ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ച് അഭിമുഖം നല്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി രംഗത്തെത്തിയത് കോണ്‍ഗ്രസിനെ പുലിവാലു പിടിപ്പിച്ചു. നരേന്ദ്രമോദി ദേശീയതയുടെ മുഖമാണെന്നും പുതിയ യുഗത്തിന് തുടക്കം കുറിച്ചയാളാണെന്നും ഒരു വെബ് പോര്‍ട്ടലിനു നല്കിയ അഭിമുഖമാണ് വിവാദമായിരിക്കുന്നത്. ദ്വിവേദിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ദ്വിവേദിക്കെതിരായി അച്ചടക്ക നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിച്ചു.
ദ്വിവേദിയുടെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്നും ദ്വിവേദിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും കോണ്‍ഗ്രസിന്റെ മുഖ്യവക്താവ് അജയ് മാക്കന് പറഞ്ഞു. കോണ്‍ഗ്രസിന്റെ 120 വര്‍ഷം പഴക്കമുള്ള സൈദ്ധാന്തിക നിലപാടുകളെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും ദ്വിവേദിയോട് വിശദീകരണം ചോദിച്ചതായും പരിശോധിച്ച് നടപടിയെടുക്കുമെന്നും അജയ് മാക്കന് പറഞ്ഞു. അതേ സമയം പാര്‍ട്ടി തളളിപ്പറഞ്ഞതോടെ മോദിയെപ്പറ്റി പറഞ്ഞത് തെറ്റായി ചിത്രീകരിച്ചതാണെന്ന വിശദീകരണവുമായി ജനാര്‍ദ്ദന്‍ ദ്വിവേദിയും രംഗത്തെത്തി.
നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളുമായി വളരെയധികം അടുത്തു കഴിഞ്ഞിരിക്കുന്നു. മോദിയുടെ തെരഞ്ഞെടുപ്പ് വിജയം ഭാരതീയതയുടെ വിജയമാണ്. മോദി തന്റെ നിലപാടുകളും ലക്ഷ്യങ്ങളും രാജ്യത്തെ ജനങ്ങളുമായി പങ്കുവെയ്ക്കുകയും ചെയ്യുന്നു, വിവാദമായ അഭിമുഖത്തില്‍ ദ്വിവേദി പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി കര്‍ശന നിലപാട് സ്വീകരിച്ചതോടെ മോദിയെ രാജ്യത്തിന്റെ പ്രതീകമെന്ന് ആരെങ്കിലും വിശേഷിപ്പിക്കുമോയെന്ന പുതിയ നിലപാടുമായി ദ്വിവേദി പ്രസ്താവന നടത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് ഹൈക്കമാന്റ് ദ്വിവേദിയുടെ പ്രസ്താവനയ്ക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ അച്ചടക്ക സമിതി ഇക്കാര്യം പരിശോധിച്ച് ദ്വിവേദിക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: