തൃത്താല: കേരളത്തെ 2016 അവസാനത്തോടെ സമ്പൂര്‍ണ ജൈവ കാര്‍ഷിക സംസ്ഥാനമാക്കിമാറ്റുമെന്നു മന്ത്രി കെ.പി മോഹനന്. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സമ്പൂര്‍ണ്ണ നീര്‍ത്തട പരിപാലന പദ്ധതി ദിനാചരണവും മാസ്റ്റര്‍ പ്ലാന്‍ രൂപീകരണ സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാസവളങ്ങള്‍ മണ്ണിനെയും ആരോഗ്യത്തെയും നശിപ്പിക്കും അതുകൊണ്ടു നാം സമ്പൂര്‍ണ ജൈവകൃഷിരീതികളെ ആശ്രയിക്കണമെന്നും മന്ത്രി പറഞ്ഞു. പഴയകാല കാര്‍ഷിക സംസ്കാരത്തിലേക്കു നാം തിരിച്ചുപോകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മൃഗ സംരക്ഷണവും കൃഷിയും പരസ്പര പൂരകങ്ങളായാല് മാത്രമെ മികച്ച കാര്‍ഷിക സംസ്കാരം പടുത്തുയര്‍ത്താന്‍ കഴിയുകയുള്ളുവെന്നും തൃത്താലയില്‍ ഭൂമി വിട്ടു നല്കിയാല് കാര്‍ഷിക ഉല്പന്നങ്ങള് സൂക്ഷിക്കുന്നതിനും വിപണനം ചെയ്യുന്നതിനും കാര്‍ഷികചന്ത 50 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മ്മിക്കാന്‍ ഗവണ്മെന്റ് സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.
വെറും രണ്ടുവര്‍ഷം കൊണ്ട് കര്‍ഷകരുടെ സഹകരണത്തോടെ തൃത്താലയിലെ 300 ഹെക്ടര്‍ തരിശു ഭൂമിയില്‍ കൃഷി നടത്താന്‍ സാധിച്ചതായും, മഹത്തായ കാര്‍ഷിക സംസ്കാരമുള്ള തൃത്താലയില്‍ ഒരു തുണ്ടു ഭൂമി പോലും തരിശായിക്കിടക്കാന്‍ അനുവദിക്കില്ലെന്നും അധ്യക്ഷ പ്രസംഗത്തില്‍ വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു.
തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ത്താ പത്രികയായ ഉറവിന്റെ പ്രകാശനവും ചടങ്ങില്‍ വെച്ചു മന്ത്രി നീര്‍ത്തട പരിപാലന പദ്ധതി ഡയറക്ടര്‍ ടി.വി ജോര്‍ജിനു നല്കികൊണ്ടു നിര്‍വ്വഹിച്ചു .വെജിറ്റബിള്‍-ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ (വി.എഫ്.പി.സി.കെ)പച്ചക്കറി-ഫലവര്‍ഗ്ഗ വിത്ത് വിതരണോദ്ഘാടനം കെ.പി മുഹമ്മദ് എന്ന കര്‍ഷകനു നല്കികൊണ്ടു മന്ത്രി നിര്‍വ്വഹിച്ചു.
വിശ്വനാഥന്, അബ്ദുള്ള ഹാജി, ഉണ്ണികൃഷന്, സൈതലവി, മുഹമ്മദ് കുട്ടി, പ്രദീപ്, അച്ചുതന് കുട്ടി തുടങ്ങിയ മാതൃക കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. 22 കോടി രൂപയാണ് ഈ പദ്ധതിയിലൂടെ തൃത്താലയില്‍ ചിലവഴിക്കുന്നത്. നീര്‍ത്തട പരിപാലന പദ്ധതി തൃത്താലയിലെ എല്ലാ പഞ്ചായത്തുകളിലും മികച്ചരീതിയിലാണ് നടപ്പിലാക്കിവരുന്നത്.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളകുട്ടി .ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്, സിപിഐഎം ഏരിയാ സെക്രട്ടറിയും മുന്‍എം എല്‍ എയുമായ വി.കെ ചന്ദ്രന് മുസ്ലീം ലീഗ് പ്രതിനിധി പി ഇ എ സലാം മാസ്റ്റര്‍, ബി ജെ പി പ്രതിനിധി എന്‍.പി രാജന്, പഞ്ചായത്ത് പ്രസിഡന്റ്മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, തൃത്താല ബി ഡി ഒ എസ് ദാനം, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: