ആലപ്പുഴ: റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനുള്ള ഫോട്ടോയെടുപ്പ് ദുരിതമാകുന്നു. മണിക്കൂറുകള്‍ കാത്ത് നിന്ന് ജനം വലയുന്നു. രാഷ്ട്രീയ സ്വാധീനവും ഉദ്യോഗസ്ഥ സ്വാധീനവും ഉള്ളവര്‍ നിമിഷങ്ങള്‍ക്കകം ഫോട്ടോയെടുത്ത് മടങ്ങുമ്പോഴാണ് സാധാരണക്കാര്‍ മൂന്നും നാലും മണിക്കുറുകള്‍ കാത്തിരുന്നത് വലയുന്നത്. ഒരു റേഷന്‍ കടയിലുള്ള മുഴുവന്‍ കാര്‍ഡുടമകളുടെയും ഫോട്ടോയെടുക്കാന്‍ ഒരുദിവസം മാത്രം അനുവദിച്ചതും പ്രശ്നം സൃഷ്ടിക്കുന്നു.
നാന്നൂറ് മുതല്‍ ആയിരത്തി ഇറുന്നൂറോളം കാര്‍ഡുടമകള്‍ വരെ ഒരു കടയ്ക്ക് കീഴിലുണ്ട്. കൂടുതല്‍ കാര്‍ഡുടമകളുള്ള ക്യാമ്പുകളില്‍ ഫോട്ടോയെടുപ്പിന് കൂടുതല്‍ സൗകര്യമൊരുക്കാന്‍ തയാറാകുന്നില്ല. 200 കാര്‍ഡുടമകളുടെ ഫോട്ടോയെടുപ്പിന് ഒരു ലാപ്ടോപ് എന്നാണ് സര്‍ക്കാര്‍ കണക്കാക്കിയിരുന്നത്. കൂടുതല്‍ കാര്‍ഡുടമകളുള്ള റേഷന്‍ കടയുള്ള ക്യാമ്പുകളില്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍ സിഡിറ്റിനും കുടുംബശ്രീക്കും കഴിഞ്ഞില്ല.
ഇതേത്തുടര്‍ന്നാണ് പ്രായമായ സ്ത്രീകള്‍ക്കടക്കം കൂടുതല്‍ നേരം കാത്തുനില്‍ക്കേണ്ട സ്ഥിതിയുണ്ടായത്. ഇത് ഫോട്ടോയെടുപ്പ് കേന്ദ്രങ്ങളില്‍ പലയിടത്തും ബഹളത്തിനിടയാക്കുന്നു. കാത്തുനില്‍പ്പ് ഒഴിവാക്കാനായി ടോക്കണ്‍ സമ്പ്രദായം പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു.
ടോക്കണ്‍ വാങ്ങി വീട്ടില്‍ പോയി തിരികെയെത്തുമ്പോള്‍ കാര്‍ഡുടമയുടെ ഊഴം കഴിഞ്ഞിട്ടുണ്ടാകും. ഊഴം കഴിഞ്ഞയാളെ ക്രമം തെറ്റിച്ച് കയറ്റുമ്പോള്‍ പലയിടത്തും ബഹളമുണ്ടായി. ചിലയിടങ്ങളില്‍ ടോക്കണിനു പകരം റേഷന്‍ കാര്‍ഡ് വാങ്ങിവച്ച് ക്രമത്തില്‍ ഫോട്ടോയെടുപ്പിന് വിളിച്ചെങ്കിലും ടോക്കണ്‍ ഏര്‍പ്പെടുത്തിയ അതേ പ്രശ്നമുണ്ടായി. തുടര്‍ന്ന് ഇതും വേണ്ടെന്നുവച്ചു. ആധാര്‍ കാര്‍ഡ്, വാട്ടര്‍ കണക്ഷന്, പാചകവാതക കണക്ഷന് തുടങ്ങിയ രേഖകളുടെ പരിശോധന നടത്താന്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.
ഒരു കാര്‍ഡുടമയുടെ ഫോട്ടോയെടുക്കാന്‍ പരമാവധി രണ്ടു മിനിട്ട് സമയം മതിയെങ്കിലും രേഖകളും മറ്റും പരിശോധിക്കാന്‍ പത്തു മിനിട്ടിലധികം വേണ്ടി വരുന്നു. രേഖകളുടെ പകര്‍പ്പ് വാങ്ങിവച്ച ശേഷം ഫോട്ടോയെടുത്ത് വിട്ടാല്‍ തിരക്ക് ഒഴിവാക്കാനാകുമെന്നാണ് കാര്‍ഡുടമകള്‍ പറയുന്നത്. എന്നാല്‍ സാധാരണക്കാര്‍ ഫോട്ടോയെടുക്കാന്‍ മണിക്കൂറുകള്‍ കാത്തു നിന്ന് വലയുമ്പോള്‍ സ്വാധീനമുള്ളവര്‍ യാതൊരു ബുദ്ധുമുട്ടും അനുഭവിക്കാതെ നിമിഷങ്ങള്‍ക്കകം കാര്യം സാധിച്ച് മടങ്ങുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: