ആലപ്പുഴ: ദേശീയ ഗെയിംസിന്റെ ഭാഗമായി ആലപ്പുഴയില്‍ നടക്കുന്ന തുഴച്ചില്‍ മത്സരങ്ങള്‍ക്കുള്ള സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷന് ട്രയല്‍സില്‍ സ്വജനപക്ഷപാതവും ക്രമക്കേടും. ദേശീയ സ്വര്‍ണ മെഡല്‍ ജേതാവിനെ ടീമില്‍ നിന്ന് തഴഞ്ഞു. റോവിങ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി മര്‍ദ്ദിച്ചതായി പരാതി. അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി നല്‍കുമെന്ന് കായികതാരങ്ങള്‍.
ദേശീയ ഗെയിംസിന്റെ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ ആലപ്പുഴയില്‍ ആരംഭിച്ചത് മുതല്‍ വന്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജലകായിക ജനങ്ങളുടെ മത്സരം നടത്തുന്നതിനുള്ള വേദി തെരഞ്ഞെടുത്തതിലും റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും മറ്റും കോടികളുടെ അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നത്. ഒടുവില്‍ ടീമിനെ തെരഞ്ഞെടുത്തതിലും ക്രമക്കേടും അഴിമതിയും നടക്കുന്നതായി കായികതാരങ്ങള്‍ തന്നെ പരാതി ഉന്നയിക്കുന്നു.
ഓപ്പണ്‍ ട്രയലില്‍ പങ്കെടുത്ത് ക്യാമ്പില്‍ പ്രവേശനം ലഭിച്ച തുഴച്ചിലില്‍ ദേശീയതലത്തില്‍ രണ്ടു സ്വര്‍ണ മെഡലുകള്‍ നേടിയ ആലപ്പുഴ മുട്ടാര്‍ സ്വദേശി ജിംസിമോള് മാത്യുവിനെ ടീമില്‍ ഉള്‍പ്പെടുത്താതെ തഴഞ്ഞതാണ് ഒടുവില്‍ വിവാദമായിരിക്കുന്നത്. ഓപ്പണ്‍ ട്രയല്‍സില്‍ പങ്കെടുത്തവരെ മാത്രമേ ക്യാമ്പില്‍ പങ്കെടുപ്പിക്കാവൂവെന്ന ചട്ടം ലംഘിച്ച് അസോസിയേഷന് ഭാരവാഹികള്‍ക്ക് താത്പര്യമുള്ള ചിലരെ ക്യാമ്പില്‍ പങ്കെടുപ്പിക്കുകയും സെലക്ഷന് നല്‍കുകയും ചെയ്തു.
ദേശീയതലത്തില്‍ മെഡലുകള്‍ വാരിക്കൂട്ടിയ നിരവധി താരങ്ങള്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടപ്പോള്‍ ഭാരവാഹികളുടെ താത്പര്യം മാത്രം പരിഗണിച്ച് പലരും ടീമില്‍ കയറിപ്പറ്റുകയും ചെയ്തു. ഇത്തരം ക്രമക്കേടുകള്‍ക്കെതിരെ പത്രസമ്മേളനം നടത്തി പ്രതികരിച്ചതിന് വാട്ടര്‍ സ്പോര്‍ട്സ് ട്രെയിനിങ് സെന്റര്‍ സെക്രട്ടറി കെ.എസ്. റെജിയെ കഴിഞ്ഞദിവസം സെക്രട്ടറി ശ്രീകുമാരക്കുറുപ്പ് മര്‍ദ്ദിച്ചതായും പരാതിയുണ്ട്. ഇതുസംബന്ധിച്ച് റെജി ജില്ലാ പോലീസ് ചീഫിന് പരാതി നല്കി.
റോവിങ് അസോസിയേഷന് സെക്രട്ടറിക്കെതിരെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിരവധി അന്വേഷണങ്ങള്‍ നിലവില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ക്യാമ്പുകളില്‍ പങ്കെടുത്ത കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ദിനബത്ത പോലും വിതരണം ചെയ്തിട്ടില്ലെന്നും പരാതിയുണ്ട്. അതിനിടെ ഗെയിംസ് നടത്തിപ്പിന്റെ മറവില്‍ ചതുപ്പു നിലം നികത്താനുള്ള അധികൃതരുടെ നീക്കത്തിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കോമളപുരം വില്ലേജ് ഓഫീസര്‍ ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. ധൂര്‍ത്ത്, അഴിമതി, സ്വജനപക്ഷപാതം തുടങ്ങി സര്‍വത്ര ക്രമക്കേടാണ് ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ നടക്കുന്നതെന്ന് വ്യാപകമായ ആക്ഷേപമുയര്‍ന്നുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: