ന്യൂദല്‍ഹി: കേരളത്തിനനുവദിച്ച എയിംസിന് സ്ഥലം കണ്ടെത്താന്‍ സഹായം തേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചു. മാസങ്ങള്‍ പിന്നിട്ടിട്ടും തര്‍ക്കങ്ങള്‍ മൂലം സംസ്ഥാനത്ത് എയിംസിനാവശ്യമായ സ്ഥലം കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ആവശ്യവുമായി സംസ്ഥാന ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദയെ സന്ദര്‍ശിച്ചു.
വിവിധ മന്ത്രിമാരും എംപിമാരും തമ്മിലുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ എയിംസിനായി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ നാലു സ്ഥലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധക സംഘത്തെ അയച്ച് സ്ഥലമേതെന്ന് തീരുമാനിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. പരിശോധക സംഘത്തെ എത്രയും വേഗം അയക്കണമെന്നും നിവേദനത്തിലൂടെ വി.എസ് ശിവകുമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിശോധിച്ച ശേഷം സംഘത്തെ അയക്കാമെന്ന് കേന്ദ്രആരോഗ്യമന്ത്രി മറുപടി നല്കി.
സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ ആരോഗ്യമിഷന് 2015-16 വര്‍ഷത്തേക്കായി അധിക സാമ്പത്തിക സഹായം അനുവദിക്കണം, കൊച്ചി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് പദ്ധതിക്കായി 450 കോടി അനുവദിക്കണം, തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബറ്റിസിന് സാമ്പത്തിക സഹായം നല്‍കണം എന്നീ ആവശ്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രആരോഗ്യമന്ത്രിയോട് ഉന്നയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അടുത്ത മാസം കേന്ദ്രമന്ത്രി ജെ.പി നദ്ദ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: