തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ കെ.എം. മാണിക്കെതിരെ ആരോപണമുന്നയിച്ച തനിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ബിജുരമേശ് മുഖ്യമന്ത്രിക്കും ആഭ്യന്ത്രമന്ത്രിക്കും ഡിജിപിക്കും കത്ത് നല്കി. എന്നാല്‍ തനിക്ക് കത്ത് കിട്ടിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ കത്ത് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെയും ആഭ്യമന്ത്രിയുടെയും ഓഫീസില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യാഴാഴ്ച ബിജുരമേശ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും കത്തയച്ചത്. കത്ത് ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ വ്യാഴാഴ്ച വൈകിട്ട് 6.56ന് ലഭിച്ചിട്ടുണ്ടെന്ന് ബിജുരമേശിന് മറുപടി ലഭിച്ചിരുന്നു. ഇന്നലെ രാവിലെ പ്രതിനിധി വഴിയും ബിജുരമേശ് ആഭ്യന്തരമന്ത്രിക്ക് കത്ത് നല്കി. എന്നിട്ടും മാധ്യമങ്ങളോട് തനിക്ക് കത്ത് കിട്ടിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. കത്ത് കിട്ടിയാല്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സംരക്ഷണം ആവശ്യപ്പെട്ട് നല്കിയ കത്തില്‍ തുടര്‍നടപടിയെടുക്കാന്‍ ഇന്റലിജന്‍സ് എഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേരളത്തില്‍ സ്വാധീനവും അധികാരവുമുള്ള ഒരു കൂട്ടം രാഷ്ട്രീയ നേതാക്കന്മാര് ഉള്‍പ്പെടെയുള്ളവര്‍ തനിക്കെതിരെ ഭീഷണി കലര്‍ന്ന രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങളും പദപ്രയോഗനങ്ങളും രഹസ്യമായും, പരസ്യമായും നടത്തിവരുന്നതും അജ്ഞാതര്‍ എന്നെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുന്നതും കൂട്ടി വായിക്കുമ്പോള്‍ തന്റെ ജീവന് വലിയ അപകടത്തിലാണെന്ന് ആശങ്കപ്പെടുന്നതായി സംരക്ഷണം ആവശ്യപ്പെട്ട കത്തില്‍ ബിജുരമേശ് പറയുന്നു. അതിനാല്‍ വിവിധ തരത്തിലുള്ള ഭീഷണി നേരിടുന്ന തന്റെ ജീവനും സ്വത്തും സംരക്ഷിക്കാനും തന്റെയും കുടുംബത്തിന്റെയും സ്ഥാപനങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താനും പോലീസ് സംരക്ഷണം നല്കാന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കത്തില്‍ പറയുന്നു.
ഇതിനിടെ കഴിഞ്ഞ 9ന് അര്‍ദ്ധരാത്രി ബിജു രമേശിന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന തമിഴ് യുവാവിനെതിരെ കേസെടുക്കാതെ പോലീസ് പറഞ്ഞുവിട്ടത് ദുരൂഹതയുണര്‍ത്തുന്നു. അര്‍ദ്ധരാത്രി 1.30 ഓടെ വീടിന്റെ ടെറസില്‍ ചിലര്‍ കയറാന്‍ ശ്രമിക്കുകയും ഇതില്‍ ഒരാളെ സെക്യൂരിറ്റി ജീവനക്കാര്‍ പിടികൂടി ഫോര്‍ട്ട് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. ഇതേക്കുറിച്ച് രണ്ട് ദിവസം കഴിഞ്ഞ് അന്വേഷിച്ചപ്പോള്‍ കേസൊന്നും എടുക്കാതെ പറഞ്ഞുവിട്ടുവെന്നായിരുന്നു പോലീസിന്റെ മറുപടി. അര്‍ദ്ധരാത്രി വീട്ടില്‍ അതിക്രമിച്ചു കടന്ന വ്യക്തിയെക്കുറിച്ച് യാതൊരു അന്വേഷണവും നടത്താതെ പറഞ്ഞുവിട്ടുവെന്നു പറയുന്ന പോലീസ് നടപടിയില്‍ ദുരൂഹതയുണ്ടെന്നും ബിജുരമേശ് പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജുരമേശ് സിറ്റിപോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും നല്കിയ കത്തിലും ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: