തളിപ്പറമ്പ്: അക്രമക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെയുണ്ടായ അക്രമത്തില്‍ എസ്ഐ ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴരയോടെ പട്ടുവം അരിയിലില്‍ വെച്ചായിരുന്നു സംഭവം. കഴിഞ്ഞ 19 ന് അരിയില്‍ സ്വദേശി കരക്കാടന്‍ ബാബുവിനെ അക്രമിച്ച കേസില്‍ പ്രതിയായ അരിയിലിലെ യൂത്ത് ലീഗ് നേതാവ് ഷഫീഖിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിന് നേരെയാണ് അക്രമണമുണ്ടായത്.
സംഭവത്തില്‍ തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്ഐ കെ.ജെ.ബിനോയ്(40), സീനിയര്‍ സിപിഒമാരായ ടി.പി.രാഘവന്(48), എം.ഇ.ജോര്‍ജ്ജ്(48), പി.രവീന്ദ്രന്(41), എം.വി.ചന്ദ്രന്(42), കെ.മുഹമ്മദലി(48), എം.പി.ജോണ്സണ്(48), വനിതാ സിപിഒ ഷീന പി.ചന്ദ്രന്(27) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 7.30 ഓടെ എസ്ഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം അരിയിലിലെ ഷഫീഖിന്റെ വീട്ടിലെത്തിയതായിരുന്നു.
പോലീസ് വീട്ടിലെത്തിയതോടെ പുറത്തേക്കോടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷഫീഖിനെ പോലീസുകാര്‍ പിന്തുടര്ന്ന് പിടികൂടി. പ്രതിയെ ജീപ്പില്‍ കയറ്റാന്‍ അനുവദിക്കാതെ വീട്ടിലുണ്ടായിരുന്നവരും ഒരുസംഘം ലീഗ് പ്രവര്‍ത്തകരും സംഘടിച്ചെത്തി പോലീസിനെ തടയുകയായിരുന്നു. സ്ത്രീകള്‍ അടക്കമുള്ളവര്‍ ഈ സംഘത്തിലുണ്ടായിരുന്നു. എസ്ഐ ബിനോയിയെ ഈ സംഘം റോഡില്‍ തള്ളിയിട്ട ശേഷം ക്രൂരമായി മര്‍ദ്ദിച്ചു.. ഏകദേശം 15 മിനുട്ടോളം സമയം മുസ്ലീംലീഗ് സംഘം പോലീസുകാരെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. ഒടുവില്‍ ബലം പ്രയോഗിച്ചാണ് ഷഫീഖിനെ വണ്ടിയില്‍ കയറ്റി പോലീസ് സംഘം സ്ഥലം വിട്ടത്.
അരിയിലില്‍ സിപിഎം സംഘം കൊലപ്പെടുത്തിയ എംഎസ്എഫ് പ്രവര്ത്തകന് അരിയില്‍ ഷുക്കൂറിന്റെ സഹോദരനാണ് ഫഷീഖ്. പോലീസ് അക്രമത്തില്‍ ഷഫീഖിന്റെ മാതാവ് ആത്തിക്ക(60) അടക്കം ഏതാനും ലീഗുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും എസ്ഐ ഉള്‍പ്പെടെയുള്ളവരെ അക്രമിക്കുകയും ചെയ്തതിന് 25 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: