ന്യൂദല്‍ഹി: അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്ന സമഗ്ര പദ്ധതി പ്രകാരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുന്ന ട്രോമാകെയര്‍ സെന്ററുകളിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും വിദഗ്ദ്ധ പരിശീലനത്തിനുള്ള സൗകര്യം ഇന്ത്യയിലെ ഏറ്റവും വലിയ ട്രോമാകെയര്‍ സെന്ററായ ന്യൂഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ജയപ്രകാശ് നാരായണ്‍ അപ്പെക്സ് ട്രോമാ സെന്ററില്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.
എയിംസ് സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. നാഷണല്‍ ട്രോമാ ആന്റ് ബേണ്‍സ് സ്കീമില്‍ ഉള്‍പ്പെടുത്തി, ആലപ്പുഴയിലെ വണ്ടാനം മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കണ്ണൂര്‍ ജില്ലാ ആശുപത്രി എന്നിവയില്‍ ട്രോമാ കെയര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി, പാലക്കാട്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രികള്‍, കരുനാഗപ്പള്ളി, കൊയിലാണ്ടി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ട്രോമാ സെന്ററുകള്‍ ആരംഭിക്കുന്ന കാര്യം നാഷണല്‍ സ്ക്രീനിംഗ് കമ്മിറ്റിയുടെ പരിഗണനയിലാണ്.
സംസ്ഥാന സര്‍ക്കാര്‍ പതിമൂന്നാം ധനകാര്യ കമ്മീഷന് അവാര്ഡിലുള്പ്പെടുത്തി, അഞ്ച് കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ അഞ്ച് ചികിത്സാ കേന്ദ്രങ്ങളില്‍ ട്രോമാ സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണെന്ന് വി.എസ്. ശിവകുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: