ന്യൂദല്‍ഹി: ത്രിദിന സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് അപ്രതീക്ഷിത സമ്മാനം നല്‍കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി ഒബാമയ്ക്ക് അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഒരുങ്ങുന്നത്.
കഴിഞ്ഞ വര്‍ഷം അമേരിക്ക സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മാര്ട്ടിന് ലൂഥര്‍ കിങിന്റെ സ്മൃതിണ്ഡപത്തിലേക്ക് പ്രോട്ടോക്കോള്‍ ലംഘിച്ച് അമേരിക്കന്‍ പ്രസിഡന്റ് എത്തിയത് നയതന്ത്രരംഗത്ത് വലിയ അത്ഭുതമായിരുന്നു. 25ന് രാവിലെ മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിലെത്തുന്ന ഒബാമയ്ക്കൊപ്പം മോദിയും പ്രോട്ടോക്കോളുകള്‍ മറന്ന് പോകുമെന്ന സൂചനകള്‍ ശക്തമാണ്.
രാഷ്ട്രപതിഭവനിലെ ഗാര്‍ഡ് ഓഫ് ഓണറിനു ശേഷം മോദികൂടി അമേരിക്കന്‍ സംഘത്തോടൊപ്പം രാജ്ഘട്ടിലെത്തിയാല് ഇരുരാഷ്ട്രത്തലവന്മാര്ക്കിടയിലെ ബന്ധം കൂടുതല്‍ ദൃഢമാകുമെന്നാണ് വിദേശകാര്യവിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ ആഗ്രയില്‍ താജ്മഹല്‍ സന്ദര്‍ശനത്തിനായി നരേന്ദ്രമോദി ഒബാമയ്ക്കൊപ്പം പോകാനുള്ള സാധ്യതകള്‍ വിരളമാണെന്നും വിദേശകാര്യവിദഗ്ധര്‍ പറയുന്നു. ഒബാമ ആഗ്രയില്‍ നിന്നും നേരെ അമേരിക്കയിലേക്ക് മടങ്ങാനാണ് സാധ്യത.
ഇതിനു പുറമേ ഇരു രാഷ്ട്രത്തലവന്മാരും ചേര്‍ന്ന് സംയുക്ത റേഡിയോ പ്രഭാഷണം നടത്തും.
അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഇരുവരും ചേര്‍ന്ന് വാഷിങ്ടണ്‍ ദിനപത്രത്തില്‍ നമുക്കൊരുമിച്ച് മുന്നേറാം എന്ന തലക്കെട്ടില്‍ സംയുക്ത മുഖപ്രസംഗം എഴുതിയിരുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം മാസത്തില്‍ ഒരു തവണ ‘മന് കീ ബാത്’ എന്ന പേരില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന പ്രത്യേക പ്രഭാഷണ പരിപാടി ആരംഭിച്ചിരുന്നു. ഇതേ മാതൃകയില്‍ ഒബാമയും മോദിയും ചേര്‍ന്ന് റേഡിയോ പ്രഭാഷണം നടത്തും.
ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങിന്റെ സന്ദര്‍ശന വേളയില്‍ ഗുജറാത്തിലെ ഗാന്ധിആശ്രമത്തില്‍ ഇരു രാഷ്ട്രനേതാക്കളും മിനിറ്റുകളോളം തനിച്ചു ചിലവഴിച്ച അപൂര്‍വ്വ നിമിഷങ്ങള്‍ ഉണ്ടായിരുന്നു. അതേ മാതൃകയിലുള്ള മറ്റൊരു പരിപാടികൂടി ഒബാമയുടെ യാത്രയുടെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.
ഒബാമയുടെ സന്ദര്‍ശനത്തെപ്പറ്റി ഭാരത വംശജനായ പുതിയ അമേരിക്കന്‍ അംബാസിഡര്‍ റിച്ചാര്‍ഡ് വര്‍മ്മ വിശേഷിപ്പിക്കുന്നത് ഭാരത-അമേരിക്കന്‍ ബന്ധത്തിന്റെ ഏറ്റവും അനിര്‍വചനീയമായ നിമിഷങ്ങളാണ് സംഭവിക്കാന്‍ പോകുന്നത് എന്നാണ്. പ്രതിവര്‍ഷം നടക്കുന്ന ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറില്‍ നിന്നും 500 ബില്യണിലേക്ക് ഉയര്‍ത്താനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: