ന്യൂദല്‍ഹി:രാജ്യത്തെ ആകെ ജനസംഖ്യാ വളര്‍ച്ചയില്‍ മുസ്ലിം മതവിഭാഗത്തിന്റെ വളര്‍ച്ച 24 ശതമാനം. ദേശീയ ജനസംഖ്യാ വര്‍ദ്ധനയുടെ വളര്‍ച്ചാ നിരക്ക് 18 ശതമാനമാണ്. അതേസമയം മുസ്ലിം ജനസംഖ്യ 13.4 ശതമാനത്തില്‍ നിന്ന് 14.2 ശതമാനമായിട്ടുണ്ട്.
2011-ല്‍ പൂര്‍ത്തിയാക്കിയ മതാടിസ്ഥാനത്തിലുള്ള സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരമാണിത്. ഈ റിപ്പോര്‍ട്ട് യുപിഎ സര്‍ക്കാര്‍ പുറത്തുവിടാതിരിക്കുകയായിരുന്നു. രാജ്യത്തെ യഥാര്‍ത്ഥ സാമൂഹ്യ സ്ഥിതിവിവരക്കണക്കറിയാന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശവും പാര്‍ലമെന്റിന്റെ തീരുമാനവും വന്ന സാഹചര്യത്തിലായിരുന്നു പത്തുവര്‍ഷത്തിനു ശേഷം സെന്‍സസ് 2011-ല്‍ എടുത്തത്. പല കാരണങ്ങളാല്‍ പുറത്തു വിടാതെ വെച്ചിരുന്ന ഈ വിവരങ്ങള്‍ വൈകാതെ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു.
2001-2011 സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നത് മുസ്ലിം മതവിഭാഗത്തിന്റെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 13.4 ശതമാനത്തില്‍ നിന്നും 14.2 ശതമാനമായി വര്‍ദ്ധിച്ചുവെന്നാണ്. 1991-2001 ലെ സെന്‍സസില്‍ മുസ്ലിം ജനസംഖ്യയിലെ വര്‍ദ്ധനവ് നിരക്ക് ആകെ ഭാരത ജനസംഖ്യയുടെ 29 ശതമാനമായിരുന്നു. എന്നാല്‍ ഏറ്റവും പുതിയ സെന്‍സസ് കാലത്ത് ഇതില്‍ കുറവുണ്ടായിട്ടുണ്ട്.
എങ്കിലും ദേശീയ ശരാശരിയിലേക്ക് മുസ്ലിം ജനസംഖ്യാ വര്‍ദ്ധന നിരക്കും എത്തണമെന്ന രാജ്യത്തിന്റെ ലക്ഷ്യം കൈവരിക്കാനായില്ല. അതത് സംസ്ഥാനങ്ങളിലെ ആകെ ജനസംഖ്യാ കണക്കുമായി നോക്കുമ്പോള്‍ ജമ്മുകശ്മീരിലാണ് ഏറ്റവുമധികം മുസ്ലിം ജനസംഖ്യ (68.3%) ഉള്ളത്.
ആസാം (34.2%), പശ്ചിമ ബംഗാള്‍ (27%), കേരളം (26.6%), ഉത്തര്‍പ്രദേശ് (19.3%), ബീഹാര്‍ (16.9%), ഝാര്‍ഖണ്ഡ് (14.5%), കര്‍ണ്ണാടക (12.9%), ഉത്തരാഖണ്ഡ് (13.9%), ദല്‍ഹി (12.9%), മഹാരാഷ്ട്ര (11.5%), ആന്ധ്രാപ്രദേശ് (9.6%), ഗുജറാത്ത് (9.1%), മണിപ്പൂര്‍ (8.4%), രാജസ്ഥാന് (9.1%) എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പുതിയ സെന്‍സസ് പ്രകാരമുള്ള മുസ്ലിം ജനസംഖ്യ.
ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം ശക്തമായ ആസാമിലാണ് മുസ്ലിം ജനസംഖ്യയില്‍ ഏറ്റവുമധികം വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. 30.9 ശതമാനത്തില്‍ നിന്നും 34.2 ശതമാനത്തിലേക്കാണ് ആസാമില്‍ ജനസംഖ്യ കൂടിയത്. സമാന പ്രശ്നം അഭിമുഖീകരിക്കുന്ന പശ്ചിമബംഗാളിലും ജനസംഖ്യയില്‍ 1.8 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി.
കേരളത്തില്‍ 2001 മുതല്‍ 2011 വരെയുള്ള പത്തുവര്‍ഷക്കാലം കൊണ്ട് മുസ്ലിം ജനസംഖ്യ 24.7 ശതമാനത്തില്‍ നിന്നും 26.6 ശതമാനമായിട്ടാണ് ഉയര്‍ന്നത്. രാജ്യത്ത് മണിപ്പൂരില്‍ മാത്രമാണ് മുസ്ലിംജനസംഖ്യാ വര്‍ദ്ധനവില്‍ കുറവുണ്ടായത്. 8.8 ല്‍ നിന്നും 8.4 ശതമാനമായാണ് പുതിയ സെന്‍സസ് പ്രകാരമുള്ള മണിപ്പൂരിലെ ജനസംഖ്യാ വര്‍ദ്ധനവ് കുറഞ്ഞത്.
മറ്റു സംസ്ഥാനങ്ങളിലെ മുസ്ലിംജനസംഖ്യാ വളര്‍ച്ചാ ശതമാനം (ബ്രാക്കറ്റില്‍ ആകെ മുസ്ലിം ജനസംഖ്യ ശതമാനം)
ലക്ഷദ്വീപ്- 0.7%(96.2), ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് -0.2% (8.4), ത്രിപുര- 0.6%(8.6), ഗോവ-1.5%(8.4), മധ്യപ്രദേശ്-0.2%(6.6), പോണ്ടിച്ചേരി-0%(6.6), ഹരിയാന-1.2%(7.0), തമിഴ്നാട്- 0.3%(5.9), മേഘാലയ-0.1%(4.4), ഛത്തീസ്ഗഢ്-0%(2.0), ഒറീസ- 0.1%(2.2) ഹിമാചല്‍ പ്രദേശ്- 0.2%(2.2), അരുണാചല്‍ പ്രദേശ്-0.1%(2.0), നാഗാലാന്റ്-0.7%(2.5), പഞ്ചാബ്-0.3%(1.9),സിക്കിം-0.2%(1.6), മിസോറാം-0.3%(1.4)
പ്രതികരിക്കാൻ ഇവിടെ എഴുതുക: