മുംബൈ: ഭാരതത്തില്‍ നാലിടത്ത് ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഭീകരസംഘം പാക്കിസ്ഥാനില്‍ നിന്ന് പുറപ്പെട്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. പാക്കിസ്ഥാനില്‍ നിന്നുള്ള ജിഹാദി സംഘടനകളായ ജമാത്ത് ഉദ്ദുവ, ലഷ്‌കര്‍ ഇ തയിബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവ ഭീകരാക്രമണത്തിനായി നാല് സംഘങ്ങളെ ഭാരതത്തിലേക്ക് അയച്ചിട്ടുണ്ടെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ മഹാരാഷ്‌ട്ര പോലീസിനെ അറിയിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ മാസം 28നു മുന്‍പ് ആക്രമണം നടത്തുമെന്നാണ് വിവരം. നാല് സംഘങ്ങളില്‍ ഒരെണ്ണം മഹാരാഷ്‌ട്ര കേന്ദ്രമാക്കിയാണ് ആക്രമണം നടത്തുക. രണ്ടാമത്തേത് രാജസ്ഥാനിലും മൂന്നാമത്തേത് ഉത്തര്‍പ്രദേശിലും നാലാമത്തേത് ഒഡീഷയിലുമാണ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. മഹാരാഷ്‌ട്രയില്‍ പ്രസിദ്ധമായ സിദ്ധിവിനായക ക്ഷേത്രത്തിനു നേര്‍ക്കാണ് ഭീകരരുടെ ഭീഷണി. ഇതേത്തുടര്‍ന്ന് മുംബൈയില്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ചകളിലാണ് ക്ഷേത്രത്തില്‍ ജനങ്ങള്‍ കൂടുതല്‍ വരുന്നത്. ഈ ദിവസം കേന്ദ്രീകരിച്ച് ആക്രമണം ഉണ്ടാകുമെന്നാണ് വിവരം.
മുംബൈയില്‍ ആക്രമണം നടത്താന്‍ പദ്ധതി തയ്യാറാക്കിയത് അബ്ദുല്ല അല്‍ ഖുറേഷി, നാസിര്‍ അലി, ജാവേദ് ഇക്ബാല്‍, മൊബിദ് സെമാന്‍, ഷംസീര്‍ എന്നിവരാണെന്നുള്ള വിവരവും ഐ.ബി പുറത്തുവിട്ടു. ഒഡീഷയിലെ പൂരി, രാജസ്ഥാനിലെ അജ്‌മേര്‍, ഉത്തര്‍പ്രദേശിലെ വരാണസിയും അലഹബാദും തുടങ്ങി ലോക പ്രശസ്തമായ സ്ഥലങ്ങളാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്.
യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ സഹായത്തോടെ ഭീകരര്‍ ഭാരതത്തില്‍ പലയിടത്തും ആക്രമണത്തിനു പദ്ധതിയിടുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലഷ്‌കര്‍ ഇ തോയ്ബ തലവന്‍ ഹാഫീസ് സയ്യിദാണ് ഐഎസ്‌ഐയുടെ സഹായത്തോടെ പദ്ധതി തയ്യാറാക്കി 60ലേറെ ഭീകരരെ പഞ്ചാബ് പ്രവിശ്യയിലൂടെ അതിര്‍ത്തി കടത്തിവിടാന്‍ ശ്രമിക്കുന്നത്. കശ്മീരില്‍ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് അരിനാ സെക്ടറില്‍ സൈനിക ക്യാമ്പിന് നേരെ നാല് ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഇതേ മാതൃകയില്‍ തന്നെയാണ് ആക്രമണ പദ്ധതി ഒരുക്കുന്നതെന്നാണ് സൂചന.
















