ഡിസംബര്‍ ഒമ്പതിന് പുത്തരിക്കണ്ടം മൈതാനത്ത് നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ രാഹുല്‍ജിയുടെ പ്രസംഗം തത്സമയം ജയ് ഹിന്ദ് ടിവി പ്രക്ഷേപണം ചെയ്തു. ഗുരുദേവന്റെയും ചട്ടമ്പിസ്വാമികളുടെയും അയ്യങ്കാളിയുടെയും നാടാണ് കേരളമെന്ന് പറഞ്ഞുകൊണ്ടാണ് രാഹുല്‍ജി പ്രസംഗം തുടങ്ങിയത്.
പിറ്റേന്ന് കോണ്‍ഗ്രസ് മുഖപത്ര വീക്ഷണത്തിന്റെ റിപ്പോര്‍ട്ടില്‍ ജിയുടെ പ്രസംഗം വളയ്ക്കുക മാത്രമല്ല ഒടിക്കുകയും ചെയ്തു. നവോത്ഥാന നായകരായ ശ്രീനാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പി സ്വാമികളും തെളിച്ച വഴിയിലൂടെയാണ് കേരളത്തില്‍ കോണ്‍ഗ്രസ് മുന്നേറുന്നത് എന്നാണ് പത്രം ജിയുടെ പ്രസംഗം വിവര്‍ത്തനം ചെയ്തത്. മുസ്ലിംലീഗിന്റെയും കേരള കോണ്‍ഗ്രസിന്റെയും തോളില്‍ കൈയിട്ടുകൊണ്ട് മാത്രം എഴുന്നേറ്റ് നില്ക്കാന് കഴിയുന്ന ഈ അവശ കോണ്‍ഗ്രസ് എങ്ങനെയാണാവോ നവോത്ഥാന നായകന്മാരുടെ മാര്‍ഗത്തിലൂടെ മുന്നേറുന്നത്?
സ്വാമി വിവേകാനന്ദന്റെ 152-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് നടന്ന സമ്മേളനത്തില്‍ സുധീരന്‍ജി പറഞ്ഞത് ഭാരതസംസ്കാരത്തിന്റെ കെടാത്ത പ്രതീകമാണ് വിവേകാനന്ദന് എന്നാണ്. അതുതന്നെ മുഖ്യന് ചാണ്ടിജിയും ആവര്‍ത്തിച്ചു പറഞ്ഞു. ഇന്ദിരാഭവനില്‍ സ്വാമികളുടെ ചിത്രം ചാണ്ടിജി അനാവരണം ചെയ്തു. ഇപ്പോള്‍ മാത്രമാണ് വിവേകാനന്ദന് കെപിസിസി ഓഫീസില്‍ പ്രവേശനം ലഭിച്ചത്! എന്നാല്‍ വിവേകാനന്ദന്റെ ആശയങ്ങളെ ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന തന്റെ ഗ്രന്ഥത്തില്‍ നെഹ്റുജി സ്വാമികളുടെ ഒരു ഉദ്ബോധനം കൊടുത്തിട്ടുണ്ട്. ‘നിങ്ങള്‍ മതപരമായും സംസ്കാരത്തിലും വാസനാവിശേഷത്തിലും ഏറ്റവും ഉള്ളിലോളം ഒരു ഹിന്ദുവായിരിക്കുക.” നെഹ്റുജി സ്വാമികളെ വിലയിരുത്തുന്നത് കാണുക. ”വിവേകാനന്ദാദികള് ഭാരതത്തിന്റെ അതീതകാല മഹിമാതിരേകവും അതിനെക്കുറിച്ച് തങ്ങള്‍ക്കുള്ള അഭിമാനവും ഊന്നിപ്പറഞ്ഞ് അതിന് ജനങ്ങളുടെമേല്‍ വിശേഷിച്ച് ഹിന്ദുക്കളുടെമേല്‍ ഉണ്ടായിട്ടുള്ള ഫലത്തെക്കുറിച്ചാണ് ചിന്തിച്ചിരുന്നത്.” അമേരിക്കക്കാര്‍ വിവേകാനന്ദനെ ”ഹിന്ദു കൊടുങ്കാറ്റ്” എന്ന് വിളിച്ചതും നെഹ്റുജി സ്മരിക്കുന്നുണ്ട്.
സ്വാമികള്‍ അഭിസംബോധന ചെയ്തത് ഹിന്ദുക്കളെയായിരുന്നു എന്ന് നെഹ്റുജി തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ വിഴിഞ്ഞത്ത് ഹിന്ദുക്കളോട് അഭ്യര്‍ത്ഥന നടത്തി സംസാരിച്ച സുരേഷ് ഗോപിയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസുകാര്‍ക്ക് ചരിത്രബോധവും രാഷ്ട്രീയ സാക്ഷരതയും കമ്മിയാണെന്നു പറയേണ്ടതില്ലല്ലോ? കെപിസിസി ഓഫീസില്‍ വിവേകാനന്ദന്റെ ഫോട്ടോ സ്ഥാപിച്ചതിലൂടെ കോണ്‍ഗ്രസ് നല്കുന്ന സന്ദേശം മാത്രമേ സുരേഷ് ഗോപിയുടെ പ്രസംഗത്തിലും ഉള്ളൂ.
ജനസ്വാധീനം നഷ്ടപ്പെട്ട് മുങ്ങിത്താഴുന്ന ഭാരതത്തിലെ പ്രതിപക്ഷകക്ഷികള്‍ക്കും വിവാദങ്ങള്‍ സൃഷ്ടിക്കാത്ത ഒരു പ്രധാനമന്ത്രി അധികാരത്തിലേറിയതിനാല്‍ വാര്‍ത്താ ദാരിദ്ര്യം നേരിടുന്ന ചാനലുകള്‍ക്കും വീണുകിട്ടിയ ഒരു കച്ചിതുരുമ്പായിരുന്നു ഘര്‍വാപസി. കേരളത്തില്‍ മതംമാറിപ്പോയവരെ തിരികെ ഹിന്ദുധര്‍മത്തിലേക്ക് സ്വീകരിക്കുന്ന ചടങ്ങുകള്‍ തുടങ്ങിവച്ചത് ഗുരുദേവനാണ്.
ഘര്‍ വാപസി നടത്തുന്നവര്‍ ബിപിഎല്‍ കാര്‍ഡ് വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്തു എന്നാണ് ആരോപണം. തങ്ങളുടെ ദളിത് കുഞ്ഞാടുകള്‍ക്ക് അര്‍ഹതപ്പെട്ട ബിപിഎല്‍ കാര്‍ഡ് പോലും വാങ്ങിക്കൊടുക്കുവാന്‍ സഭയ്ക്ക് കഴിഞ്ഞില്ലെന്ന് സാരം.
സ്വര്‍ഗരാജ്യം ലഭിക്കുമെന്ന് പറഞ്ഞ് മതംമാറ്റിയിട്ട് കേവലം ബിപിഎല്‍ കാര്‍ഡുപോലും പാവങ്ങള്‍ക്ക് വാങ്ങി നല്കാന് സഭയ്ക്ക് കഴിഞ്ഞില്ല! ചട്ടമ്പിസ്വാമികളുടെ ക്രിസ്തുമത ച്ഛേദനം, കുമാരനാശാന്റെ മതപരിവര്‍ത്തന രസവാദം തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെ കേരളീയ സമൂഹം വളരെ മുന്‍പേ ചര്‍ച്ച ചെയ്ത ഈ വിഷയത്തെ ഇപ്പോള്‍ ഒരു ഭൂകമ്പമാക്കി മാറ്റാന്‍ ശ്രമിച്ച പ്ലാസ്റ്റിക് മതേതരവാദികള്‍ പരാജയമടയുന്ന കാഴ്ചയാണ് ജനം കണ്ടത്.
മലയാളത്തിലെ ആദ്യത്തെ സിനിമയായ വിഗതകുമാരന് നിര്‍മിച്ച ജെ.സി.ഡാനിയേലിന്റെ പേരില്‍ കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഈ വര്‍ഷം എംടിക്കാണ് ലഭിച്ചത്. മലയാളത്തില്‍ ആദ്യത്തെ മഹാകാവ്യമെഴുതിയ അഴകത്ത് പത്മനാഭക്കുറുപ്പിന്റെ പേരിലോ ആദ്യനോവല്‍ എഴുതിയ അപ്പു നെടുങ്ങാടിയുടെ പേരിലോ ആദ്യത്തെ ചെറുകഥ എഴുതിയ കുഞ്ഞിരാമന് നായനാരുടെ പേരിലോ കേരളസര്‍ക്കാര്‍ അവാര്‍ഡ് ഏര്പ്പെടുത്താത്തതെന്ത്? എന്തുകൊണ്ടെന്നാല്‍ ദാനിയേല്‍ ദാനിയേലാകുന്നു. ഭൂമിയില്‍ വോട്ടുബാങ്കുള്ളവര്ക്ക് സമാധാനം! ആ മീന്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: