കണ്ണൂര്‍: ആറളം ഫാമിലെ ആദിവാസികളുടെ വിവിധ വിഷയങ്ങളുന്നയിച്ച് കലക്ട്രേറ്റിന് മുന്നില്‍ സിപിഎം നടത്തിവന്ന തുടികൊട്ടി രാപ്പകല്‍ സമരം അവസാനിപ്പിച്ചു. തങ്ങള്‍ മുന്നോട്ട് വെച്ച വിവിധ ആവശ്യങ്ങള്‍ മുഖ്യമന്ത്രി അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചതെന്നാണ് സിപിഎം നേതൃത്വം വ്യക്തമാക്കിയത്.
എന്നാല്‍ സമരം എങ്ങിനെ അവസാനിപ്പിക്കണമെന്നറിയാതെ വഴിമുട്ടിയ സിപിഎം നേതൃത്വം മുഖ്യമന്ത്രിയെ കണ്ട് തടിയൂരുകയായിരുന്നു. കാട്ടാന ശല്യത്തില്‍ നിന്ന് ആദിവാസികളെ സംരക്ഷിക്കാന്‍ കരിങ്കല്‍ഭിത്തി നിര്‍മ്മിക്കുക, ആദിവാസികളുടെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുക, വയനാട് നിന്നും ആറളത്തെത്തിയവര്ക്ക് റേഷന്‍ കാര്‍ഡ് അനുവദിക്കുക, ഫാമിലെ 73 ആദിവാസി തൊഴിലാളികള്‍ക്ക് സ്ഥിര നിയമനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സിപിഎം സമരം ആരംഭിച്ചത്.
എന്നാല്‍ ആദിവാസി ഗോത്രമഹാസഭ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ നില്പ് സമരത്തെതുടര്‍ന്ന് മുഖ്യമന്ത്രി പരിഹരിക്കാമെന്ന് ഉറപ്പ് നല്കിയ വിഷയങ്ങള്‍ തന്നെയാണ് ഇന്നലെ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സിപിഎം നേതാക്കള്‍ ഉന്നയിച്ചത്.
നേരത്തെ പരിഹരിച്ച വിഷയമെന്ന നിലക്ക് പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി സിപിഎം നേതാക്കളോട് പറയുകയും ചെയ്തു. ആവേശപൂര്‍വ്വം ആരംഭിച്ച സമരം 12 ദിവസമായപ്പോഴേക്കും തുടര്‍ന്ന് കൊണ്ട് പോകാന്‍ സാധിക്കാതെ സിപിഎം നേതൃത്വം പ്രതിസന്ധിയിലായിരുന്നു. ഒരു വിഭാഗം ആദിവാസികള്‍ സമരം നടത്തി തീരുമാനമായ വിഷയങ്ങളുന്നയിച്ച് വീണ്ടും സമരം നടത്തുന്നതിനെ പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം എതിര്‍ത്തിരുന്നു.
സമരം ആരംഭിച്ചത് മുതല്‍ തന്നെ ജനപങ്കാളിത്തം കുറവായിരുന്നു. പ്രധാന നേതാക്കള്‍പോലും സമര സ്ഥലത്തെത്തിയില്ലെന്നതാണ് വസ്തുത. സമരപ്പന്തലില്‍ വര്‍ഗബഹുജന സംഘടനകളുടെ സാന്നിധ്യമുണ്ടാകുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചിരുന്നുവെങ്കിലും അതും പ്രാവര്‍ത്തികമായില്ല. ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ആദിവാസി ക്ഷേമസമിതി എന്ന പേരില്‍ സംഘടന രൂപീകരിച്ചിരുന്നുവെങ്കിലും കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
തങ്ങളെ കൊണ്ട് ചെയ്യിച്ച സമരം വിജയിച്ചു എന്ന് ആദിവാസികളെ വിശ്വസിപ്പിക്കാനാണ് സിപിഎം നേതൃത്വം കാസര്‍കോഡ് പോയി മുഖ്യമന്ത്രിയെ കണ്ടത്. ജില്ലാ സമ്മേളനം പടിവാതില്‍ക്കലെത്തി നില്‍ക്കെ സ്വന്തം സ്ഥാനമുറപ്പിക്കാന്‍ നെട്ടോട്ടമോടുന്ന സിപിഎം നേതൃത്വത്തിന് ആദിവാസികളുടെ സമരത്തെ ശ്രദ്ധിക്കാനായില്ല എന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: