തിരുവനന്തപുരം: കനത്ത സുരക്ഷയ്ക്കിടയിലും സെക്രട്ടേറിയറ്റിനുള്ളില്‍ മന്ത്രി കെ.എം. മാണിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. ബാര്‍കോഴ അഴിമതിക്കേസില്‍ മന്ത്രി കെ.എം.മാണി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകരാണ് സെക്രട്ടറിയേറ്റിനുള്ളില്‍ മുദ്രാവാക്യം വിളികളോടെ കരിങ്കൊടി പ്രതിഷേധ പരമ്പര നടത്തിയത്. മൂന്നിടങ്ങളിലായി നടത്തിയ പ്രതിഷേധത്തില്‍ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ 10.30ഓടെയാണ് ആദ്യ പ്രതിഷേധം അരങ്ങേറിയത്.
ദര്‍ബാര്‍ ഹാളില്‍ നടന്ന പ്രീ ബജറ്റ് ചര്‍ച്ചക്കിടയിലേക്കാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ എത്തിയത്. പ്രതിഷേധക്കാരാണെന്ന് തിരിച്ചറിയാതിരിക്കാന്‍ ഉദ്യോഗസ്ഥരെപ്പോലെ വസ്ത്രം ധരിച്ചാണ് ഇവരെത്തിയത്. ദര്‍ബാര്‍ ഹാളിന് മുന്നിലെത്തിയതോടെ അഴിമതി വീരന് മാണി രാജി വയ്ക്കണമെന്ന മുദ്രാവാക്യങ്ങളോടെ കരിങ്കൊടി വീശുകയായിരുന്നു.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ വിനീത്, ഷാജു, അനൂപ്,വിഘ്നേശ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സെക്രട്ടേറിയറ്റിനകത്തെ ദര്‍ബാര്‍ഹാളില്‍ സംഘടിപ്പിച്ച പരിപാടിക്ക് വന്‍ പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ക്ഷണിക്കപ്പെട്ട അഥിതികളെ മാത്രമാണ് പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഹാളിലേക്ക് കടത്തി വിട്ടത്. ഐ ഡി കാര്‍ഡും ദേഹ പരിശോധനയ്ക്കും ശേഷമാണ് ഇവരെ പോലും കടത്തി വിട്ടത്. മന്ത്രി എത്തുന്നത് വരെ മാധ്യമപ്രവര്‍ത്തകരെയും അകത്ത് വിട്ടില്ല.
കണ്ടോന്റ്മെന്റ് എസി സ്പെഷ്യല്‍ ബ്രാഞ്ച് എസി എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സുരക്ഷ ഒരുക്കിയിട്ടും പ്രതിഷേധക്കാര്‍ അകത്തെത്തിയത് പോലീസിനെയും വലച്ചു. ആദ്യ സംഘത്തെ അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെ സമര ഗേറ്റിന് മുന്നിലും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. കരിങ്കൊടി വീശി ഗേറ്റ് മറികടക്കാന്‍ ശ്രമിച്ച ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. സന്തോഷ്, രാജീവ്, എം.എസ്. പ്രശാന്ത്, കൃഷ്ണകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇതിന് പിന്നാലെ മന്ത്രിയെ കാണണമെന്നാവശ്യപ്പെട്ട് ഇടത് കൗണ്‍സിലര്‍മാര്‍ ദര്‍ബാര്‍ ഹാളിന് മുന്നിലെത്തി. കയറ്റിവിടില്ലെന്ന് പോലീസ് പറഞ്ഞതോടെ മന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. ഷാജിതാ നാസര്‍, ചിത്രാഷാജി, , എസ്. ഷീല, രാജേഷ് എന്നിവരാണ് പ്രതിഷേധവുമായെത്തിയത്. ഹാളിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കാന്‍ ശ്രമിച്ച ഇവരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
നേരത്തെ വഴുതക്കാട് റസ്റ്റ് ഹൗസില്‍ നടത്താനിരുന്ന പ്രീ ബജറ്റ് ചര്‍ച്ച മാണിക്കെതിരെ ഉയരുന്ന പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സെക്രട്ടേറിയറ്റിനുള്ളിലെ ദര്‍ബാര്‍ ഹാളിലേക്ക് മാറ്റുകയായിരുന്നു. വന്‍ പോലീസ് കാവലും സുരക്ഷയും ഉറപ്പ് വരുത്തിയിട്ടാണ് മന്ത്രി ഹാളിലെത്തിയത്. ചര്‍ച്ച ആരംഭിച്ച ഉടനെ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി. ചര്‍ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് കാണാന്‍ അവസരം നല്‍കാതെ മന്ത്രി ഓഫീസിലേക്ക് കയറിപ്പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: