ന്യൂദല്‍ഹി: മദ്യനയത്തെപ്പറ്റി കൂടുതല്‍ പറയിപ്പിക്കരുതെന്ന താക്കീതു നല്കിയ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പത്തു ബാറുകള്‍ക്ക് ഉടന്‍ ലൈസന്‍സ് നല്കാന് നിര്‍ദ്ദേശിച്ചു. കേരളത്തില്‍ നടക്കുന്നത് അത്ഭുതകരമായ കാര്യങ്ങളാണെന്നും ബാറുകള്‍ക്ക് ലൈസന്‍സ് നല്കുന്നതില് എന്തിനാണ് ഫോര്‍സ്റ്റാര്‍,ത്രിസ്റ്റാര്‍ വിവേചനമെന്നും ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. പത്തുബാറുകള്ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട് സുപ്രീംകോടതി വിധി.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവൃത്തികളെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്. എന്നാല്‍ മനപ്പൂര്‍വ്വം പറയാതിരിക്കുകയാണ്. യാതൊരു കാരണവശാലും അംഗീകരിക്കാനാവാത്ത മദ്യനയമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. പുതിയ വാര്‍ത്തകളാണ് മദ്യനയം സംബന്ധിച്ച് ഓരോദിവസവും കേള്‍ക്കുന്നത്. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുമെന്ന് പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് നല്‍കില്ലെന്ന് പറയുന്നു. ഇതെന്ത് മദ്യനയമാണ്. മദ്യനയത്തിന്റെ പേരില്‍ ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങള്‍ പറഞ്ഞാണ് സര്‍ക്കാര്‍ കോടതിയില്‍ പോകുന്നത്, സുപ്രീംകോടതി വിമര്‍ശിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെന്താണെന്ന് തങ്ങള്‍ക്കറിയാമെന്ന് പറഞ്ഞ കോടതി കാര്യങ്ങളെല്ലാം ഹൈക്കോടതിയില്‍ ധരിപ്പിച്ചാല്‍ മതിയെന്നും സംസ്ഥാനത്തിനു വേണ്ടി ഹാജരായ അഡ്വ.വി.ഗിരിയോട് പറഞ്ഞു. തരുണ്‍ ഗോഗോയ്ക്കൊപ്പം ബെഞ്ചിലിരുന്ന അരുണ്‍ മിശ്ര, ദിവസവും കേരളത്തില്‍ നിന്നുയരുന്ന കോടികളുടെ അഴിമതിക്കഥകളെപ്പറ്റി ഗോഗോയിയോട് പറഞ്ഞതോടെയാണ് അതിരൂക്ഷമായ ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോടതി പ്രതികരണങ്ങള്‍ നടത്തിയത്.
ഹൈക്കോടതി ഉത്തരവിട്ട പത്തുബാറുകളുടെ ലൈസന്‍സ് ഉടന്‍ പുതുക്കി നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 9 ത്രീ സ്റ്റാര്‍ ബാറുകള്‍ക്കും ഒരു ഫോര്‍ സ്റ്റാര്‍ ബാറിനും ലൈസന്‍സ് നല്‍കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. നിലവാരമില്ലെന്ന കാരണത്താല്‍ പൂട്ടിയ 418 ബാറുകളില്‍ ഉള്‍പെടുന്നവ നാലെണ്ണത്തിനുള്പ്പെടെയുള്ള പത്തുബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: