തൃശൂര്‍: ഗ്രാമത്തിന്റെ അതിരുകള്‍ കാത്ത ശാസ്താവിനെപ്പോലെ തണല്‍ വിരിച്ച ആ മഹാ വൃക്ഷത്തിന്റെ ചുവട്ടില്‍ അവര്‍ ഒത്തുചേര്‍ന്നു. അവരുടെ നാട് പലതായിരുന്നു. നിറങ്ങളില്‍ വിഭിന്നരായിരുന്ന അവര്‍ രൂപഭാവങ്ങളിലും വ്യത്യസ്തരായിരുന്നു. എങ്കിലും അവരെല്ലാം സഹോദരങ്ങളുമായിരുന്നു. ‘സംഘ’മെന്ന കുടുംബത്തിലെ ഒരമ്മയുടെ മക്കള്‍…
വൈദേശിക പടയോട്ടത്തെ ചെറുത്ത് തോല്‍പ്പിച്ച പെരുവനം മഹാദേവ ക്ഷേത്രത്തെ സാക്ഷിയാക്കി അതിജീവനത്തിന്റെ മറ്റൊരധ്യായം രചിക്കുകയായിരുന്നു ‘വൈഭവ് 2015’. സംസ്ഥാനത്തെ 58 ബാല-ബാലികാ സദനങ്ങളില്‍ നിന്നായി രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത സംഗമം സര്‍ഗ്ഗവൈഭവത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടു. കലാമത്സരങ്ങളും കായികപ്രകടനങ്ങളും അരങ്ങേറി. പരിചയപ്പെടാനും സൗഹൃദം പുതുക്കാനുമുള്ള വേദികൂടിയായി മാറിയ സംഗമം ബാല-ബാലികാ സദനങ്ങളിലെ കുട്ടികള്‍ നാളെയുടെ പ്രതീക്ഷയാണെന്ന് അടിവരയിട്ടു.
ചേര്‍പ്പ് സിഎന്‍എന്‍ സ്കൂളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ എം.എസ്. ജയ ഉദ്ഘാടനം ചെയ്തു. ചെയ്യുന്ന ഏത് കാര്യവും പൂര്ണതയിലെത്തണമെങ്കില് ദൈവാര്‍പ്പണമായി കരുതണമെന്ന് അവര്‍ പറഞ്ഞു. നമുക്ക് ലഭിക്കുന്നത് തിരിച്ചു നല്‍കാനും ബാധ്യതയുണ്ടെന്നത് കുട്ടികള്‍ മറക്കരുതെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന്റെ നന്മ ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ടെന്നതിന്റെ തെളിവാണ് ബാല ബാലികാ സദനങ്ങളുടെ വളര്‍ച്ചയെന്ന് മുഖ്യപ്രഭാഷണം നടത്തിയ സീമാജാഗരണ്‍ മഞ്ച് അഖിലഭാരതീയ സംയോജക് എ.ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു. നിരവധി ആളുകളാണ് കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി എത്തുന്നത്. എടുക്കുന്നതിന്റെ നൂറിരട്ടി നല്കാന് ശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗതസംഘം ചെയര്മാന് ജി. മുകുന്ദന് അധ്യക്ഷത വഹിച്ചു. സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, സ്വാമി തേജസ്വരൂപാനന്ദ, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ജി. ലീല എന്നിവര്‍ ആശംസയര്‍പ്പിച്ചു. ബാലവികാസ കേന്ദ്ര സമന്വയ സമിതി പ്രസിഡണ്ട് പി.കെ.ദാമോദരന്‍ മാസ്റ്റര്‍ സ്വാഗതവും സമിതി അംഗം ബിന്ദു ബാലകൃഷ്ണന് നന്ദിയും പറഞ്ഞു. സംഗമം നാളെ സമാപിക്കും. സേവാഭാരതി, വനവാസി വികാസ കേന്ദ്രം, രാഷ്ട്രസേവികാ സമിതി എന്നിവയുടെ കീഴിലുള്ള ബാല ബാലികാ സദനങ്ങളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: