ന്യൂദല്‍ഹി: ചില മുന്‍പ്രധാനമന്ത്രിമാര്‍ രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തെന്ന കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖറിന്റെ വെളിപ്പെടുത്തല്‍ രാജ്യത്തിന്റെ രഹസ്യാന്വേഷണ സംവിധാനങ്ങളെ തകര്‍ത്ത ‘ഗുജ്റാള്‍ ഡോക്ട്രിന്‍’ എന്ന മുന്‍പ്രധാനമന്ത്രി ഐ.കെ ഗുജറാളിന്റെ വിദേശനയ സിദ്ധാന്തത്തെപ്പറ്റിയെന്ന് സൂചന. കേന്ദ്രരഹസ്യാന്വേഷണ വിഭാഗം, റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്(റോ), മിലിറ്ററി ഇന്റലിജന്‍സ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിച്ച ഐ.കെ.ഗുജ്റാളിന്റെ വിവാദമായ തീരുമാനം രാജ്യത്തിന് വരുത്തിവെച്ച നഷ്ടം നികത്താനാകാത്തതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
തുടര്‍ക്കഥയായ ഭീകരാക്രമണങ്ങളും കാര്‍ഗില്‍ യുദ്ധവുമെല്ലാം ഗുജ്റാളിന്റെ ഭരണകാലത്ത് സ്വീകരിച്ച നടപടികളുടെ ഭാഗമാണെന്ന വാദം രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്‍ ഉദ്യോഗസ്ഥര്‍ക്കുണ്ട്. റോയുടെ ക്രോസ് എസ്പനേജ്( വിദേശരാജ്യങ്ങളിലെത്തിയുള്ള ചാരപ്രവര്‍ത്തനം) വിഭാഗം പൂര്‍ണ്ണമായും അടച്ചുപൂട്ടാന്‍ ഉത്തരവിട്ട ഗുജ്റാള്‍ പാക്കിസ്ഥാന് സ്പെഷ്യല്‍ ഓപ്പറേഷന് വിഭാഗവും നിര്‍ത്തി. അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധം സൃഷ്ടിക്കുന്നതിനായി സ്വീകരിച്ച ഗുജ്റാള്‍ സിദ്ധാന്തത്തിന് രാജ്യം നല്കിയ വില വലുതായിരുന്നെന്ന് ചരിത്രം പറയുന്നു.
രാജ്യത്തിനു പുറത്തുള്ള രഹസ്യാന്വേഷണ വിഭാഗമായ റോയ്ക്കും ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഐബിക്കും പുറമേ ഭാരതത്തിനുണ്ടായിരുന്ന പ്രത്യേക ചാരസംഘടനയുടെ പ്രവര്‍ത്തനം നിര്‍ത്തി ജീവനക്കാരുടെ പേരുകള്‍ പരസ്യപ്പെടുത്തിയ നടുക്കുന്ന നടപടിയും ഗുജ്റാളിന്റെ ഭരണകാലത്തുണ്ടായി. പലരും വിവിധ വിദേശരാജ്യങ്ങളിലെ നിര്‍ണ്ണായക ഔദ്യോഗിക പദവികളിലിരുന്ന് ഭീകര പ്രവര്‍ത്തനങ്ങളും ഭാരതത്തിനെതിരായ മറ്റു നീക്കങ്ങളും സംബന്ധിച്ച വിവരം യഥാസമയം എത്തിക്കുന്ന ചുമതലകള്‍ വഹിക്കുന്നവരായിരുന്നു. ഇവരുടെ പട്ടിക അതാതു രാജ്യങ്ങള്‍ക്ക് ഗുജ്റാള്‍ സര്‍ക്കാര്‍ കൈമാറുമ്പോള്‍ പല ജീവനക്കാര്‍ക്കും നഷ്ടമായത് സ്വന്തം ജീവനാണ്. ഇവരെ സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള സമയംപോലും ഭാരത ഏജന്‍സികള്‍ക്ക് ലഭിച്ചില്ല. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ പോലും സ്വാധീനമുള്ള മികച്ച ടീമായിരുന്നു അന്ന് രാജ്യത്തിനു സ്വന്തമായുണ്ടായിരുന്നത്.
ഗുജ്റാള്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ റോയുടേയും ഐബിയുടേയും ബജറ്റ് വിഹിതം വന്‍തോതില്‍ വെട്ടിക്കുറച്ചതിനു പിന്നാലെ വിദേശങ്ങളിലെ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ രാജ്യം നേരിട്ടത് കാര്‍ഗില്‍ യുദ്ധമുള്‍പ്പെടെയുള്ള പ്രതിസന്ധികളെയാണ്. കാര്‍ഗില്‍ യുദ്ധത്തിന് പാക്കിസ്ഥാന് തയ്യാറെടുക്കുന്നെന്ന വിവരം രാജ്യത്തിന് ലഭിക്കാതെ പോയത് ഗുജ്റാള്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ തുടര്‍ന്നാണ്.
രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സികളുമായി സഹകരിക്കാന്‍ തയ്യാറാകാതിരുന്ന ഏക പ്രധാനമന്ത്രിയാണ് ഐ.കെ ഗുജ്റാള്‍ എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും വിരമിച്ച പഴയ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. എച്ച്.ഡി ദേവഗൗഡ മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിപദത്തിലിരുന്ന 1996-97 കാലഘട്ടത്തിലും പിന്നീട് പ്രധാനമന്ത്രിപദം വഹിച്ച 1997-98 കാലഘട്ടത്തിലും നടപ്പാക്കിയ ഗുജ്റാള്‍ ഡോക്ട്രിന്‍ വലിയ നാശമാണ് രാജ്യത്തിന്റെ രഹസ്യാന്വേഷണ സംവിധാനത്തിനുണ്ടാക്കിയത്. എന്നാല്‍ ഗുജ്റാളിനേക്കാള് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്ന സിപിഐ നേതാവ് ഇന്ദ്രജിത് ഗുപ്തയുള്‍പ്പെടെയുള്ള ഇടതുപക്ഷത്തിന്റെ സ്വാധീനം ഇത്തരം തീരുമാനങ്ങളിലുണ്ടായിരുന്നെന്ന വാദവും ശക്തമാണ്. രാജ്യസുരക്ഷയുടെ കാര്യത്തില്‍ ചില മുന്‍ പ്രധാനമന്ത്രിമാര്‍ വിട്ടുവീഴ്ച വരുത്തിയെന്ന പ്രതിരോധമന്ത്രിയുടെ പരാമര്‍ശങ്ങള്‍ വിരല്‍ചൂണ്ടുന്നത് ഇത്തരം വിവാദ നടപടികളിലേക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: