കോഴിക്കോട്: മജീഷ്യന്‍ സുനില്‍ വിസ്മയയുടെ പ്രവചനം തെറ്റിയില്ല. 916 പോയിന്റ് നേടി കോഴിക്കോടും പാലക്കാടും സ്കൂള്‍ കലോത്സവ കിരീടം പങ്കുവെക്കുമെന്ന് സുനില്‍ വിസ്മയ പ്രവചിച്ചത് കലോത്സവത്തിന്റെ മൂന്നാം നാള്. ജനുവരി 17ന് പ്രധാനവേദിയായ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ചേവായൂര്‍ സിഐ സന്തോഷ്, കാലിക്കറ്റ് പ്രസ്സ് ക്ലബ്ല് പ്രസിഡന്റ് കമാല്‍ വരദൂര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ ആരു കപ്പ് സ്വന്തമാക്കുമെന്നും എത്ര പോയന്റു നേടുമെന്നും പേപ്പറില്‍ എഴുതിയ ശേഷം ചെറിയ പെട്ടിക്കുള്ളിലാക്കി അടച്ചു. ചെറിയ പെട്ടി തുടര്‍ന്ന് വലിയ നാല് പെട്ടികള്‍ക്കുള്ളിലാക്കി.
പെട്ടി മീഡിയാകമ്മറ്റി കണ്‍വീനര്‍ കെ. ഷനൂജിനെയും പെട്ടിയുടെ താക്കോല്‍ നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകരായ കെ. എം. നസീറിനും എ.പി. അസീസിനും കൈമാറി. കലോത്സവത്തിന്റെ സമാപനസമ്മേളനത്തില്‍വെച്ച് തത്സമയം പെട്ടി തുറന്ന് തന്റെ പ്രവചനം ലോകത്തെ അറിയിക്കാനായിരുന്നു സുനിലിന്റെ തീരുമാനം. എന്നാല്‍ അതിന് കഴിയാത്തതിനാല്‍ ഇന്നലെ രാവിലെ കോഴിക്കോട് പ്രസ്ക്ലബില്വെച്ച് പെട്ടി തുറന്ന് പ്രവചനം ലോകത്തെ അറിയിക്കുകയായിരുന്നു.
പെട്ടിയുമായി മീഡിയാകമ്മറ്റി കണ്‍വീനര്‍ കെ. ഷനൂജും പെട്ടിയുടെ താക്കോലുമായി അദ്ധ്യാപകരായ കെ. എം. നസീറും എ.പി. അസീസും പ്രസ്ക്ലബില്‍ എത്തി. പെട്ടി പൂട്ട് തുറന്നശേഷം ഓരോ പെട്ടികളായി പുറത്തെടുത്തു. തുടര്‍ന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍വരദൂര്‍ പേപ്പര്‍ എടുത്ത് പേപ്പറില്‍ എഴുതിയത് വായിച്ചു. ഫലപ്രഖ്യാപനം നടത്തിയപ്പോള്‍ എല്ലാവരും ഞെട്ടിപ്പോയി. എഴുതിയതൊന്നും തെറ്റിയില്ല. തുടര്‍ന്ന് സുനിലിന് അഭിനന്ദനപ്രവാഹം. ആരു കിരീടം നേടുമെന്ന് ചോദിച്ചവരോടെല്ലാം കോഴിക്കോടിനും പാലക്കാടിനും കിരീടം കിട്ടുമെന്ന് പറഞ്ഞപ്പോള്‍ അതു വിശ്വസിക്കാന്‍ ആരും തയ്യാറായില്ലെന്ന് സുനില്‍ പറഞ്ഞു. പയ്യന്നൂര്‍ ചെറുപുഴ സ്വദേശിയായ സുനില്‍ നേരത്തെ പയ്യന്നൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവ ഫലവും തത്സമയം പ്രവചിച്ചിരുന്നു. കാലിക്കറ്റ് പ്രസ്ക്ലബ് സെക്രട്ടറി ടി.കെ. ബാലനാരായണനും ചടങ്ങില്‍ പങ്കെടുത്തു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: