ന്യൂദല്‍ഹി: മുന്‍അദ്ധ്യക്ഷന്‍ എന്‍.ശ്രീനിവാസന് ബിസിസിഐ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ ചെന്നൈ സൂപ്പര്‍കിംഗ്സ് ഉടമ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന് റോയല്‍സ് ഉടമ രാജ് കുന്ദ്രയും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ഇവരുടെ ശിക്ഷ മുന്‍ ചീഫ് ജസ്റ്റിസ് ആര്‍എം ലോധ അദ്ധ്യക്ഷനായ മൂന്നംഗ ജുഡീഷ്യല്‍ സമിതി തീരുമാനിക്കും.
ബിസിസിഐ ഭാരവാഹികളെ ഐപിഎല്‍ ഉടമകളാകാന്‍ അനുവദിക്കുന്ന ബിസിസിഐ ഭരണഘടനയിലെ 6.2.4 ചട്ടം കോടതി റദ്ദാക്കിയിട്ടുണ്ട്. ആറാഴ്ചയ്ക്കം ബിസിസിഐ തെരഞ്ഞെടുപ്പ് നടത്തണമെന്നും ജസ്റ്റിസ് ടി.എസ് താക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. എന്‍.ശ്രീനിവാസനും ചെന്നൈ, രാജസ്ഥാന് ഐപിഎല്‍ ടീമുകള്‍ക്കും വലിയ തിരിച്ചടിയാണ് കോടതി വിധി.
ചെന്നൈ ടീമുടമയും ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന് ടീമുടമ രാജ് കുന്ദ്രയും വാതുവെയ്പ്പില്‍ ഏര്‍പ്പെട്ടെന്ന് കോടതി കണ്ടെത്തി. മെയ്യപ്പനെ സംരക്ഷിക്കാന്‍ ശ്രീനിവാസന് ശ്രമിച്ചതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. വാതുവെയ്പ്പില്‍ ശ്രീനിവാസനെതിരെ തെളിവുകളില്ലെങ്കിലും പങ്കെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
പൊതുസ്ഥാപനമായ ബിസിസിഐയെ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. ചെന്നൈ ടീമിന്റെ ഉടമയായ ശ്രീനിവാസന് ബിസിസിഐ അദ്ധ്യക്ഷ പദവി വഹിച്ചത് ഭിന്നതാല്പ്പര്യമാണ് വ്യക്തമാക്കുന്നത്. ബിസിസിഐ ഭാരവാഹികള്‍ക്ക് സാമ്പത്തിക താല്പ്പര്യമുണ്ടാകാന് പാടില്ലെന്ന് വ്യക്തമാക്കി ഐപിഎല്‍ ഉടമകളാകാന്‍ ബിസിസിഐ ഭാരവാഹികള്‍ക്ക് അവസരമൊരുക്കി 2008ല്‍ ശ്രീനിവാസന് കൊണ്ടുവന്ന ഭേദഗതി കോടതി റദ്ദാക്കുകയും ചെയ്തു.
ഐപിഎല്‍ ടീമുകളായ ചെന്നൈ, രാജസ്ഥാന് എന്നിവയുടെ ഭാവി ആര്‍എം ലോധ അദ്ധ്യക്ഷനായ ജുഡീഷ്യല്‍ സമിതി തീരുമാനിക്കും. വിരമിച്ച ജസ്റ്റിസുമാരായ അശോക് ഭാന്‍, ആര്.വി രവീന്ദ്രന് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍. ഐപിഎല്‍ സിഇഒ ആയിരുന്ന സുന്ദര്രാമനെതിരായ നടപടിയും ലോധയുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനിക്കും. വാതുവെയ്പ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ മെയ്യപ്പന്, രാജ്കുന്ദ്ര എന്നിവര്‍ക്കുള്ള ശിക്ഷ ആറുമാസത്തിനകം ജുഡീഷ്യല്‍ സമിതി പ്രഖ്യാപിക്കും. ജുഡീഷ്യല്‍ സമിതിയുടെ തീരുമാനങ്ങള്‍ അന്തിമമായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: