കൊച്ചി: മലബാര്‍ സിമന്റ്സിലെ അഴിമതിയെ എതിര്‍ത്തതിന്റെ പേരില്‍ മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രനും രണ്ട് കുട്ടികളും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ട് നാല് വര്‍ഷം തികഞ്ഞിട്ടും കൊലപാതകത്തിന്റെയും അഴിമതിയുടെയും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. അന്വേഷണം അട്ടിമറിക്കുന്നത് ഭരണകൂടവും രാഷ്ട്രീയ നേതൃത്വങ്ങളുമാണെന്ന് ശശീന്ദ്രന്റെ സഹോദരന് പറയുന്നു.
ശശീന്ദ്രനും കുട്ടികളും കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ സിബിഐക്ക് നല്‍കിയിട്ടും അതേക്കുറിച്ച് യാതൊരു അന്വേഷണവും നടത്താതെ ദുര്‍ബലമായ മനഃശാസ്ത്ര വാദഗതികള്‍ നിരത്തിയാണ് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ചാക്ക് രാധാകൃഷ്ണന്റെ വീട്ടില്‍നിന്നും ഓഫീസില്‍നിന്നും മലബാര്‍ സിമന്റ്സിലെ അഴിമതിയുമായി ബന്ധപ്പെട്ട ഒറിജിനല്‍ രേഖകളും ഉന്നത രാഷ്ട്രീയ നേതാക്കളുടെ അവിശുദ്ധ അനാശാസ്യ ഇടപാടുകള്‍ സൂചിപ്പിക്കുന്ന സിഡികളും പിടിച്ചെടുത്തതിന് ശേഷമാണ് സിബിഐ അന്വേഷണം ദുര്‍ബലമാക്കിയത്.
സംസ്ഥാന വിജിലന്‍സ് ഡയറക്ടറും സംസ്ഥാന പോലീസ് മേധാവിയും വിദേശബന്ധമുള്ള മലബാര്‍ സിമന്റ്സ് അഴിമതി കേസുകള്‍ സിബിഐക്ക് വിടേണ്ടതാണെന്ന് ചൂണ്ടിക്കാണിച്ച് അഞ്ച് കത്തുകള്‍ സര്‍ക്കാരിന് നല്‍കിയിട്ടും ശശീന്ദ്രന്റെ മരണ കാരണം മാത്രം സിബിഐ അന്വേഷിച്ചാല്‍ മതി എന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിക്കുകയായിരുന്നു.
ഉന്നത രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ മുന്‍ എം.ഡി.സുന്ദരമൂര്‍ത്തിയേയും സൂര്യനാരായണനെയും മറ്റു ചില ഉദ്യോഗസ്ഥരെയും നിയമവിരുദ്ധമായി നിയമിച്ച് അഴിമതിക്ക് സാഹചര്യമൊരുക്കിയതും അന്വേഷണവിധേയമാക്കണമെന്ന് സഹോദരന് ആവശ്യപ്പെടുന്നു.
ശശീന്ദ്രന്റെയും കുട്ടികളുടെയും കൊലപാതകത്തെക്കുറിച്ചും സിബിഐ അന്വേഷിക്കുക, ശശീന്ദ്രന് കേസുമായി ബന്ധപ്പെട്ട സതീന്ദ്ര കുമാറിന്റെ കൊലപാതകവും മലബാര്‍ സിമന്റ്സിലെ അഴിമതികളും അനധികൃത നിയമനങ്ങളും കോഴയും സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരിക,
യാക്കര പുഴയോരത്തും മറ്റും തീരദേശ നിയമം ലംഘിച്ച് ഫ്ളാറ്റ് സമുച്ചയത്തിന് നിര്‍മാണ അനുമതി നല്‍കിയതിന് പിന്നിലെ അഴിമതികള്‍ അന്വേഷിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ശശീന്ദ്രന്റെയും കുട്ടികളുടെയും കൊലപാതകത്തിന്റെ നാലാം അനുസ്മരണ സത്യഗ്രഹ സമരം കൊല്ലങ്കോട് ഇന്ന് നടക്കും. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭ സുരേന്ദ്രന്, സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: