ബുദ്ധിയുടെ മേഖലയിലുള്ളവരാണ് സമൂഹത്തെ നിയന്ത്രിക്കുന്നത്. ഒരുകാലത്ത് യൂറോപ്പിനെ മുഴുവന്‍ സ്വാധീനിച്ചിരുന്നത് ഗ്രീസ് ആയിരുന്നു. പ്രത്യേകിച്ചും സോക്രട്ടീസ്-പ്ലേറ്റോ-അരിസ്റ്റോട്ടില്‍ എന്ന ത്രിത്വം. ഇവര്‍ക്കു ചുറ്റും ലോകം കറങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ശാസ്ത്രവും തത്വവും അവരില്‍ സമ്മേളിച്ചു. സങ്കുചിത മതവിശ്വാസങ്ങളെ എതിര്‍ക്കുമ്പോഴും പ്രപഞ്ചസത്യത്തെ അഥവാ ആത്മീയതയെ അവര്‍ നിഷേധിച്ചില്ല.
പക്ഷേ അവര്‍ ഭാരതത്തിലല്ലായിരുന്നതുകൊണ്ട് പീഡിപ്പിക്കപ്പെട്ടു. ശാസ്ത്രം മതത്തിനെതിരായതാണ് കാരണം. (ശാസ്ത്രത്തിന്റെ പേരില്‍ ഭാരതത്തില്‍ ഒരാളും പീഡിപ്പിക്കപ്പെട്ടിരുന്നില്ല. ഇവിടെ ഒരിക്കലും മതവും ശാസ്ത്രവും വിരുദ്ധങ്ങളുമായില്ല). എന്നാല്‍ ബുദ്ധിക്ക് അപ്രമാദിത്തം കല്‍പ്പിച്ചിരുന്ന പലര്‍ക്കും തെറ്റി. അതിനുംമേലെ ചില തലങ്ങളും അതു മനസിലാക്കിയ വ്യക്തികളും ലോകത്തില്‍ പലേടത്തും ഉണ്ടായിരുന്നു; ഭാരതത്തില്‍ ധാരാളമായും.
ബുദ്ധിയാണ് എല്ലാത്തിനും മേലെ എന്ന് വിചാരിച്ചിരുന്ന ഗ്രീസ് പിന്നീട് ഇല്ലാതായി. റോം ചിന്തക്കു വിഷയമല്ലാതായി. മതത്തിന്റെ വേലിയേറ്റത്തില്‍ എല്ലാം കടപുഴക്കി. നല്ലതെല്ലാം ഒഴുക്കില്‍പ്പെട്ടു. നന്മകള് കുറ്റിയറ്റു. പീഡനകാലം ആരംഭിച്ചു. ആയിരത്താണ്ടുകളുടെ യൂറോപ്പിന്റെ ഇരുണ്ടയുഗം എന്നറിയപ്പെട്ടു ഈ കാലഘട്ടം.
ഭാരതത്തില്‍ മറിച്ചാണ് സംഭവിച്ചത്. ഇവിടെയും ബുദ്ധിക്ക് താഴെയായിരുന്നു മതം. പക്ഷേ യുക്തിക്കും ശാസ്ത്രത്തിനും എതിരായിരുന്നില്ല.
മതത്തില്‍നിന്ന് ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ടായി. ബുദ്ധിക്കും മേലെയായിരുന്ന ആത്മീയതയില്നിന്ന് മൂല്യങ്ങളും സംസ്കാരവും ഉണ്ടായി. എപ്പോഴെങ്കിലും മതം ശാസ്ത്രത്തിനെതിരായാല് ആത്മീയതയുടെ പ്രഭാവംകൊണ്ട് അതിനെ അതിജീവിച്ചിരുന്നു. ഭാരതത്തില്‍ എല്ലാക്കാലത്തും ആത്മീയാചാര്യന്മാര്ക്കായിരുന്നു ആദരവും അംഗീകാരവും; മതപുരോഹിതന്മാര്ക്കായിരുന്നില്ല.
പറഞ്ഞുവന്നത് ഇവിടുത്തെ സമൂഹത്തിന്റെ വഴികാട്ടി ബുദ്ധിജീവികളും യുക്തിവാദികളുമായിരുന്നില്ല, ആത്മീയാചാര്യന്മാരായിരുന്നു എന്നാണ്. ബുദ്ധി-യുക്തിവാദികള്‍ മേല്‍ക്കൈ നേടാന്‍ ശ്രമിച്ചപ്പോഴൊക്കെ സമൂഹത്തില്‍ സംഘര്‍ഷവും വിഭജനങ്ങളുമുണ്ടായി. പുത്തന്‍ തലമുറകള്‍ എപ്പോഴെങ്കിലും ആവേശത്തില്‍ അവരെ പിന്തുടരാന് ശ്രമിച്ചിട്ടുണ്ടെങ്കില്‍ അപ്പോഴൊക്കെ അവര്‍ വഴിപിഴക്കുകയും ജീവിതം ശിഥിലമാക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ പ്രത്യേകിച്ചും ഇത്തരം ഗുണകരമല്ലാത്ത വേലിയേറ്റങ്ങളും നാശങ്ങളും ഉണ്ടായിട്ടുണ്ട്.
ഒരുകാലത്ത് ബുദ്ധിജീവികളുടെ പിന്നാലെപോയ പല യുവാക്കളും കള്ളും കഞ്ചാവും അടിച്ച് ബോധശൂന്യരായി മാറി. ഇന്ന് അവരില്‍ മിക്കവരും നഷ്ടബോധത്തില്‍ ജീവിക്കുന്നു.
ബൗദ്ധികമേഖലയില്‍ വിഷം വിമിക്കുന്ന കാളിയന്മാരാണ് കേരളത്തിലെ പല ‘പുരോഗമന’ ചിന്തകന്മാരും എഴുത്തുകാരും.
കഴിഞ്ഞ കുറെക്കാലമായി കേരളത്തിലെ ഒരുപറ്റം ബുദ്ധിവാദികള്‍ പറഞ്ഞുനടക്കുന്ന കാര്യമാണ് :ആവിഷ്കാരസ്വാതന്ത്ര്യമെന്നത്. ‘പുരോഗമനക്കാര്‍’ ആവിഷ്കാരസ്വാതന്ത്ര്യമെന്ന് പറയുമ്പോള്‍ അതിന്റെ തനത് അര്‍ത്ഥത്തിലല്ല എടുക്കേണ്ടത്. മാതാപിതാക്കളുടെ അശ്രദ്ധയോ അവിവേകമോ കാരണം ഷണ്ഡത്വം ബാധിച്ച ഇത്തരം ബുദ്ധിവാദികള്‍ ആവിഷ്കാരസ്വാതന്ത്ര്യമെന്ന് പറയുമ്പോള്‍, ഭാവനകളുടെ ആവിഷ്കാരമെന്നല്ല, ശൈഥില്യത്തിന്റെ സ്വാതന്ത്ര്യമെന്നു മനസിലാക്കണം. ചില പ്രത്യേകതരം വിഭാഗങ്ങളുടെ സ്വാതന്ത്ര്യം മാത്രമാണ് അവര്‍ ഉദ്ദേശിക്കുന്നത്. ഭാരതത്തിലെ സാംസ്കാരികബിംബങ്ങളെ കൊഞ്ഞനംകുത്തുന്നതാണെങ്കില് അതാണ് അവര്‍ക്കേറ്റവും ഇഷ്ടം. സംഘടിത മതവിഭാഗങ്ങളുടെ ചിഹ്നങ്ങളെ ആരെങ്കിലും തൊടാന്‍ ശ്രമിച്ചാല്‍പോലും അവര്‍ക്കു സഹിക്കില്ല.
അവരുടെ ഷണ്ഡത്വത്തിന്റെ കൃത്യമായ ഉദാഹരണം പറഞ്ഞാല്‍ തമിഴ്നാട്ടിലെ പെരുമാള്‍ മുരുഗന്റെ നോവലിനെ ആരും എതിര്‍ക്കാന്‍ പാടില്ല. തസ്ലിമ നസ്രീന്റെ നോവല്‍ മാത്രമല്ല അവരെത്തന്നെ ആട്ടിയകറ്റുകയും വേണം. രണ്ടുപേരുടേതും നോവല്‍തന്നെയാണ്. പക്ഷേ ഒന്ന് ഇസ്ലാമികവിരുദ്ധമെന്ന പേരുള്ളതിനാല്‍ അവിടെ ആവിഷ്കാരസ്വാതന്ത്ര്യത്തിന് പ്രസക്തിയില്ല.
എം.എഫ്. ഹുസൈന് ആവിഷ്കാരസ്വാതന്ത്ര്യം വേണമെന്ന് വീറോടെ വാദിക്കുന്ന ‘വീരന്മാര്’ അതേ ശ്വാസത്തില്‍ തൊടുപുഴയിലെ പ്രൊഫ. ജോസഫിന് അതുപാടില്ല എന്നും പ്രഖ്യാപിക്കും. ജോസഫ് സാറിന്റെ കൈപ്പത്തി വെട്ടിമാറ്റിയപ്പോള്‍ വായ തുറക്കാത്തവരും പേനയുന്താത്തവരും ഹുസൈന്റെ കാര്യത്തില്‍ വാചാലരായി. ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന നാടകത്തിനെതിരെ ചിലര്‍ തിരിഞ്ഞപ്പോള്‍ ബുദ്ധിജീവികളായ മൂന്ന് കുരങ്ങന്മാരെപ്പോലെ (മിണ്ടരുത്, കാണരുത്, കേള്‍ക്കരുത്) ഇരുന്നവര്‍ പികെ എന്ന സിനിമ വന്നപ്പോള്‍ വാലിന് തീപിടിച്ച കുരങ്ങന്മാരെപ്പോലെ അങ്ങുമിങ്ങും പാഞ്ഞുനടന്ന് കോലാഹലം ഉണ്ടാക്കുന്നു.
ഇത്തരം ശിഖണ്ഡികളെ മുന്നില്‍നിര്‍ത്തി പോരാടുന്ന സംഘടനകള്‍ ഒടുവില്‍ അവര്‍ക്കുതന്നെ ബാധ്യതയാകുന്ന ചരിത്രമാണ് കേരളത്തിലുള്ളത്.
മറ്റൊന്ന് പരസ്യചുംബനത്തിനും ‘ആവിഷ്കാര’ സ്വാതന്ത്ര്യത്തിനും മുറവിളികൂട്ടുന്നവര്‍ ഒരു കാര്യം ഓര്‍ക്കണം. അവര്‍ക്ക് എന്തും എഴുതാനും പറയാനും ചെയ്യാനും മൗലികസ്വാതന്ത്ര്യമുള്ളതുപോലെതന്നെ അതിനെ എതിര്‍ക്കാനും പ്രതിഷേധിക്കാനും ഉള്ള മൗലിക സ്വാതന്ത്ര്യം എതിര്ക്കുന്നവര്ക്കുമില്ലേ? അതോ ഈ മൗലികസ്വാതന്ത്ര്യവും ചിലരുടെ കുത്തകയാണോ? തല്ലാനുള്ള സ്വാതന്ത്ര്യം ഒരാള്‍ക്കുണ്ടെങ്കില്‍ തിരിച്ചുതല്ലാനുള്ള സ്വാതന്ത്ര്യം തല്ലുകൊള്ളുന്നവനുമുണ്ടായിരിക്കണം. അങ്ങനെയല്ലാത്ത അവസ്ഥക്കാണ് അടിമത്തം എന്ന് പറയുന്നത്. അത്തരം അടിമത്തകാലം കഴിഞ്ഞുവെന്ന് പുരോഗമന ബുദ്ധിവാദികളും എഴുത്തിന്റെ തമ്പുരാക്കന്മാരും അറിയണമെന്ന് അപേക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: