തൃശൂര്‍: ജില്ലയില്‍ പലയിടങ്ങളില്‍ നിന്നായി നിരവധി ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച് വില്പന നടത്തിയ സംഘത്തിലെ നാലുപേരെകൂടി ഒല്ലൂര്‍ പോലീസ് അറസ്റ്റുചെയ്തു. എളവള്ളി ചക്കാണ്ടന്‍ വീട്ടില്‍ സുധാകരന് മകന് സുജിത്ത്(19), പ്രായപൂര്‍ത്തിയാകാത്ത പാവറട്ടി സ്വദേശികളായ മൂന്നുപേരുമാണ് പിടിയിലായത്. തൊയക്കാവ് സ്വദേശി പോക്കാക്കില്ലത്ത് നാസര്‍ മകന് സാബീര്‍(19)നേയും രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളേയും നേരത്തെ അറസ്റ്റുചെയ്തിരുന്നു.
ചിയ്യാരം വാകയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കുറ്റിച്ചിറ സ്വദേശി ലിന്റോയുടെ യമഹ സ്കൂട്ടര്‍, അഞ്ചേരി പല്ലന് കോളനിയില്‍ സുധിയുടെ വീടിന്റെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന ഹോണ്ട ആക്ടീവ , പുത്തൂര്‍ സ്വദേശി ഷിജോയുടെ ഹോണ്ട ഡിയോ, നെല്ലിക്കുന്ന് സ്വദേശി ജെസ്റ്റോയുടെ 150000 രൂപ വിലയുള്ള ഹോണ്ട സി.ബി.ആര് ബൈക്ക്, വടക്കാഞ്ചേരിയില്‍നിന്നും ചിറ്റണ്ട സ്വദേശി ശ്രീജിത്തിന്റെ ഹോണ്ട ഡിയര്‍, കേച്ചേരി സ്വദേശി ഷൈനിയുടെ ആക്ടീവ എന്നിവയും സംഘാംഗങ്ങളില്‍നിന്നും പോലീസ് കണ്ടേടുത്തു.
സംഘത്തലവന് സബീര്‍ വാടകക്കെടുത്ത ഹൂണ്ടായ് ഇയോണ്‍ കാര്‍ ഇടിച്ച കേസില്‍ കേടുപാടുകള്‍ തീര്‍ക്കാനായി 30000 രൂപ ആവശ്യമായി വന്നപ്പോള്‍ ആ തുക കണ്ടെത്തുന്നതിനായാണ് വിദ്യാര്ത്ഥികള്അടക്കമുള്ളവരെ കൂട്ടി മോഷണം ആസൂത്രണം ചെയ്തത്.
ആഡംബര ജീവിതം നയിക്കുന്നതിനും വാഹനങ്ങളോടുള്ള കമ്പവുമാണ് സംഘത്തെ തുടരെ മോഷണത്തിന് പ്രേരിപ്പിച്ചത്. ബൈക്കുകള്‍ മോഷ്ടിച്ചശേഷം ചിറ്റാട്ടുകരയിലുള്ള വര്‍ക്ക്ഷോപ്പില്‍ വെച്ച് രൂപമാറ്റം വരുത്തിയിരുന്നു. യഥാര്‍ത്ഥ നമ്പര്‍ മാറ്റി ഗുരുവായൂര്‍ രജിസ്ട്രേഷനുള്ള നമ്പറുകള്‍ എഴുതിയും ആര്.സി ബുക്കുകള്‍ നഷ്ടപ്പെട്ട വാഹനങ്ങളാണെന്ന് വിശ്വസിപ്പിച്ചുമാണ് ചെറിയ തുകയ്ക്ക് വാഹനങ്ങള്‍ വില്പന നടത്തിയിരുന്നത്. മോഷ്ടിച്ച മറ്റു വാഹനങ്ങള്‍ കണ്ടെടുക്കാന്‍ പോലീസ് ശ്രമമാരംഭിച്ചു.
ഒല്ലൂര്‍ സിഐ ഉമേഷ,് എസ്ഐ എം.പി.രാജേഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ സിപിഒ മാരായ ഷാദത്ത്, പ്രിബു, ജോമോന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: