ന്യൂദല്‍ഹി: ഭീകരര്‍ക്ക് പാക്കിസ്ഥാനില്‍ സുരക്ഷിത താവളം ഒരുക്കുന്ന നടപടി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും 2011 സപ്തംബറില്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിലെ പ്രതികളെ പാക്കിസ്ഥാന് നിയമത്തിനു മുന്പില് കൊണ്ടുവരണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ.
ഭാരത സന്ദര്‍ശനത്തിനു മുന്നോടിയായി ഒരു ഇംഗഌഷ് മാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യം തുറന്നടിച്ചത്. ഭീകരതയ്ക്ക് എതിരെ അമേരിക്ക പാക്കിസ്ഥാനുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇക്കാര്യം താന്‍ പാക്കിസ്ഥാനോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്, അദ്ദേഹം തുടര്‍ന്നു.
പരസ്പര ബഹുമാനത്തില്‍ അധിഷ്ഠിതമാണ് ഭാരത അമേരിക്കന്‍ ബന്ധം. ഇരു രാജ്യങ്ങളുടേയും താല്‍പ്പര്യങ്ങള്‍ പരസ്പരം അംഗീകരിച്ചിട്ടുമുണ്ട്. നാം ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കും. അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നത്ര പുരോഗതി ബന്ധത്തില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ബന്ധം ആഴത്തിലുള്ളതാക്കാന്‍ കഴിഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 60 ശതമാനമായി ഉയര്‍ത്തി. ഭാരതീയര്‍ക്കും അമേരിക്കക്കാര്‍ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പ്രതിബദ്ധത ഭാരത അമേരിക്കന്‍ പങ്കാളിത്തത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരും. മോദിയുമൊത്ത് പ്രവര്‍ത്തിക്കാനുള്ള അവസരം വ്യക്തമായ പുരോഗതിയുണ്ടാക്കാനുള്ളതാണ്. ഒബാമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: