തിവെട്ടിയ അക്കങ്ങളാണ് സ്റ്റാലിന്റെ ബാലന്‍സ്ഷീറ്റിലുള്ളത്. വര്‍ത്തമാനകാ ല കമ്യൂണിസ്റ്റുകാര്‍ ലോകമെമ്പാടും സ്റ്റാലിനെ തള്ളിപ്പറയുമ്പോള്‍ ദുഷ്ടനായ ആ ഏകാധിപതിയുടെ പ്രേതത്തെ ഇന്നും നെഞ്ചിലേറ്റി നടക്കുന്നവരാണ് ഭാരതത്തിലെ സിപിഎമ്മുകാര്‍.
കേരള രാഷ്ട്രീയം അക്രമവും കൊലപാതകങ്ങളുംകൊണ്ട് പൊറുതിമുട്ടേണ്ടിവന്ന കുറ്റത്തില്‍ ഒന്നാംപ്രതി സപിഎം തന്നെയാണ്. 1957 ല്‍ ബാലറ്റിലൂടെ അവര്‍ക്ക് കേരളത്തില്‍ അധികാരം ലഭിച്ചു. എന്നാല്‍ ക്രമസമാധാന തകര്‍ച്ചയുടെ പേരില്‍ ജനങ്ങള്‍ ഇഎംഎസ് മന്ത്രിസഭയെ പിടിച്ച് പുറത്താക്കി. പാര്‍ട്ടി സെല്‍ഭരണം, സമാന്തര കോടതികള്‍, എതിരാളികള്‍ക്കുനേരെയുള്ള കൊടുംപാതകങ്ങള്‍, എണ്ണിയാലൊടുങ്ങാത്ത അതിക്രമങ്ങള്‍, വെടിവെയ്പ്പുകള്‍ തുടങ്ങിയ ജനദ്രോഹ നടപടികള്‍മൂലം പൊറുതിമുട്ടിയപ്പോഴാണ് ജനങ്ങള്‍ തെരുവിലിറങ്ങി അവരെ പിടിച്ചിറക്കിയത്. കേരളത്തില്‍ ജനപിന്തുണകൊണ്ടും പേശീബലം കൊണ്ടും ഒന്നാം സ്ഥാനത്തു നില്ക്കുന്ന സിപിഎം എതിരാളികളെ വച്ചുപൊറുപ്പിക്കില്ല എന്നതവരുടെ നയമാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവരാനുള്ള ഒരു പ്രധാന കാരണം സിപിഎമ്മിന്റെ അസഹിഷ്ണുത സൃഷ്ടിക്കുന്ന കൊലക്കളങ്ങളാണ്.
സിപിഎമ്മിന്റെ കൈയൂക്കും ആക്രമണോത്സുകതയുംകൊണ്ട് പീഡനം അനുഭവിക്കേണ്ടിവന്ന എതിര്‍കക്ഷികളുടെ എണ്ണം വളരെ വലുതാണ്. ഇടതു പക്ഷത്തിനൊപ്പം നിന്ന സിപിഐ-ആര്‍എസ്പി സോഷ്യലിസ്റ്റ് കക്ഷികളുടെ കഥകഴിക്കാന്‍ ചതുരുപായങ്ങളും പയറ്റാന്‍ സിപിഎമ്മിന് മനസ്സാക്ഷിക്കുത്തുണ്ടായിട്ടില്ല. കൈയൂക്കുകൊണ്ട് കാര്യങ്ങള്‍ വരുതിയിലാക്കുന്ന സിപിഎം ശൈലിയാണ് ഇന്നും സാക്ഷരകേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
കേരളത്തില്‍ സിപിഎമ്മിന്റെ ശാരീരികാക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ യാതനകള്‍ സഹിച്ച് പ്രതിരോധനിര സൃഷ്ടിച്ച് വിജയിച്ച പ്രസ്ഥാനമാണ് ആര്‍എസ്എസ്. അക്രമം ഒന്നിനും പരിഹാരമല്ലെന്ന് വിശ്വസിക്കുന്ന സംഘപ്രവര്‍ത്തകര്‍ക്ക് സ്വയരക്ഷക്കുവേണ്ടി ആയുധങ്ങളെ അവലംബിക്കേണ്ടവന്ന സന്ദര്‍ഭങ്ങള്‍ക്ക് കാരണക്കാര്‍ സിപിഎമ്മാണ്. കേരളത്തിലെ രാഷ്ട്രീയ സംഘട്ടനങ്ങളെക്കുറിച്ചുള്ള ഏതു പഠനവും ചെന്നെത്തുക സിപിഎം കയ്യാളുന്ന അക്രമരാഷ്ട്രീയത്തിലും കുതന്ത്രങ്ങളിലുമാണ്. വടക്കന്‍ മലബാറില്‍ സിപിഎം അക്രമത്തെ നേരിടാന്‍വേണ്ടി നെഞ്ചുകാട്ടി ബലിദാനികളായ സംഘ സ്വയംസേവകരുടെ എണ്ണം നിരവധിയാണ്. ഇത്തരം അക്രമസംഭവങ്ങളില്‍ സിപിഎമ്മിനെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയും ഒരേപോലെ കാണുകയും കുറ്റപ്പെടുത്തുകയും ചെയ്തുവരുന്നവരുടെ കണ്ണുതുറക്കേണ്ട സന്ദര്‍ഭമാണിത്. ഇക്കൂട്ടത്തില്‍ ഹിന്ദു സാമുദായിക പ്രസ്ഥാനങ്ങളും ഉള്‍പ്പെടുന്നു.
വടക്കന്‍ കേരളത്തില്‍ ഹിന്ദുസാമുദായിക സംഘടനകള്‍ക്കും ആത്മീയ പ്രസ്ഥാനങ്ങള്‍ക്കുമെതിരെ സിപിഎമ്മുകാര്‍ പരസ്യമായി രംഗത്തുവരാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇതിനെതിരെ കുറ്റകരമായ മൗനമാണ് നാട് അവലംബിച്ചത്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലും മറ്റും ശവസംസ്കാര ചടങ്ങുകളില്‍ അനുശോചനമറിയിക്കാന്‍ എത്തുന്ന സമുദായ സംഘടനകളെ അതിനനുവദിക്കില്ലെന്ന് കഴിഞ്ഞമാസം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ഗോവിന്ദന് മാസ്റ്റര്‍ പരസ്യമായി പ്രസ്താവിച്ചിരുന്നു. ഇതിനെതുടര്‍ന്ന് തളിപ്പറമ്പിനടുത്ത് റീത്തുമായെത്തിയ എസ്എന്‍ഡിപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ബലപ്രയോഗം നടത്തി തുരത്തിയോടിച്ചിരുന്നു. റീത്ത് നശിപ്പിക്കാനും പട്ടാപ്പകല്‍ അവര്‍ക്കായി. പ്രതിഷേധിക്കാനാരുമുണ്ടായില്ല. എന്‍എസ്എസിന്റെ ശതാബ്ദിയാഘോഷ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഈ ലേഖകന്‍ നടത്തിയ പ്രസംഗത്തില്‍ തളിപ്പറമ്പ് സംഭവം മൂലമുണ്ടാകാന്‍ പോകുന്ന വിപത്തുകളെക്കുറിച്ച് ശക്തമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന മൗലികാവകാശങ്ങളെ ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്. എന്‍എസ്എസും എസ്എന്‍ഡിപിയും ആര്‍എസ്എസും തോളോടുതോളുരുമ്മിനിന്ന് സിപിഎം സൃഷ്ടിക്കുന്ന ഇത്തരം വൈതരണികളെ നേരിടുകയാണ് വേണ്ടത്.
ഈ ആഴ്ചയില്‍ മട്ടന്നൂരിനടുത്ത് പെരുവയല്ക്കരയില് സ്വന്തം കരയോഗത്തില്‍പ്പെട്ട അംഗത്തിന്റെ വീട്ടിലെ മരണത്തില്‍ അനുശോചിക്കാനെത്തിയ എന്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിച്ചു. അന്തരിച്ച ആളിനെ ആദരിക്കാനായി കൊണ്ടുവന്ന റീത്ത് സിപിഎമ്മുകാര്‍ ബലം പ്രയോഗിച്ച് നശിപ്പിക്കുകയും അവരെ അപമാനിച്ച് ഓടിക്കുകയുമാണുണ്ടായത്. ഹിന്ദു-ആദ്ധ്യാത്മിക സംഘടനകളായ അമൃതാനന്ദമയി മിഷന്, ശ്രീശ്രീ രവിശങ്കര്‍ പ്രസ്ഥാനം, ചിന്മയാമിഷന് എന്നീ സംഘടനകള്‍ക്കും പലയിടങ്ങളിലും സിപിഎം പ്രതിരോധത്തിന്റെ തിക്തഫലങ്ങള്‍ക്ക് ഇരയാകേണ്ടിവന്നിട്ടുണ്ട്. ഭരണഘടന ഉറപ്പുനല്‍കുന്ന സംഘടനാസ്വാതന്ത്ര്യവും അനുബന്ധ പൗരാവകാശങ്ങളും ഇല്ലാതാക്കാന്‍ സിപിഎമ്മിന് എന്തവകാശമാണുള്ളത്. ഭാരത ഭരണഘടനയെക്കാള്‍ വലുതാണ് സിപിഎം പാര്‍ട്ടി ഭരണഘടന എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍പോകുന്നത്. ഇത് അനുവദിച്ചുകൊടുത്തുകൂടാ.
ഭാരതത്തില്‍ സാമുദായിക പ്രസ്ഥാനങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സ്വതന്ത്ര്യത്തിന്റെ ആദ്യനാളുകള്‍തൊട്ട് ഉപയോഗപ്പെടുത്തപ്പെട്ട സംസ്ഥാനമാണ് കേരളം. സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുതന്നെ സാമൂഹ്യനീതിക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരായി പോരാടിയ ചരിത്രം എന്‍എസ്എസിനും ശ്രീനാരായണീയ പ്രസ്ഥാനങ്ങള്‍ക്കുമുണ്ട്. നായര്‍ സമുദായമോ മന്നത്തുപത്മനാഭനോ വലിയൊരളവോളം ക്ഷേത്രപ്രവേശന അവകാശ നിഷേധത്തിന്റെ ഇരകളായിരുന്നില്ല. എന്നിട്ടും 1922 ല്‍ അമ്പലപ്പുഴയില്‍ കൂടിയ എന്‍എസ്എസ് സമ്മേളനമാണ് ക്ഷേത്രപ്രവേശന വിളംബരം ആവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും വൈക്കം സത്യഗ്രഹവും സവര്‍ണ ജാഥയും നടത്തി പോരാട്ടത്തിന്റെ പോര്‍മുഖങ്ങള്‍ സൃഷ്ടിച്ച് പൊതുസമൂഹത്തിനായി നീതിനേടിയതും. ശ്രീനാരയണ ഗുരുവും ചട്ടമ്പിസ്വാമിയും മന്നത്തു പത്മനാഭനും സാമൂഹ്യ നവോത്ഥാനത്തിന് നല്കിയ സംഭാവനകളെ കണ്ണൂരില്‍ നിന്നുള്ള സിപിഎം നേതാക്കന്മാര് ബോധപൂര്‍വം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.
1957 ല്‍ കൈനിക്കര പത്മനാഭപിള്ള പ്രസിദ്ധീകരിച്ച കേരളത്തിലെ കമ്യൂണിസ്റ്റ് ചരിത്രത്തിലൂടെ ഒന്നു കണ്ണോടിച്ചാല്‍ സാമുദായിക സംഘടനകളെ എങ്ങനെ കമ്യൂണിസം ആശ്രയിച്ചു എന്നതു സംബന്ധിച്ച പഴയ പാര്‍ട്ടി തീരുമാനം ആര്‍ക്കും കാണാന്‍ കഴിയും. ഇഎംഎസ് യോഗക്ഷേമ സഭയുടെ നേതാവും ചാത്തന് മാസ്റ്റര്‍ പുലയമഹാസഭയുടെ പ്രസിഡന്റുമായത് പാര്‍ട്ടി തീരുമാനപ്രകാരമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഗംഗാധരനെ എസ്എന്‍ഡിപിയിലേക്കും പിരപ്പന്‍കോട് ശ്രീധരന്‍നായരെ നെടുമങ്ങാട്-നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലേക്ക് മന്നത്തിനൊപ്പവുമയച്ചത്. അച്യുതാനന്ദന് അവതാരിക എഴുതിയ അഡ്വ. ജനാര്‍ദ്ദന കുറുപ്പിന്റെ ജീവചരിത്രം വായിച്ചാല്‍ പാര്‍ട്ടി സെക്രട്ടറി എം.എന്‍. ഗോവിന്ദന് നായര്‍ പെരുന്നയില്‍പോയി മന്നത്ത് പത്മനാഭന്റെ സഹായം ചോദിച്ചുവാങ്ങിയതുകൊണ്ടാണ് 1957ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതെന്ന സത്യം ആര്‍ക്കും ബോധ്യമാകും. ഇന്ത്യ കണ്ട ഏറ്റവും മികച്ച സോഷ്യലിസ്റ്റ് ആചാര്യനായ രാം മനോഹര്‍ ലോഹ്യ 1957 ലെ കമ്യൂണിസ്റ്റ് വിജയത്തെ രാഷ്ട്രീയ ഹിന്ദുത്വ വിജയമായിട്ടാണ് അന്ന് ചിത്രീകരിച്ചത്. ശബരിമല തീവെയ്പ്പും മന്നം-ശങ്കര്‍ കുട്ടുകെട്ട് സൃഷ്ടിച്ച 1950 കളിലെ വികാരവും ഒപ്പിയെടുത്താണ് തിരുകൊച്ചിയില്‍ കമ്യൂണിസം ശക്തിപ്പെട്ടതെന്നുള്ള രാഷ്ട്രീയ വിശകലനത്തെ തള്ളിക്കളയാനാവില്ല. ചങ്ങനാശ്ശേരി മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളുടെ ചരിത്രവും സിപിഎം നേതൃത്വം ആഴത്തില്‍ പഠിക്കേണ്ടതാണ്. എന്‍എസ്എസ് ആസ്ഥാനത്തും സമ്മേളനങ്ങളില്‍ സിപിഎം നേതാക്കന്മാര് പങ്കെടുത്തിട്ടുമുണ്ട്. സംഘ സ്വയംസേവകനായ ഈ ലേഖകനെ എന്‍എസ്എസും എസ്എന്‍ഡിപിയും മറ്റ് ഹിന്ദുസമുദായ സംഘടനകളും അവരുടെ കേന്ദ്ര പരിപാടികളില്‍ ക്ഷണിച്ചു പങ്കെടുപ്പിച്ചിട്ടുണ്ട്. ഇതൊക്കെ അവര്‍ക്ക് രാഷ്ട്രീയ അയിത്തമില്ലാത്തതുകൊണ്ടുകൂടിയാണ്.
രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍ ഏത് അക്രമ മാര്ഗ്ഗവുമാകാമെന്ന കമ്യൂണിസ്റ്റ് ശൈലി കാലഹരണപ്പെട്ടതാണ്. എതിരാളിയെ ആശയപരമായി എതിര്‍ക്കുകയും വ്യക്തിനിഷ്ഠമായി മാനിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം സാര്‍ത്ഥകമാകുന്നത്. മരണകാര്യത്തില്പ്പോലും പകയും വിദ്വേഷവും വാരിവിതറുന്ന സിപിഎം അക്രമരാഷ്ട്രീയം ഉപേക്ഷിക്കയാണ് വേണ്ടത്. 1998 ല്‍ ഇഎംഎസ് അന്തരിച്ച ദിനം വാജ്പേയ് സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്ന ദിവസം കൂടിയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞ് പാര്‍ട്ടിയുടെ ആഹ്ലാദ-സ്വീകരണറാലിയില്‍ പോലും പങ്കെടുക്കാതെ എല്‍.കെ. അദ്വാനി നേരെ തിരുവനന്തപുരത്തേക്ക് കുതിച്ചെത്തി ഇഎംഎസിന്റെ ശവസംസ്കാരചടങ്ങില്‍ പങ്കെടുക്കുകയായിരൂന്നു. ക്യാബിനറ്റിലെ രണ്ടാമനായ അദ്ദേഹം തന്റെ കടുത്ത രാഷ്ട്രീയ എതിരാളിക്ക് അശ്രുപൂജക്കായി എത്തിയത് പ്രോട്ടോകോളിന്റെ നിബന്ധന കൊണ്ടായിരുന്നില്ല. മറിച്ച് എതിരാളിയെ ആദരിക്കുന്ന ജനാധിപത്യ സംസ്കാരംകൊണ്ടായിരുന്നു. ഇതാണ് ആര്‍എസ്എസ് ഉള്‍ക്കൊള്ളുന്ന വലിയ മനസ്സിന്റെ മര്‍മ്മം. അദ്വാനിയുടെ സൗകര്യാര്‍ത്ഥം ചടങ്ങ് അല്‍പ്പം നീട്ടിവെക്കാന്‍ സിപിഎം അന്ന് തയ്യാറാവുകയും ചെയ്തു. മട്ടന്നൂര്‍-തളിപ്പറമ്പ് അക്രമവും റീത്ത് നശിപ്പിക്കലും അദ്വാനിജിയുടെ മാതൃകയും സിപിഎം ഒന്നു താരതമ്യപ്പെടുത്തിയിരുന്നുവെങ്കില്………!
പ്രതികരിക്കാൻ ഇവിടെ എഴുതുക: